|    Apr 22 Sun, 2018 4:58 am
FLASH NEWS

അഞ്ചില്‍ അഞ്ചുമെന്ന് യുഡിഎഫും എല്‍ഡിഎഫും; അക്കൗണ്ട് തുറക്കുമെന്ന് ബിജെപി

Published : 26th April 2016 | Posted By: SMR

പത്തനംതിട്ട: ഭരണത്തുടര്‍ച്ചയ്ക്ക് 5 എംഎല്‍എമാരെ സംഭാവന ചെയ്ത് ജില്ലയില്‍ സമ്പൂര്‍ണ വിജയം സ്ഥാപിക്കുമെന്ന് യുഡിഎഫ്. അന്തസാര്‍ന്ന ഭൂരിപക്ഷത്തോടെ അഞ്ചു സീറ്റും തങ്ങള്‍ പിടിക്കുമെന്ന് എല്‍ഡിഎഫ്. ഇക്കുറി പത്തനംതിട്ടയില്‍ നിന്ന് തങ്ങള്‍ക്കും എംഎല്‍എമാരുണ്ടാവുമെന്ന് എന്‍ഡിഎ. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനഹിതം 2016 പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മൂന്നു മുന്നണികളുടെയും ജില്ലാ അമരക്കാര്‍ പ്രതീക്ഷകള്‍ പങ്കുവച്ചത്.
ജില്ലയിലെ വികസന പ്രശ്‌നങ്ങളും സംസ്ഥാന-ദേശീയ രാഷ്ട്രീയവും ചൂടേറിയ ചര്‍ച്ചയ്ക്ക് വിധേയമായ സംവാദത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്നിവരാണ് പങ്കെടുത്തത്. ബിജു കുര്യന്‍ മോഡറേറ്ററായിരുന്നു.
ബാബു ജോര്‍ജ്
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ജില്ലയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബാബു ജോര്‍ജ് പറഞ്ഞു. മുന്നണിയുടെ 5 സ്ഥാനാര്‍ഥികളും സ്വീകാര്യരാണ്. കോന്നിയില്‍ സമാനതകളില്ലാ വികസനനേട്ടവുമായാണ് അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും സ്വീകാര്യനല്ലാത്തയാളാണ് ഇടതുസ്ഥാനാര്‍ഥി.
റാന്നിയില്‍ വികസനരംഗത്തെ രാജു ഏബ്രഹാമിന്റെ പരാജയം ചര്‍ച്ചയാവും. എം സി ചെറിയാന്‍ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മറിയാമ്മ ചെറിയാനിലൂടെ തുടര്‍ച്ച ലഭിക്കും.
നിര്‍മാണം പുരോഗമിക്കുന്ന കെഎസ്ആര്‍ടിസി വ്യാപാര സമുച്ചയം അടക്കം മികച്ച വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ് ശിവദാസന്‍നായരും വോട്ടുതേടുന്നത്. ആറന്മുളയിലെ ഇടതുസ്ഥാനാര്‍ഥിക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല. വര്‍ഗീയ പ്രീണനം നടത്തി വോട്ടുകള്‍ നേടാനാണ് അവരുടെ ശ്രമം. നാലു തവണ എംഎല്‍എ ആയ പാരമ്പര്യവുമായാണ് ജോസഫ് എം പുതുശ്ശേരി തിരുവല്ലയില്‍ മല്‍സരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ റേറ്റിങ് അനുസരിച്ച് കേരളത്തിലെ മണ്ഡലങ്ങളില്‍ 140ാം സ്ഥാനത്താണ് അടൂര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചിറ്റയം ഗോപകുമാര്‍ അട്ടിമറിച്ചു. സര്‍ക്കാരിനെതിരേ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയിലാണ് സ്ഥാനാര്‍ഥിത്വത്തിനെതിരേ മുന്നണിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായത്. ഇനിയും ഒരു സ്ഥാനാര്‍ഥിക്കെതിരേയും ഒരു അപശബ്ദവും ഉണ്ടാവില്ല. ബിജെപി കേരളത്തില്‍ ഒരിടത്തും അക്കൗണ്ട് തുറക്കില്ല.
അലക്‌സ് കണ്ണമല
ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാവുമെന്ന് അലക്‌സ് കണ്ണമല പറഞ്ഞു. 5 വര്‍ഷം ജില്ലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് പറയാന്‍ യുഡിഎഫ് നേതൃത്വത്തിന് കഴിയില്ല. തിരുവല്ല കെഎസ്ആര്‍ടിസി കോംപ്ലക്‌സും വള്ളകുളം പാലവും വി എസ് സര്‍ക്കാര്‍ തുടക്കമിട്ടതാണ്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഒരു പദ്ധതിയും നടപ്പാക്കിയില്ല. 44 കോടി രൂപ അടങ്കലുണ്ടായിരുന്ന പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയം പദ്ധതി അട്ടിമറിച്ചു. ഇപ്പോള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 8 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ യോഗ്യത ആദ്യം ചോദ്യം ചെയ്തത് കെപിസിസി പ്രസിഡന്റു തന്നെയാണ്. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിക്കെതിരേ രംഗത്തുവന്നത് പി ജെ കുര്യനുമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ തിരുവല്ലയിലെ വികസനം മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. അടൂര്‍ വികസനരംഗത്ത് പിന്നാക്കം പോവാന്‍ 15 വര്‍ഷം എംഎല്‍എ ആയിരുന്ന തിരുവഞ്ചൂരാണ് ഉത്തരവാദി. റാന്നിയില്‍ കൊള്ളാവുന്ന കോണ്‍ഗ്രസുകാര്‍ ആരും മല്‍സരിക്കാന്‍ തയ്യാറായില്ല. ആറന്മുളയ്ക്ക് വേണ്ടി ശിവദാസന്‍നായര്‍ക്ക് ഒരു ബൃഹത്പദ്ധതി പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
നിയമസഭയില്‍ വനിതാ അംഗങ്ങള്‍ക്കെതിരേ മോശമായി പെരുമാറിയ ശിവദാസന്‍നായര്‍ക്കെതിരേ തി്കഞ്ഞ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് വനിതാ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയത്. പൗരന്‍മാര്‍ എന്തുകഴിക്കണം എന്നു പോലും തീരുമാനിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരായ വിധിയെഴുത്തുകൂടിയായി തിരഞ്ഞെടുപ്പ് മാറും.
അശോകന്‍ കുളനട
ഇടതു-വലതു മുന്നണി സംവിധാനങ്ങള്‍ക്ക് ബദലായി എന്‍ഡിഎ സഖ്യം തിരുത്തല്‍ ശക്തിയായി മാറുമെന്ന് അശോകന്‍ കുളനട. രണ്ടുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രയോജനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജില്ലയിലെ 5 മണ്ഡലങ്ങളിലും അടിസ്ഥാന പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണ്. പ്രാദേശിക വികസന ഫണ്ട് ചെലവഴിക്കുന്നതാണ് കൊട്ടിഘോഷിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വികസന സാധ്യത മുന്‍നിര്‍ത്തി പ്രത്യേക പാക്കേജ് രൂപീകരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss