|    Jan 19 Thu, 2017 8:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അഞ്ചാം പനിക്കെതിരേ സൗജന്യ കുത്തിവയ്പ്പ്

Published : 20th September 2016 | Posted By: SMR

ദോഹ: അഞ്ചാം പനി, മുണ്ടി വീക്കം, റൂബെല്ല എന്നിവയ്‌ക്കെതിരേ അടുത്ത മാസം ഖത്തറില്‍ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് കാംപയ്ന്‍ നടത്തുന്നു. 12 മാസം മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ എംഎംആര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുക. 2020ഓടെ അഞ്ചാം പനി വൈറസുകളെ ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ട് ആഗോള തലത്തില്‍ നടത്തുന്ന കാംപയ്‌ന്റെ ഭാഗമാണ് പരിപാടി. രാജ്യത്തെ 2,80,000 കുട്ടികള്‍ക്ക് ഇക്കാലയളവില്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഡിഫ്തീരിയ, ടെറ്റനസ് എന്നിവയ്‌ക്കെതിരായി ഖത്തറില്‍ ഇതിന് മുമ്പ് നടത്തിയ പ്രതിരോധ കുത്തിവയ്പ്പ് കാംപയ്ന്‍ വിജയകരമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ രോഗങ്ങള്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള കുട്ടികളില്‍ അഞ്ചാം പനി കണ്ടെത്തിയതായി കഴിഞ്ഞ ഏപ്രിലില്‍ പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവി ഹമദ് അല്‍റുമൈഹി പറഞ്ഞിരുന്നു. രോഗം തടയാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പൊതു ക്ലിനിക്കുകളും ചില സ്വകാര്യ ക്ലിനിക്കുകളും പുതിയ കാംപയ്‌നില്‍ സഹകരിക്കും. അതോടൊപ്പം മന്ത്രാലയം ജീവനക്കാര്‍ രാജ്യത്തെ സ്‌കൂളുകളും സന്ദര്‍ശിക്കും. അടുത്ത മാസം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനുള്ള ഷെഡ്യൂള്‍ തയ്യാറാക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയതായി അധികൃതരെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. സ്‌കൂളുകളില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിക്കും.
രണ്ട് ഡോസ് എംഎംആര്‍ വാക്‌സിന്‍ എടുത്തിട്ടില്ലാത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം പാര്‍ക്ക് ഹൗസ് ഇംഗ്ലീഷ് സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കുത്തിവയ്പ്പ് എടുക്കുന്നതിന് ആരോഗ്യപരമായ തടസ്സമുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ള കുട്ടികളെ മാത്രമേ ഇതില്‍ നിന്ന് ഒഴിവാക്കൂ.
വൈറസ് മൂലമുണ്ടാകുന്ന ശക്തമായ പകര്‍ച്ച വ്യാധിയാണ് അഞ്ചാം പനി(കരുവന്‍). ലോക തലത്തില്‍ തന്നെ കുട്ടികള്‍ക്കിടയിലെ പ്രധാന മരണ കാരണമാണ് ഈ രോഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒരാഴ്ച നീളുന്ന ശക്തമായ പനിയാണ് ഇതിന്റെ ആദ്യ ലക്ഷണം. തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക