|    Sep 20 Thu, 2018 1:13 pm
FLASH NEWS

അജിതാബീഗം കമ്മീഷണറായി ചുമതലയേറ്റു

Published : 8th June 2017 | Posted By: fsq

 

കൊല്ലം: കൊല്ലം സിറ്റി പോലിസ് കമ്മീഷണറായി അജിതാബീഗം ചുമതലയേറ്റു. സതീഷ് ബിനോ പത്തനംതിട്ട എസ്പിയായി സ്ഥലംമാറിയ ഒഴിവിലാണ് ഭാര്യ അജിതാബീഗം എത്തിയിരിക്കുന്നത്. നേരത്തെ കൊല്ലം റൂറല്‍ എസ്പിയായിരുന്നു അജിതാബീഗം. പ്രസവ അവധിക്ക് പോയതോടെ റൂറല്‍ എസ്പിയായി കെ സുരേന്ദ്രനെ നിയമിച്ചിരുന്നു. അവധിക്ക് ശേഷം അജിതാബീഗം തിരിച്ചെത്തിയപ്പോഴാണ് സതീഷ്ബിനോയെ മാറ്റി പകരം ചമതല നല്‍കിയത്. പോലിസ് സേനയില്‍ മികച്ച പ്രതിച്ഛായയുള്ള അജിതാ ബീഗം ഐപിഎസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊല്ലം റൂറല്‍ എസ്പിയായി നിയമിച്ചത്.വയനാട് എസ്പിയായിരിക്കെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരെ തേടിപിടിച്ച് അറസ്റ്റ് ചെയ്ത് കര്‍ക്കശ നിലപാട് സ്വീകരിച്ചതിനാണ് വയനാട്ടില്‍ നിന്നും അജിതാ ബീഗത്തെ തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി മാറ്റിയിരുന്നു. അതും ചാര്‍ജെടുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍. ഏറെ വിവാദമായ ഈ നടപടിക്കെതിരേ അജിതാ ബീഗം ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രതിഷേധിച്ചിരുന്നു. നിയമവിരുദ്ധമായ വിട്ടുവീഴ്ചകള്‍ക്ക് ഒരു തരിമ്പും തയ്യാറാകാത്ത അജിതാ ബീഗത്തെ നേരത്തെ തൃശൂര്‍ റൂറല്‍ എസ്പിയായിരു ഘട്ടത്തിലും അന്യായമായി സ്ഥലം മാറ്റിയിരുന്നു.കോയമ്പത്തൂര്‍ ശൗരിപാളയത്തെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍നിന്നാണ് അജീതാ ബീഗം ഐപിഎസിലെത്തിയത്. 169ാം റാങ്കോടെ പരീക്ഷ പാസായ ഇവര്‍ക്ക് കിട്ടിയത് ജമ്മുകാശ്മീര്‍ കേഡറായിരുന്നു. ജമ്മുകാശ്മീരില്‍ നിന്നും 200 കിലോമീറ്ററകലെ സമുദ്രനിരപ്പില്‍ നിന്നും 3800 അടിയിലധികം ഉയരത്തിലുള്ള റംബാന്‍ ജില്ലയിലായിരുന്നു ആദ്യ നിയമനം.  റംബാനില്‍ എസ്പിയായിരിക്കെയാണ് ബാച്ച് മേറ്റായ സതീഷ് ബിനോയെ വിവാഹം കഴിക്കുത്. ഗര്‍ഭിണിയായിരിക്കെ തീവ്രവാദികളുടെ വിഹാരകേന്ദ്രമായ റംബാനില്‍ ക്രമസമാധാനപാലന ചുമതല വഹിച്ചിട്ടുണ്ട്.കേഡര്‍മാറി കേരളത്തിലെത്തിയ അജിതയെ സ്ത്രീകള്‍ക്കും പെകുട്ടികള്‍ക്കുമെതിരായ കേസുകളുടെ അന്വേഷണത്തിനുള്ള വിമന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലുള്‍പ്പെടുത്തി.  തിരുവനന്തപുരത്ത് വനിതാ സുരക്ഷ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കി വിജയിച്ച ശേഷം മാവോയിസ്റ്റ് വിരുദ്ധസേനയുടെ ചുമതലകൂടി നല്‍കി വയനാട് എസ്പിയായാണ് നിയമിച്ചത്. കൊച്ചി ക്രൈംബ്രാഞ്ച് എസ്പി, തൃശൂര്‍ റൂറല്‍ എസ്പി എന്നിവിടങ്ങളില്‍ ചുമതല വഹിച്ച ശേഷമാണ് അജിതാബീഗം കൊല്ലം കമ്മീഷണറായി എത്തിയത്. സതീഷ് ബിനോ കോട്ടയം എസ്പിയായിരിക്കെയാണ് കൊല്ലത്തേക്ക് എത്തിയിരുന്നത്. ബിടെക്, എംബിഎ ബിരുദ ധാരിയായ ഇദ്ദേഹം കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം സ്വദേശിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss