|    Oct 15 Mon, 2018 3:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അജ്ഞാത വാഹനമിടിച്ച് ഗൃഹനാഥന്‍ മരിച്ചു

Published : 14th September 2017 | Posted By: fsq

 

അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് മരിച്ച ഗൃഹനാഥന്റെ മൃതദേഹം 15 കിലോമീറ്ററപ്പുറം കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. പോലിസ് സമഗ്രാന്വേഷണം ആരംഭിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂര്‍ ഹനുമാരു വെളിയില്‍ വാസുദേവന്റെ മകന്‍ സുനി (46) ലിന്റെ മൃതദേഹമാണ് ദേശീയപാതയ്ക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ തോട്ടപ്പള്ളി മാത്തേരി ജങ്ഷനില്‍ ഉരിയരി ഉണ്ണിത്തോര്‍ ക്ഷേത്രത്തിനു സമീപം ദേശീയ പാതയ്ക്കു പടിഞ്ഞാറുഭാഗത്ത് വച്ച് സുനിലിനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികര്‍ അപകടവിവരം സമീപത്തെ ചായക്കടക്കാരനെ അറിയിച്ചു. കടയുടമ വിവരം അമ്പലപ്പുഴ പോലിസിനു കൈമാറി. 2.40 ഓടെ സ്ഥലത്തെത്തിയ പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും അപകടത്തില്‍ പെട്ടയാളെയോ വാഹനമോ കെണ്ടത്താനായില്ല. അപകടം നടന്ന സ്ഥലത്തുനിന്ന് ഇടിച്ച വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗവും ചില്ലുകളും കണ്ടെത്തി. കൂടാതെ കുറച്ചകലെ റോഡില്‍ രക്തക്കറയും അപകടത്തില്‍ പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകളും വസ്ത്രങ്ങളും ചെരിപ്പും കണ്ടുകിട്ടി. തുടര്‍ന്ന് അപകടവിവരം അമ്പലപ്പുഴ പോലിസ് മറ്റ് സ്‌റ്റേഷനുകളിലേക്ക് കൈമാറി. ഇതിനിടെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതയ്ക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം അമ്പലപ്പുഴ പോലിസിന് ലഭിച്ചു. പുന്നപ്ര പോലിസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് തിരിച്ചറിയല്‍ രേഖയിലുള്ള ആളാണ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹത്തിന്റെ വലതു കക്ഷത്ത് ആഴത്തില്‍ മുറിവും വലതുകാല്‍മുട്ടിനു താഴെ ഉരഞ്ഞ് അസ്ഥികള്‍ തെളിഞ്ഞ നിലയിലുമായിരുന്നു. ഇടതുകാലിന്റെ ഉപ്പുറ്റിയുടെ ഭാഗത്ത് ഉരഞ്ഞ പാടുണ്ടായിരുന്നു. തലയുടെ പിന്‍ഭാഗത്തും മുറിവുകളുണ്ടായിരുന്നു. കൊല്ലത്തുനിന്ന് സയന്റിഫിക് വിദഗ്ധരെത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഡിവൈഎസ്പി എം ഇ ഷാജഹാന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ സിഐ ബിജു വി നായര്‍, ആലപ്പുഴ സൗത്ത്, നോര്‍ത്ത്, തീരദേശ സിഐമാര്‍, എസ്‌ഐമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെന്ന് പോലിസ് പറഞ്ഞു. ഇടിച്ച വാഹനത്തിലോ അപകടശേഷം പിന്നാലെ വന്ന വാഹനത്തിലോ മൃതദേഹം കുരുങ്ങിയതാവാമെന്നാണ് പോലിസിന്റെ നിഗമനം. ഇലക്ട്രിക്-പ്ലംബിങ് ജോലികള്‍ ചെയ്തു വരികയായിരുന്ന സുനില്‍ ജോലിക്ക് പോയാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷമേ തിരികെ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. സുനിലിന്റെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അപകടസ്ഥലത്തുനിന്നും മൃതദേഹം കിടന്ന സ്ഥലത്തു നിന്നും ഇദ്ദേഹത്തിന്റെ ഫോണ്‍ കണ്ടെടുക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പുന്നപ്ര പോലിസ് കേസെടുത്തു. ഭാര്യ: സരസമ്മ. മക്കള്‍: സുദേവ്, സുകന്യ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss