|    Jan 18 Wed, 2017 11:33 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അജ്‌യാല്‍ ചലചിത്ര മേള നവംബര്‍ 30 മുതല്‍; ആദ്യ പട്ടികയായി

Published : 30th September 2016 | Posted By: SMR

ദോഹ: നാലാമത് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ നടക്കുമെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഎഫ്‌ഐ) അറിയിച്ചു.  പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ആദ്യഘട്ട പട്ടിക ഡിഎഫ്‌ഐ പുറത്തുവിട്ടു. കാന്‍, ബെര്‍ലിന്‍, സണ്‍ഡന്‍സ് ഫെസ്റ്റിവലുകളില്‍ പുരസ്‌കാരം നേടിയ ആറു ചിത്രങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഡച്ച് ബ്രിട്ടീഷ് ആനിമേറ്റര്‍ മിഷേല്‍ ഡുഡോക് ഡി വിറ്റിന്റെ ദി റെഡ് ടര്‍ട്ടിലാണ് ഫെസ്റ്റിവലിലെ സമാപനചിത്രം. വാക്കുകളില്ലാത്ത അത്ഭുതം എന്നാണ് നിരൂപകര്‍ റെഡ് ടര്‍ട്ടിലിനെ വിശേഷിപ്പിച്ചത്. ഫ്രാന്‍സ്ബല്‍ജിയം ജപ്പാന്‍ സംയുക്ത സംരംഭമാണിത്. ഒരു മരുഭൂമിയിലകപ്പെട്ടുപോയ മനുഷ്യന്‍ അവിടെനിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മരുഭൂമിയില്‍ നിന്നും പുറത്തുകടക്കണമെങ്കില്‍ അയാള്‍ക്ക് ഭീമാകാരനായ ഒരു ആമയെ എതിരിടേണ്ടതുണ്ട്. ഈ ആമയുമായുള്ള മനുഷ്യന്റെ പോരാട്ടമാണ് സിനിമ. കാനില്‍ ആദ്യപ്രദര്‍ശനം നടത്തിയ സിനിമ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ കെന്‍ ലോച്ചിന്റെ ഐ ഡാനിയേല്‍ ബ്ലേക്ക്, അസ്ഗര്‍ ഫര്‍ഹാദിയുടെ  ദി സെയ്ല്‍സ്മാന്‍, ദി റെഡ് ടര്‍ട്ടില്‍, ബബാക് അന്‍വാരിയുടെ അണ്ടര്‍ ദി ഷാഡോ എന്നിവയുടെ മെനയിലെ ആദ്യ പ്രദര്‍ശനവും ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ സുവര്‍ണചകോരം നേടിയ ഫയര്‍ അറ്റ് സീ, സണ്‍ഡന്‍സ് ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ ഹണ്ട് ഫോര്‍ ദി വൈല്‍ഡര്‍പീപ്പിള്‍ എന്നിവയുടെ ഖത്തറിലെ ആദ്യ പ്രദര്‍ശനവും അജ്‌യാല്‍ ഫെസ്റ്റിവലില്‍ നടക്കും.
വിവിധ ഫെസ്റ്റിവലുകളില്‍ അംഗീകാരം നേടിയ വിഖ്യാത ചലച്ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ അജ്‌യാലില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഡിഎഫ്‌ഐ സിഇഒ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു. ചലചിത്രമേഖലയിലേക്ക് കടന്നുവരുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കും ഈ സിനിമകള്‍.
വിവിധ തലങ്ങളില്‍ നിരൂപക ശ്രദ്ധയും മികവും സ്വന്തമാക്കിയ ആറു ചിത്രങ്ങളാണ് ദോഹയിലേക്കെത്തുന്നത്. ആഗോള സിനിമയെക്കുറിച്ച് അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ ദോഹയിലെ ആസ്വാദകര്‍ക്കും യുവതലമുറയ്ക്കും സമ്മാനിക്കാന്‍ ഈ സിനിമകള്‍ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു. കാന്‍ ചലച്ചിത്രോല്‍സവത്തില്‍  ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ ‘ഐ ഡാനിയേല്‍ ബ്ലേക്ക് മികച്ച ചിത്രത്തിനുള്ള പാം ദി ഓര്‍ പുരസ്‌കാരം നേടിയതിനൊപ്പം നിരൂപകരുടെ മുക്തകണ്ഠ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഇതിനായിരുന്നു. ഹൃദ്രോഗിയായ ആശാരിയ്ക്കും രണ്ടു കുട്ടികളുടെ മാതാവിനും  ഭരണകൂടം ഒരു പേടിസ്വപ്‌നമായി മാറുന്നതാണ് ഐ ഡാനിയേല്‍ ബ്ലേക്കിന്റെ പ്രമേയം. ഇംഗ്ലീഷ് കൊമേഡിയന്‍ ഡേവ് ജോണ്‍സായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അജ്‌യാലില്‍ ബാദര്‍  മല്‍സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കും ഷഹാബ് ഹുസൈനിക്ക് മികച്ച നടനുമുള്ള പുരസ്‌കാരം ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം ദി സെയ്ല്‍സ്മാനായിരുന്നു. മെമെന്‍േറാ ഫിലിംസ് പ്രൊഡക്ഷനും അസ്ഗര്‍ ഫര്‍ഹാദി പ്രൊഡക്ഷനും സംയുക്തമായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ആര്‍ട്ടി ഫ്രാന്‍സ് സിനിമയുടെയും സഹകരണത്തോടെയാണ് ദി സെയ്ല്‍സ്മാന്‍ നിര്‍മിച്ചത്.  താമസിച്ചിരുന്ന ഫഌറ്റില്‍ നിന്ന് നിര്‍ബന്ധിത സാഹചര്യത്തില്‍ ഒഴിഞ്ഞുപോകേണ്ടിവരുന്ന ഇമാദ് റാണ ദമ്പതികളുടെ ജീവിതാനുഭവമാണ് സിനിമയുടെ പ്രമേയം. മൊഹഖ് മല്‍സര വിഭാഗത്തിലാണ് ടെയ്ക വെയ്റ്റിയുടെ ന്യൂസിലന്‍ഡ്  ഇംഗ്ലീഷ് സംയുക്ത സംരംഭമായ ഹണ്ട് ഫോര്‍ദി വൈല്‍ഡര്‍ പീപ്പിള്‍ പ്രദര്‍ശിപ്പിക്കുന്നത്. എഡിന്‍ബറ ഫെസ്റ്റിവലിലെ പ്രേക്ഷകപ്രീതി പുരസ്‌കാരം ഉള്‍പ്പടെ എട്ട് രാജ്യാന്തര അവാര്‍ഡുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ബബാക് അന്‍വാരിയുടെ അമേരിക്ക ഇംഗ്ലീഷ് ത്രില്ലറാണ് അണ്ടര്‍ ദി ഷാഡോ. അജ്‌യാലിന്റെ ആദ്യ മിഡ്‌നൈറ്റ് സ്‌ക്രീനിങായാണ് ഡിഎഫ്‌ഐ ഗ്രാന്റോടെ നിര്‍മിച്ച ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. യൂറോപ്പിലെ കുടിയേറ്റപ്രശ്‌നങ്ങള്‍ ആധാരമാക്കിയുള്ളതായിരുന്നു ബെര്‍ലിനില്‍ സുവര്‍ണചകോരം നേടിയ ഇറ്റാലിയന്‍ സംവിധായകന്‍ ഗിന്‍ഫ്രാങ്കൊ റോസിയുടെ ഫയര്‍ അറ്റ് സീ. ഓസ്‌കാറില്‍ വിദേശഭാഷാ ചിത്രത്തിനുള്ള ഇറ്റലിയുടെ ഔദ്യോഗിക എന്‍ട്രിയായ ഈ സിനിമ ബാദറില്‍ മത്സരവിഭാഗത്തിലാണ്  പ്രദര്‍ശിപ്പിക്കുന്നത്.
8 മുതല്‍ 21വയസ് വരെ പ്രായമുള്ള യുവ ജൂറിയാണ് സിനിമകള്‍ വിലയിരുത്തുക. 4 മുതല്‍ 7വരെ വയസുള്ളവര്‍ക്കായി ബാരിഖ് എന്ന പ്രത്യേക വിഭാഗവും മേളയിലുണ്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക