|    Oct 22 Mon, 2018 4:10 pm
FLASH NEWS

അഞ്ചാംപനി-റൂബല്ല പ്രതിരോധ മരുന്ന് നല്‍കി കുട്ടികളെ സുരക്ഷിതരാക്കണം: കലക്ടര്‍

Published : 21st September 2017 | Posted By: fsq

 

ആലപ്പുഴ: ഒക്‌ടോബര്‍ മൂന്നിന് ആരംഭിക്കുന്ന അഞ്ചാംപനി (മീസില്‍സ്), റൂബല്ല പ്രതിരോധ കുത്തിവയ്പിലൂടെ കുട്ടികളെ രോഗംവരാതെ സുരക്ഷിതരാക്കാന്‍ മാതാപിതാക്കളുടെയടക്കം സഹകരണം വേണമെന്ന് ജില്ലാ കലക്ടര്‍ ടിവി അനുപമ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അവര്‍.  ഒമ്പതിനും 15നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ് നല്‍കാനാണ് ജില്ല ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധവകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കലക്ടര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരേയും പ്രതിരോധയജ്ഞത്തില്‍ പങ്കാളികളാക്കും. കുത്തിവയ്പ് നല്‍കുന്നത് കൂടുതലും വിദ്യാര്‍ഥികള്‍ക്കായതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യസ വകുപ്പ് നടപ്പാക്കുന്നത്. എല്ലാ സ്‌കൂളുകളിലും നോഡല്‍ ഓഫിസറായി അധ്യപകരെ തിരഞ്ഞടുത്ത് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ അതത് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അവരുടെ അധ്യാപകര്‍ക്കും കുത്തിവയ്പ്പിന്റെ പ്രാധാന്യം സംബന്ധിച്ച് ക്ലാസുകള്‍ നല്‍കി വരുകയാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്‍സിസി, സ്‌കൗട്ട്, ഗൈഡ്‌സ്,എന്‍എസ്എസ്.-യൂത്ത് ക്ലബ്ബ് വോളന്റിയര്‍മാര്‍, കുടുംബശ്രീ-ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലനം ഈ ആഴ്ച പൂര്‍ത്തിയാവും. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകള്‍, അങ്കണവാടികളില്‍ വച്ചും പിന്നീട് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവയ്പ്പ് സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം. വീടുകളിലെത്തി കുത്തിവയ്‌പ്പെടുക്കില്ല. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് ഡോ. പ്രതാപചന്ദ്രന്‍ മീസില്‍സ്-റൂബല്ലാ രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സിദ്ധാര്‍ത്ഥന്‍, ഡോ. ജമുനാ വര്‍ഗീസ്, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. കെബി മോഹന്‍ദാസ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ജി ശ്രീകല സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss