|    Jul 23 Sun, 2017 12:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അജ്ഞാത രോഗബാധ: മ്യാന്‍മറില്‍ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ 38 മരണം

Published : 6th August 2016 | Posted By: SMR

നേയ്പിഡോ: വടക്കന്‍ മ്യാന്‍മാറില്‍ അജ്ഞാതരോഗം ബാധിച്ച് 38 പേര്‍ മരിച്ചു. നാഗാ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് മരണപ്പെട്ടവരില്‍ കൂടുതലും. സഗൈങ് മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള നാഗാ സ്വയംഭരണ പ്രദേശത്തെ ഗ്രാമങ്ങളിലാണ് അഞ്ചാംപനിക്കു സമാനമായ ലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയത്.
നാന്യോണ്‍, ലാഹെ എന്നീ ടൗണ്‍ഷിപ്പുകളിലുള്ളവരാണ് രോഗത്തെത്തുടര്‍ന്നു മരിച്ചതെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കേയ് സായ് അറിയിച്ചു.
സ്ഥിതിഗതികള്‍ പ്രാദേശിക ഭരണ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രിക്കാവുന്നതിനുമപ്പുറമാണ്. ലാഹെയില്‍ ആകെ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. കേന്ദ്രസര്‍ക്കാരും മേഖലാ ഭരണാധികാരികളും മെഡിക്കല്‍ സംഘത്തെ ഉടന്‍ അയക്കണം.
അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമായ നാഗാലാന്‍ഡില്‍ നിന്നുള്ള ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനുള്ള അനുമതിക്ക് മ്യാന്‍മര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കേയ് സായ് പറഞ്ഞു.
ഗ്രാമീണര്‍ രോഗലക്ഷണം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നാണ് ഇപ്പോള്‍ ചികില്‍സ ലഭ്യമാക്കുന്നത്.
അതേസമയം രോഗബാധയുടെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നാഗാ കൗണ്‍സില്‍ തലവന്‍ അതോങ് മാകുരി ആവശ്യപ്പെട്ടു. നാഗാ വിഭാഗക്കാരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക