|    Jan 23 Mon, 2017 3:45 am
FLASH NEWS

അഞ്ചാമത്തെ സീ ഫുഡ് കിച്ചണ്‍ പൂക്കോട് തുടങ്ങി

Published : 8th February 2016 | Posted By: SMR

കല്‍പ്പറ്റ: മല്‍സ്യത്തൊഴിലാളി സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ അഞ്ചാമത്തെ സീ ഫുഡ് കിച്ചണ്‍ പൂക്കോട് തടാകക്കരയില്‍ പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ഗുണഭോക്താക്കാളായ വനിതകളുടെ സ്വയം പര്യാപ്തതയ്ക്കും കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സംരംഭം ഉതകുമെന്നു മന്ത്രി പറഞ്ഞു. കാരാപ്പുഴ നെല്ലാറച്ചാല്‍ പട്ടികവര്‍ഗ ഫിഷറീസ് സഹകരണ സംഘത്തിന് സെന്‍ട്രല്‍ ഇന്‍ലാന്റ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ബംഗളൂരു) അനുവദിച്ച എട്ടു ഫൈബര്‍ കൊട്ടത്തോണി വിതരണോദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമന്‍ (സാഫ്) തീരമൈത്രി പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലുള്ള തങ്ങള്‍ക്കുന്ന് പട്ടികവര്‍ഗ കോളനിയിലെ പുലരി സ്വയംസഹായ സംഘത്തിന് അനുവദിച്ചതാണ് സീ ഫുഡ് കിച്ചണ്‍. തങ്ങള്‍ക്കുന്ന് കോളനിയിലെ ഓമന, തുളസി, ബീന, സരിത, രാധ ബിന്ദു എന്നിവരാണ് പുലരി സ്വയംസഹായ സംഘത്തിലെ അംഗങ്ങള്‍. കടല്‍ മല്‍സ്യങ്ങളുടെയും തദ്ദേശ മല്‍സ്യ ഇനങ്ങളുടെയും പാചകത്തിലും അതിഥികളോടുള്ള പെരുമാറ്റത്തിലും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍.
ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് പൂക്കോട്. പ്രകൃതിദത്ത ശുദ്ധജലതടാകവും ഹരിതതീരങ്ങളുമാണ് കേന്ദ്രത്തിന്റെ സവിശേഷത. വിദേശത്തു നിന്നടക്കം ദിവസവും നൂറുകണക്കിനു സഞ്ചാരികളെത്തുന്ന ഇവിടെ സീ ഫുഡ് കിച്ചണിലൂടെ വിവിധയിനം മല്‍സ്യങ്ങള്‍ രുചികരമായും പാരമ്പര്യത്തനിമ ചോരാതെയും പാചകം ചെയ്തു മിതമായ നിരക്കില്‍ ലഭ്യമാക്കുമെന്നു പുലരി സംഘം പ്രസിഡന്റ് പ്രസിഡന്റ് സരിത, സെക്രട്ടറി തുളസി പറഞ്ഞു.
ഉദ്ഘാടനദിനമായ ഇന്നലെ അപ്പവും വേവിച്ച കപ്പയും കറിവച്ചതും വറുത്തതുമായ മല്‍സ്യങ്ങളുമാണ് സംഘാംഗങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയത്. കപ്പ പ്ലേറ്റിന് 20 രൂപയാണ് വില. വിപണിവില അടിസ്ഥാനമാക്കിയായിരിക്കും പാകംചെയ്ത മല്‍സ്യയിനങ്ങള്‍ക്ക് വിലയിടുക.
പൂക്കോട് തടാകക്കരയില്‍ എട്ടു ലക്ഷം രൂപ അടങ്കലിലാണ് സീ ഫുഡ് കിച്ചണ്‍ യാഥാര്‍ഥ്യമാക്കിയതെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറും സാഫ് നോഡല്‍ ഓഫിസറുമായ ബി കെ സുധീര്‍ കിഷന്‍ പറഞ്ഞു. ഇതില്‍ ആറു ലക്ഷം രൂപ സംരംഭത്തിനാവശ്യമായ സ്ഥിര മൂലധന സാമഗ്രികളും പ്രവര്‍ത്തന മൂലധനവുമായി സാഫ് ലഭ്യമാക്കിയതാണ്.
രണ്ടു ലക്ഷം രൂപ ഗുണഭോക്താക്കള്‍ ബാങ്ക് വായ്പയായി തരപ്പെടുത്തിയതും. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന റിപോര്‍ട്ട് അവതരിപ്പിച്ചു.
വൈത്തിരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം വി വിജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി ജോസ്, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പൂക്കോടന്‍, സലീം മേമന, പി ടി വര്‍ഗീസ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി പി അബു, സി കുഞ്ഞമ്മദുകുട്ടി, ഒ കെ മൂസ ഹാജി, ഋഷികുമാര്‍, എം വി ബാബു, സി പി അഷ്‌റഫ് സന്നിഹിതരായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക