|    Jul 21 Sat, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഞ്ചാംപനി : റുബെല്ല വാക്‌സിനേഷന്‍ മൂന്നു മുതല്‍

Published : 21st September 2017 | Posted By: fsq

 

പത്തനംതിട്ട: മീസില്‍, റുബെല്ല എന്നീ മാരക രോഗങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ഒക്‌ടോബര്‍ മൂന്നു മുതല്‍ സൗജന്യ വാക്‌സിനേഷന്‍ ആരംഭിക്കും. ഒമ്പതു മാസം മുതല്‍ 15 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഇതുവരെ നല്‍കിയിട്ടുള്ള പ്രതിരോധ വാക്‌സിനു പുറമേ എംആര്‍ വാക്‌സിന്റെ ഒരു ഡോസ് കൂടി നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകള്‍, അങ്കണവാടികള്‍, സബ്‌സെന്ററുകള്‍, ഗവ. ആശുപത്രികള്‍, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ വിതരണം നടക്കും. കുഞ്ഞിന്റെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെ വളരെ പെട്ടെന്നു പകരുന്ന അസുഖമാണിത്. കുഞ്ഞിന്റെ ജീവന് ഹാനികരമായേക്കാവുന്ന ന്യൂമോണിയ, വയറിളക്കം, തലച്ചോറിലെ അണുബാധ എന്നിവയ്ക്ക് മീസില്‍സ് കാരണമാവാം. ശക്തമായ പനിയോടുകൂടി ശരീരം ചുവന്നു തടിക്കുക, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന റുബെല്ല സിആര്‍എസിന് കാരണമാവും. ഗര്‍ഭസ്ഥനവജാത ശിശുവിനെയും ഇതു ഗുരുതരമായി ബാധിക്കാം. റുബെല്ല ബാധിതരായ ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് ജന്‍മനാ ഉള്ള കാഴ്ചത്തകരാറുകള്‍ (തിമിരം, ഗ്ലൂക്കോമ), കേള്‍വി ഇല്ലായ്മ, ബധിരത, ഹൃദ്രോഗങ്ങള്‍ എന്നിവ ഉണ്ടാവാം. ഒമ്പതു മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കു പ്രതിരോധമരുന്ന് നല്‍കണം. നേരത്തെ എംആര്‍ പ്രതിരോധ മരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടിക്കു പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായുള്ള കുത്തിവയ്പ് നിര്‍ബന്ധമായും നല്‍കണം. മീസില്‍സ്, റുബെല്ല എന്നിവമൂലമുണ്ടാവുന്ന ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക ജ്വരം  തുടങ്ങിയ മരണകാരണമായ പ്രത്യാഘാതങ്ങള്‍ക്കെതിരെയുള്ള ഏക പ്രതിരോധമാര്‍ഗമാണ് പ്രതിരോധ കുത്തിവയ്പ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എംആര്‍ പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും. കുട്ടിയെ പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുപോവുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍/മതര്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് ഒപ്പം കരുതണം. പ്രതിരോധ കുത്തിവയ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരില്‍ നിന്നു ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss