|    Aug 18 Sat, 2018 8:27 am
FLASH NEWS

അജ്ഞാത ഈച്ചയുടെ ആക്രമണം: വിദഗ്ധസംഘം സന്ദര്‍ശിച്ചു

Published : 10th August 2018 | Posted By: kasim kzm

ചെറുപുഴ: മലയോരത്ത് അജ്ഞാത ഈച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് ത്വക്ക് സംബന്ധമായ അസ്വസ്ഥകളുണ്ടായെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള നാലംഗ വിദഗ്ധ മെഡിക്കല്‍ ഗവേഷക സംഘം ചെറുപുഴ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. ഈച്ചയുടെ കുത്തേറ്റെന്ന് പറഞ്ഞവരെ കണ്ടെത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും പ്രദേശത്തെ സസ്യങ്ങളില്‍ ഈച്ചയുടെ സാന്നിധ്യം പരിശോധിക്കുകയും ചെയ്തു.
പ്രാപ്പൊയില്‍ സ്‌കൂളിലെ കുട്ടികളെയും പ്രദേശത്തെ വീടുകളും സന്ദര്‍ശിച്ചാണ് മെഡിക്കല്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. കോഴിക്കോട് സോണല്‍ എന്‍ഡമോളജി വിഭാഗം ഓഫിസര്‍ അഞ്ജു വിശ്വന്‍, ഹെല്‍ത്ത് കോ-ഓഡിനേറ്റര്‍ എസ് ഷിഫ, പ്രാണി നീരീക്ഷകന്‍ സി പി ബാലന്‍, മാസ് മീഡിയാ ഓഫിസര്‍ കെ എന്‍ അജയ്, പെരിങ്ങോം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ ജോ ണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി കെ ഷിബു എന്നിവരാണ് അന്വഷണത്തിനെത്തിയത്. മൂന്നാഴ്ച മുമ്പ് പാറോത്തുംനീരിലെ ഒരു കോളജ് വിദ്യാര്‍ഥിക്കാണ് ആദ്യം ഈച്ചയുടെ കുത്തേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതിനു ശേഷം പ്രദേശത്തെ ഒരു വീട്ടമ്മയ്ക്കും അസ്വസ്ഥതയുണ്ടായി.
പിന്നീട് മുളപ്രയിലെ നാലു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ശരീരത്തില്‍ ഈച്ച കടിച്ചതു പോലുള്ള പാടുകള്‍ കണ്ടെത്തി. ശരീരം ചൊറിഞ്ഞ് തടിക്കുന്നതായിരുന്നു ലക്ഷണം. ഈച്ച കുത്തിയതിന്റെ പാടുകളൊന്നും കാണാനുണ്ടായിരുന്നില്ല. അലോപ്പതി മരുന്നുകള്‍ കഴിച്ചിട്ട് കുറവില്ലാതെ വന്നതോടെ ഇവരെല്ലാം പച്ചമരുന്ന് ചികില്‍സ തേടുകയായിരുന്നു. നാട്ടുവൈദ്യ ചികില്‍സ നടത്തിയതിനാല്‍ രോഗം സ്ഥിരീകരിക്കുന്നത് തടസ്സമായെന്ന് ഗവേഷക സംഘം വിലയിരുത്തി. പ്രാപ്പൊയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം അസ്വസ്ഥത ഉണ്ടായതെന്ന പ്രചാരണം ശരിയല്ലെന്നും സ്‌കൂള്‍ പരിസരവും പ്രദേശവും വിശദമായി പരിശോധിച്ചെന്നും അജ്ഞാത പ്രാണിയുടെ ആക്രമണമാണ് ഇതിന് കാരണമെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.
കൂടുതല്‍ പഠനങ്ങള്‍ക്കുശേഷം വിശദമായ റിപോര്‍ട്ട് പുറത്തുവിടുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിലപാട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss