|    May 26 Sat, 2018 4:17 am
Home   >  Pravasi  >  Gulf  >  

അജ്‌യാല്‍ ചലചിത്രമേളയില്‍ ഖത്തറില്‍ നിന്നുള്ള 17 ചിത്രങ്ങള്‍

Published : 9th November 2016 | Posted By: SMR

ദോഹ: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ നടക്കുന്ന നാലാമത് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ ഖത്തറില്‍ നിര്‍മിച്ച(മെയ്ഡ് ഇന്‍ ഖത്തര്‍) 17 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അജ്‌യാല്‍ ചലചിത്രമേളയിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന വിഭാഗമാണ് മെയ്ഡ് ഇന്‍ഖത്തര്‍. കഴിഞ്ഞ നാല് വര്‍ഷത്തെ മേളയ്ക്കിടെ വലിയ വളര്‍ച്ചയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗം കൈവരിച്ചത്. കഥപറച്ചിലിലും നിര്‍മാണ രീതിയിലുമുള്ള വൈവിധ്യത്തിന് പുറമേ കൂടുതല്‍ യുവ വനിതാ പ്രാതിനിധ്യവും ഈ വിഭാഗത്തില്‍ ദൃശ്യമായി.
ഹ്രസ്വ ചിത്ര വിഭാഗത്തില്‍ സംഭവ വിവരണം, ഡോക്യുമെന്റി ആന്റ് എസ്സേ എന്നീ രണ്ട് പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ അജ്‌യാല്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2015ലെ ഖത്തര്‍ ഫിലിം ഫണ്ടിന്റെ സഹായത്തില്‍ നിര്‍മിച്ച അല്‍ജോഹറ, അമീര്‍: ആന്‍ അറേബ്യന്‍ ലെജന്‍ഡ്  ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗ്രാന്റ് ലഭിച്ച ദി വെയ്റ്റിങ് റൂം, കഷ്ത  എന്നിവയുടെ വേള്‍ഡ് പ്രീമിയര്‍ ഈ മേളയില്‍ നടക്കുമെന്ന പ്രത്യേകതയുണ്ട്.
സ്വതന്ത്ര യുവ സംവിധായകര്‍ക്കു പുറമേ ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെയും നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ഥികള്‍ നിര്‍മിച്ചവയും, ഡിഎഫ്‌ഐ വര്‍ക്ക്‌ഷോപ്പുകളുടെയും ഫണ്ടിങ് പ്രോഗ്രാമുകളുടെയും സഹകരണത്തോടെ നിര്‍മിച്ചവയും മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലുണ്ട്.
സിനിമാ മേഖലയിലെ പ്രമുഖരാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ നിന്ന് ഏറ്റവും മികച്ച ചിത്രം തിരഞ്ഞെടുക്കുക. ബഹ്‌റയ്ന്‍ നടി ഹൈഫ ഹുസയ്ന്‍, ഫയര്‍ സ്റ്റേഷന്‍ ഗാലറി ഡയറക്ടര്‍ ഖലീഫ അല്‍ഉബൈദ്‌ലി, ഇമാറാത്തി സംവിധായകനും നിര്‍മാതാവുമായ നയ്‌ല അല്‍ഖാജ എന്നിവരുള്‍പ്പെട്ടതാണ് ജൂറി. വിവിധ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഖത്തരി ചിത്രങ്ങളുടെ പ്രദര്‍ശനവും അനുബന്ധമായി നടക്കും.
രാജ്യത്തെ സിനിമാ നിര്‍മാണ മേഖലയെ പുഷ്ടിപ്പെടുത്തുക എന്ന ഡിഎഫ്‌ഐയുടെ ലക്ഷ്യം പ്രതിഫലിപ്പിക്കുന്നതും രാജ്യത്തിന്റെ അഭിമാനവുമാണ് മെയ്ഡ് ഇന്‍ ഖത്തര്‍ ചിത്രങ്ങളെന്ന് ഡിഎഫ്‌ഐ സിഇഒയും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്തിമ അല്‍റുമൈഹി പറഞ്ഞു.
9956(സാക്കി ഹുസയ്ന്‍), അമീര്‍: ആന്‍ അറേബ്യന്‍ ലെജന്‍ഡ്(ജാസിം അല്‍റുമൈഹി), ബിറ്റ്‌വീന്‍ സയന്‍സ് ആന്റ് റിലീജ്യന്‍(ഹാമിദ ഈസ), ദാസ്(ഷൂഗ് ഷാഹീന്‍), അല്‍ജോഹറ(നൂറ അല്‍സുബാഇ), കഷ്ത(എജെ ആല്‍ഥാനി), ഷിശബരാക്(ബയാന്‍ ദഹ്ദ), മഖ്ബസ്(ഐഷ ആര്‍ അല്‍മുഹന്നദി), കാരവന്‍(സുസന്ന മിര്‍ഗനി), ഡനാസ് കൈറ്റ്(നൂര്‍ അല്‍നസ്ര്‍), ദുനിയ(അമര്‍ ജംഹൂര്‍), ലൗ ബ്ലഡ് ടെസ്റ്റ്(മുസ്തഫ ഷെശ്താവി), ഫ്രജൈല്‍(ഖലീഫ അല്‍മര്‍റി), മോര്‍ ദാന്‍ ടു ഡേയ്‌സ്(അഹ്മദ് അബ്ദുല്‍നാസര്‍ അഹ്മദ്), പാസ്‌പോര്‍ട്ട്(ഡന അല്‍മീര്‍), ഉംഖലീഫ(അല്‍അനൂസ് അല്‍കുവാരി), ദി വെയ്റ്റിങ് റൂം(ഹെന്‍ഡ് ഫഖ്‌റൂ) എന്നിവയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
കത്താറ ഡ്രാമ തിയേറ്ററില്‍ ഡിസംബര്‍ 1ന് രാത്രി 7ന് റെഡ് കാര്‍പറ്റ് ചടങ്ങിലാണ് മെയ്ഡ് ഇന്‍ ഖത്തര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. 25 റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ നവംബര്‍ 16ന് ഉച്ചയ്ക്ക് 2 മുതല്‍ അജ്‌യാല്‍ ബോക്‌സ് ഓഫിസില്‍ നിന്ന് ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss