|    Aug 17 Thu, 2017 1:24 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അജ്മലിന് ലോകകപ്പ് കളിക്കാം; കോസ്‌മോസ് സഹായിക്കും

Published : 4th June 2017 | Posted By: fsq

 

കോഴിക്കോട്: പി പി അജ്മലിന് ഇനി ധൈര്യസമേതം ആന്ധ്രപ്രദേശിലെ അനന്തപൂരിലെ ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുക്കാം. അടുത്ത മാസം ഏഴിന് കാനഡയില്‍ നടക്കുന്ന ലോക സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസം മൂലം ലോകകപ്പ് മോഹം നഷ്ടമാവുമെന്ന ഭയന്ന താരത്തിന് പിന്തുണയുമായി കോസ്‌മോസ് സ്‌പോര്‍ട്‌സ് രംഗത്തുവന്നു. അജ്മലിന് ഒരു ലക്ഷം രൂപയുടെ സഹായം നല്‍കുമെന്ന് കോസ്‌മോസ് സ്‌പോര്‍ട്‌സ് കോ ചെയര്‍മാന്‍ എ കെ ഫൈസല്‍ ദുബയില്‍ അറിയിച്ചു. അജ്മലിന്റെ വേദന മാധ്യമങ്ങളിലുടെ അറിഞ്ഞുവെന്നും ലോകകപ്പ് പോലെ വലിയ ചാംപ്യന്‍ഷിപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ സാമ്പത്തിക പ്രയാസം മൂലം അവസരം നിഷേധിക്കപ്പെടരുതെന്നും എ കെ ഫൈസല്‍ പറഞ്ഞു. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തില്‍ അംഗമാണ് അജ്മല്‍. 13 വരെയാണ് ആന്ധ്രയിലെ ക്യാംപ്. അതിന് മുമ്പായി ഇന്ത്യന്‍ സോഫ്റ്റ്‌ബോള്‍ ഫെഡറേഷന് പണം കൈമാറണം. ടീമില്‍ അംഗമായ വയനാട് സ്വദേശി ആര്‍ വിനീതിനെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഫാറുഖ് കോളജില്‍ എംഎ പൂര്‍ത്തിയാക്കിയ അജ്മല്‍ ഇപ്പോള്‍ തേവര എസ്എച്ച് കോളജില്‍ എംഎ സോഷ്യോളജി വിദ്യാര്‍ഥിയാണ്. ദേശീയ അന്തര്‍ സര്‍വകലാശാല സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ എംജി ടീമിന് വേണ്ടി കളിച്ച അജ്മല്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രധാന ഹിറ്റര്‍, സെന്റര്‍ ഫീല്‍ഡര്‍ എന്നീ പൊസിഷനുകളിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ടീമിന് വേണ്ടി ആറ് വര്‍ഷം കളിച്ചിട്ടുണ്ട്.  ഇതില്‍ മൂന്ന് വര്‍ഷം ക്യാപ്റ്റനായിരുന്നു. കുണ്ടായിത്തോട് ആമാം കുനി വയല്‍ എ എം ഹൗസില്‍ അഷ്‌റഫിന്റെയും മെഹജബിയുടെയും മകനാണ്. അജ്മലിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ കോസ്‌മോസ് സ്‌പോര്‍ട്‌സിനും എ കെ ഫൈസലിനും കായിക ലോകവും സോഫ്റ്റ് ബോള്‍ അസോസിയേഷനും നന്ദി പറഞ്ഞു. അജ്മലിന് പരിശീലനത്തിനുള്ള സഹായവും നേരത്തെ കോസ്‌മോസ് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക