|    Dec 10 Mon, 2018 12:44 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അജ്മീര്‍ ദര്‍ഗ സ്‌ഫോടനംബോംബുകളെത്തിച്ച മലയാളി സുരേഷ് നായര്‍ അറസ്റ്റില്‍

Published : 26th November 2018 | Posted By: kasim kzm

അഹ്മദാബാദ്: 2007ല്‍ അജ്മീര്‍ ദര്‍ഗയിലുണ്ടായ ബോംബ് സ്‌ഫോടനക്കേസിലെ മലയാളിയായ പ്രതി അറസ്റ്റില്‍. സ്‌ഫോടനത്തിനായി ബോംബുകളെത്തിച്ച കോഴിക്കോട് ബാലുശ്ശേരി സ്വദേശി സുരേഷ് നായരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേന ബറൂച്ചില്‍ നിന്ന് പിടികൂടിയത്.
മൂന്നുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുരേഷ് നായര്‍ക്കു പങ്കുണ്ടെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒളിവിലായിരുന്ന സുരേഷ് നായര്‍ നര്‍മദാ നദീതീരത്തെ ശുക്ലിറിത്ത് എന്ന തീര്‍ത്ഥാടനസ്ഥലത്തേക്ക് പോവുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് എത്തിച്ചത് ഇയാളാണെന്നും സംഭവസമയം ഇയാള്‍ അവിടെ ഉണ്ടായിരുന്നുവെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതിയായ സുരേഷ് നായരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കേസില്‍ സന്ദീപ് ഡാംഗെ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അറസ്റ്റിലായ സുരേഷ് നായരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന എന്‍ഐഎക്ക് കൈമാറും. കേസിലെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണ സംഘം ആരോപിച്ച സ്വാമി അസിമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി 2017ല്‍ ജയ്പൂരിലെ എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഹര്‍ഷദ് സോളങ്കി, ലോകേഷ് ശര്‍മ, മെഹുല്‍ കുമാര്‍, മുകേഷ് വസാനി, ഭരത് ഭായ്, ചന്ദ്രശേഖര്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ കോടതി യുഎപിഎ ചുമത്തിയ മൂന്നുപേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. അജ്മീര്‍ ദര്‍ഗയില്‍ ബോംബ് സ്ഥാപിച്ച ഗുജറാത്തിലെ ഗോവധ വിരുദ്ധ പ്രവര്‍ത്തകന്‍ മുകേഷ് വസാനിയാണ് സുരേഷ് നായരുടെ പങ്കാളിത്തം സംബന്ധിച്ചു മൊഴി നല്‍കിയത്.
സുരേഷ് നായര്‍ക്കൊപ്പം ഒളിവില്‍പ്പോയ മെഹുലാണ് കൊല്ലപ്പെട്ട സുനില്‍ ജോഷിക്കും കട്ടാരിയക്കും ഒപ്പം മധ്യപ്രദേശിലെ ദേവസില്‍ നിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്കും അജ്മീറിലേക്കുമുള്ള സ്‌ഫോടകവസ്തുക്കള്‍ കാറിലെത്തിച്ചത്.
ഗോധ്രയിലെ ഗൂഢാലോചനയ്ക്കുശേഷം സുരേഷ് നായര്‍, മുകേഷ് വസാനി, മെഹുല്‍, ഭവേഷ്, സണ്ണി എന്നിവര്‍ക്കൊപ്പം അജ്മീറിലേക്ക് സര്‍ക്കാര്‍ ബസ്സില്‍ സംശയം തോന്നാത്തവിധം കൊണ്ടുപോവുകയായിരുന്നു.
ഗുജറാത്ത് കേന്ദ്രീകരിച്ചു ഭീകരപ്രവര്‍ത്തനം നടത്തിയ സുരേഷ് നായരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് മുകേഷ് വസാനി അറസ്റ്റിലായ വേളയില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ സുരേഷ് നായരുടെ കുടുംബം കേരളത്തില്‍ വിരളമായാണ് എത്താറുള്ളതെന്നും ആറു വര്‍ഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് വന്ന സുരേഷ് പിന്നീട് വന്നിട്ടില്ലെന്നും കേരളം അറിയിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss