|    Jun 23 Sat, 2018 2:21 am
FLASH NEWS

അഞ്ചുകുന്ന് ടാര്‍ മിക്‌സിങ് പ്ലാന്റ് : കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം: സിപിഐ

Published : 22nd January 2017 | Posted By: fsq

 

മാനന്തവാടി: അഞ്ചുകുന്ന് വില്ലേജില്‍ ജനവാസകേന്ദ്രത്തില്‍ നിയമവിരുദ്ധമായി ടാര്‍ മിക്‌സിങ് പ്ലാന്റ് ആരംഭിക്കാന്‍ ഒത്താശ ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു സിപിഐ പനമരം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്ലാന്റേഷന്‍ ഭൂമിയില്‍പെട്ട മൂന്നര ഏക്കര്‍ സ്ഥലത്തെ കൃഷി നശിപ്പിച്ച് വന്‍തോതില്‍ മണ്ണിടിച്ച് പ്ലാന്റ് സ്ഥാപിക്കുന്നതിന് വില്ലേജ് ഓഫിസര്‍ അടക്കമുള്ളവരാണ് കൂട്ടുനില്‍ക്കുന്നത്. പാവപ്പെട്ട ആളുകള്‍ അഞ്ചു സെന്റ് സ്ഥലത്ത് വീടുവയ്ക്കാന്‍ പോലും വില്ലേജ് ഓഫിസില്‍ കയറിയിറങ്ങി അനുമതി വാങ്ങേണ്ടിവരുമ്പോഴാണ് വന്‍കിടക്കാര്‍ക്ക് മൂന്നര ഏക്കര്‍ സ്ഥലം നിരത്താനും വന്‍തോതില്‍ മണ്ണ് നീക്കം ചെയ്യാനും സാധിച്ചത്. വില്ലേജ് ഓഫിസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നത്. ഹോളോബ്രിക്‌സ് നിര്‍മാണകേന്ദ്രം തുടങ്ങാനെന്നു തെറ്റിദ്ധരിപ്പിച്ചാണ് മണ്ണെടുപ്പ് ആരംഭിച്ചത്. എന്നാല്‍, ടാര്‍ മിക്‌സിങ് പ്ലാന്റാണ് സ്ഥാപിക്കുന്നതെന്നു മനസ്സിലാക്കിയ നാട്ടുകാര്‍ എതിര്‍പ്പുമായി വില്ലേജ് ഓഫിസറെ സമീപിച്ചു. കാര്യങ്ങള്‍ വേണ്ടവിധം പരിശോധിച്ച് നടപടിയെടുക്കാന്‍ വില്ലേജ് ഓഫിസര്‍ തയ്യാറായില്ല. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം തുടങ്ങിയ ശേഷം വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍, മണ്ണ് നീക്കംചെയ്യാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ സ്ഥലത്തുണ്ടായിട്ടും കണ്ടുകെട്ടാന്‍ അധികൃതര്‍ തയ്യാറായില്ല. വാഹനങ്ങള്‍ കൊണ്ടുപോവാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. ഉന്നതാധികാരികളുടെ ഇടപെടലിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ടവര്‍ അതിന് ഒത്താശ ചെയ്യുകയാണ്. ഇതിനെതിരേ റവന്യൂമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഇ ജെ ബാബു, കെ പി രാജന്‍, സുധ സുരേഷ്, ആലി തിരുവാര്‍, സതീഷ് ബാബു പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss