|    Jul 16 Mon, 2018 10:34 am

അഞ്ചാംപനി നിര്‍മാര്‍ജന കാംപയിന്‍ : ജില്ലയില്‍ 7.38 ലക്ഷം കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കും

Published : 27th September 2017 | Posted By: fsq

 

കോഴിക്കോട്: അഞ്ചാംപനി (മീസില്‍സ് റുബെല്ല) നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ കാംപയിന് ജില്ലയില്‍ മൂന്നിന് തുടക്കമാവും. ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10ന് കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. തുടര്‍ന്നുള്ള അഞ്ചാഴ്ചകള്‍ക്കിടെ ജില്ലയിലെ ഒമ്പത് മാസം മുതല്‍ 15 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഒരു അധിക ഡോസ് മീസില്‍സ്- റുബെല്ല കുത്തിവയ്പ് നല്‍കും. ഈ പ്രായപരിധിയിലുള്ള 7,38,694 കുട്ടികള്‍ ജില്ലയിലുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലയിലെ 1745 സ്‌കൂളുകള്‍ വഴിയും 574 ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും 1510 ഔട്ട്‌റീച്ച് സെഷനുകള്‍ വഴിയും മീസില്‍സ്- റുബെല്ല കുത്തിവയ്പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം വിലയിരുത്തി.കാംപയിന്റെ വിജയത്തിന് ആരോഗ്യ-വിദ്യാഭ്യാസ-പഞ്ചായത്ത്- സാമൂഹികനീതി- പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. സ്വകാര്യ ആശുപത്രികള്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ്, ലയണ്‍സ് ക്ലബ് തുടങ്ങിയവയുടെ സഹകരണവും ഉപയോഗപ്പെടുത്തും. കുത്തിവയ്പിനുള്ള ഭൗതിക സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഒരുക്കണമെന്നും സ്‌കൂള്‍ അസംബ്ലി വിളിച്ച് ബോധവത്കരണം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് മീസില്‍സ് റുബെല്ലയെ കുറിച്ച് കുട്ടികള്‍ക്ക് ഉപന്യാസ രചന,  ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കണം. അങ്കണവാടികളുടെയും വര്‍ക്കര്‍- ഹെല്‍പ്പര്‍മാരുടെയും സഹകരണം സാമൂഹിക നീതി വകുപ്പ് ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും കാംപയിന്റെ വിജയത്തിന് ആവശ്യമായ സഹകരണം നല്‍കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. 2020 ഓടെ ലോകത്ത് നിന്ന് അഞ്ചാംപനിയും  അത് വഴിയുണ്ടാകുന്ന വൈകല്യങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മീസില്‍സ് റുബെല്ലാ ക്യാമ്പയിന്‍ നടത്തുന്നത്. ഇന്ത്യയില്‍ 41 കോടി കുട്ടികളെയാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലെ ആറ് കോടിയോളം കുട്ടികള്‍ക്ക് ഇതിനകം കുത്തിവയ്പ് നല്‍കിക്കഴിഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ട കാംപയിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് രണ്‍ണ്ടാം ഡോസായി എംഎംആര്‍ വാക്‌സിന്‍ നല്‍കും. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ആര്‍ സിഎച്ച് ഓഫിസര്‍ ഡോ. സരള നായര്‍, ലോകാരോഗ്യ സംഘടന- യൂനിസെഫ് പ്രതിനിധികള്‍, ബന്ധപ്പെട്ട  ജില്ലാതല ഉദ്യോഗസ്ഥര്‍, ഐ എംഎ-ഐഎപി പ്രതിനിധികള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss