|    Nov 14 Wed, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അജ്ഞാതന്‍ പറഞ്ഞു; ഗുലാം, അത് നിങ്ങളുടെ മകനായിരുന്നു

Published : 3rd August 2018 | Posted By: kasim kzm

കെ എ സലിം

ശ്രീനഗര്‍: മുദ്രാവാക്യങ്ങള്‍ക്കിടയില്‍ മുദശ്ശിര്‍ അഹമ്മദ് ഭട്ടിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അടക്കം ചെയ്യുമ്പോള്‍ ഖബറിനരികില്‍ പിതാവ് ഗുലാം അഹമ്മദ് ഭട്ട് വികാരരഹിതനായി നില്‍പ്പുണ്ടായിരുന്നു. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ചടങ്ങില്‍ രോഷവും സങ്കടവും ഒരു പോലെ പൊട്ടിയൊഴുകി. ഗുലാം അഹമ്മദിന്റെ ഒരു മാസത്തിലധികം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണു കുപ്‌വാരയിലെ ജാംഖണ്ഡ് കാച്ച്മ ഖബര്‍സ്ഥാനിലെ കുഴിമാടത്തില്‍ നിന്ന് മുദശ്ശിറിന്റെ മൃതദേഹം പുറത്തെടുത്തത്. അത് അധികൃതര്‍ പിതാവിനു കൈമാറി.
കശ്മീരില്‍ നിയമപോരാട്ടം അസാധാരണമല്ലെങ്കിലും അപൂര്‍വമായ വിജയത്തിന്റെ കഥയാണു മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ ഗുലാം അഹമ്മദിന്റേത്. അതിലേക്കു വഴിതെളിച്ചതോ അജ്ഞാതനായ ഒരാള്‍ വീടിനു മുന്നില്‍ നിക്ഷേപിച്ച കടലാസ്തുണ്ടും.
ജൂണ്‍ 29നു വടക്കന്‍ കുപ്‌വാരയിലെ ട്രഹ്ഗാമില്‍ കാടിനുള്ളില്‍ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബ സായുധസംഘാംഗം കൊല്ലപ്പെട്ടതോടെയാണു തുടക്കം. ആരോ കൊല്ലപ്പെട്ടതായും വിദേശിയെന്നു ചൂണ്ടിക്കാട്ടി സൈന്യം അടക്കം ചെയ്തതായും എല്ലാവരെയും പോലെ ഗുലാം അഹമ്മദും അറിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബൈക്കിലെത്തിയ ഒരാള്‍ ഗുലാം അഹമ്മദിന്റെ വീട്ടിലേക്ക് ഒരു കുറിപ്പെത്തിച്ചു. കുപ്‌വാരയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ലശ്കറെ ത്വയ്യിബ അംഗം അബു അബ്ദുല്ലയെന്ന മുദശ്ശിര്‍ അഹമ്മദ് ഭട്ടാണെന്നായിരുന്നു സന്ദേശം. മുദ്ദശ്ശിര്‍ ഭട്ടെന്നാല്‍ അഹമ്മദ് ഭട്ടിന്റെ മകന്‍. മുദശ്ശിര്‍ ദുബയില്‍ ജോലി ചെയ്യുകയാണെന്നാണു ബന്ധുക്കള്‍ വിശ്വസിച്ചിരുന്നത്. ഗള്‍ഫില്‍ നിന്നെന്ന മട്ടില്‍ വീടുമായി ഫോണില്‍ മുദശ്ശിര്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു.
അമ്പരന്ന ഗുലാം വിവരം തേടി ബന്ധുക്കള്‍ക്കൊപ്പം എഡിജിപി മുനീര്‍ അഹ്മദ് ഖാനെ സമീപിച്ചു. ഖാന്റെ നിര്‍ദേശപ്രകാരം സംഭവം നടന്ന ക്രാ ല്‍പോര പോലിസ് സ്‌റ്റേഷനിലെത്തിയെങ്കിലും കൊല്ലപ്പെട്ടയാളുടെ കൈയില്‍ നിന്നു തിരിച്ചറിയാന്‍ പറ്റുന്നതൊന്നും കിട്ടിയില്ലെന്നും ഒന്നും ബാക്കിയില്ലെന്നും പറഞ്ഞു പോലിസ് ആദ്യം ഒഴിഞ്ഞുമാറി.
പോലിസിന്റെ പെരുമാറ്റത്തില്‍ അസാധാരണത്വം തോന്നിയ ഗുലാം പിന്‍മാറാ ന്‍ തയ്യാറായില്ല. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ കാച്ച്മ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുന്നതിനു മുമ്പെടുത്ത മൃതദേഹത്തിന്റെ ഫോട്ടോ പോലിസ് കാണിച്ചു. ഫോട്ടോ കൈയിലെടുത്ത ഗുലാം പൊട്ടിക്കരഞ്ഞു. പിന്നെ ബോധം കെട്ടുവീണു. അതു മുദശ്ശിര്‍ തന്നെയായിരുന്നു. അത് അവനായിരിക്കല്ലേയെന്ന പ്രാര്‍ഥനയോടെയാണ് ഓരോ ദിവസവും താന്‍ കഴിഞ്ഞിരുന്നതെന്നു ഗുലാം പറയുന്നു. ഫോട്ടോ കണ്ട ബന്ധുക്കളും അത് ഗുലാം തന്നെയാണെന്ന് ഉറപ്പാക്കി. മൃതദേഹം തനിക്കു വിട്ടുതരണമെന്നും മരിച്ചതു മകനാണെന്നും ചൂണ്ടിക്കാട്ടി ഗുലാം കുപ്‌വാര ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി. ഡിഎന്‍എ ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. ജൂലൈ നാലിന് ഡിഎന്‍എ പരിശോധനയ്ക്കായി ഗുലാമിന്റെ രക്തസാംപിള്‍ ശേഖരിച്ചെങ്കിലും നടപടികള്‍ പിന്നെയും നീണ്ടു. ഇതേത്തുടര്‍ന്ന് ഭട്ട് ഹൈക്കോടതിയെ സമീപിച്ചു. ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 26ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഡിഎന്‍എ പരിശോധനയില്‍ മുദശ്ശിര്‍ തന്നെയാണെന്നു തെളിഞ്ഞു. തങ്ങള്‍ ചെയ്യുന്നതു പ്രയാസകരമായ കാര്യമാണെന്ന് അറിയാമായിരുന്നെന്ന് ഭട്ട് പറയുന്നു. വിദേശ തീവ്രവാദിയെന്ന് ആരോപിച്ച് കുഴിച്ചുമൂടിയ മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുക്കാറില്ല.
സംസ്‌കരിച്ച് മാസം പിന്നിട്ട മൃതദേഹം പുറത്തെടുത്ത് അധികൃതര്‍ ഗുലാമിന് കൈമാറി. വീടിന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള രക്തസാക്ഷി ഖബര്‍സ്ഥാനിലായിരുന്നു സംസ്‌കാരം. ചടങ്ങിലേക്കു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സ്ത്രീപുരുഷന്‍മാര്‍ ഒഴുകിയെത്തി.
ബൈക്കിലെത്തിയ അജ്ഞാതനെക്കുറിച്ചായിരുന്നു താന്‍ അപ്പോഴും ചിന്തിച്ചതെന്നു ഗുലാം പറയുന്നു. ദൈവമായിരിക്കണം അയാളെ അയച്ചത്. എന്റെ മകന്റെ മുഖം അവസാനമായി കാണാനായി. അവനെ വിട്ടുകിട്ടാന്‍ കയറിയിറങ്ങാത്ത ഇടമില്ല. ദൈവത്തിനു നന്ദി. അവസാനമായി ഒരിക്കല്‍ക്കൂടി എനിക്ക് കൈയിലെടുക്കാനായി- ഭട്ട് പറഞ്ഞു. ഭട്ട് മൃതദേഹവുമായെത്തുമ്പോള്‍ മുദ്ദശ്ശിറിന്റെ മാതാവും സഹോദരിയും കാത്തിരിക്കുന്നുണ്ടായിരുന്നു. രാത്രി 9.30ന് ജന്‍മനാട്ടിലെത്തിച്ചയുടനെയായിരുന്നു ഖബറടക്കം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss