|    Jun 24 Sat, 2017 8:54 pm
FLASH NEWS

അച്ചാംതുരുത്തി-കോട്ടപ്പുറം പാലത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല

Published : 31st October 2016 | Posted By: SMR

നീലേശ്വരം: മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് പ്രവൃത്തി തുടങ്ങിയ അച്ചാംതുരുത്തി-കോട്ടപ്പുറം പാലം നിര്‍മാണം ആറാം വര്‍ഷത്തിലും പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം നടക്കുമെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയും ഈ ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് നിലവിലുള്ള എംഎല്‍എയും നല്‍കിയ ഉറപ്പുകള്‍ പാഴാവുകയായിരുന്നു. അടുത്ത മാര്‍ച്ചിലെങ്കിലും പാലം പൂര്‍ത്തിയാകുമോ എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 2010ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി ജെ ജോസഫാണ് അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് തറക്കല്ലിട്ടത്. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു വകുപ്പിന്റെ നിര്‍ദ്ദേശം. പൊതുമേഖലാസ്ഥാപനമായ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണം ഏറ്റെടുത്തത്. 22 കോടിയായിരുന്നു എസ്റ്റിമേറ്റ്. കരാര്‍ ഏറ്റെടുത്ത കണ്‍സ്‌ട്രെക്ഷന്‍ കോര്‍പറേഷന്‍ ആദ്യം മറ്റൊരു സ്വകാര്യ കരാറുകാരന് ചുമതല കൈമാറി. അദ്ദേഹം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ജിഎം എന്‍ജിനിയേഴ്‌സ് എന്ന കമ്പനിയെ ഏല്‍പിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പലകുറി ലംഘിക്കപ്പെട്ട സാഹചര്യത്തില്‍  നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി സമരങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഒച്ചിഴയുന്ന വേഗത്തിലെങ്കിലും നിര്‍മാണം ഇത്രയുമായത്്. ഈ വിഷയം ഏറ്റെടുത്ത് ദേശീയപാത ഉപരോധം പോലും നടത്തിയിരുന്നു. നാലുഭാഗത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട അച്ചാംതുരുത്തിയിലെ നാട്ടുകാര്‍ക്ക് എളുപ്പത്തില്‍ ദേശീയപാതയിലേക്ക് എത്താനുള്ള സൗകര്യമാണ് കോട്ടപ്പുറം പാലം പൂര്‍ത്തിയായാല്‍ ലഭിക്കുന്നത്. ദേശീയപാതയ്ക്ക് ബദല്‍ റോഡായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഈ പാലത്തിന്റെ പ്രത്യേകതയാണ്.  നിലവിലുള്ള നടപ്പാലം ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന സാഹചര്യമാണുള്ളത്. ഈ നടപ്പാലം സംസ്ഥാനത്തെ ഏറ്റവും വലിയ നടപ്പാലങ്ങളിലൊന്നാണ്. കുത്തൊഴുക്കും ആഴവും അധികമുള്ള ഈ ഭാഗത്ത് കുഞ്ഞുങ്ങളടക്കമുള്ളവര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക