|    Jan 21 Sat, 2017 11:54 am
FLASH NEWS

അച്ചടക്ക ലംഘനം; തിരുവനന്തപുരത്ത് 18 എംബിബിഎസ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 18 എംബിബിഎസ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 2012, 2013, 2014 ബാച്ചിലെ വിദ്യാര്‍ഥികളാണിവര്‍. ഇതില്‍ 10 വിദ്യാര്‍ഥിനികളുമുണ്ട്. കോളജിന്റെ അച്ചടക്കത്തിന് ഭംഗം വരുത്തുംവിധം ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. 2012 ബാച്ചിലെ 9 വിദ്യാര്‍ഥികളെയും 2013 ബാച്ചിലെ 4 വിദ്യാര്‍ഥികളെയും 2014 ബാച്ചിലെ 5 വിദ്യാര്‍ഥികളെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞമാസം 28 മുതല്‍ 30 വരെ മെഡിക്കല്‍ കോളജ് കാംപസില്‍ നടന്നുവന്ന ആര്‍ട്‌സ് ഫെസ്റ്റിവലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ 30ന് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ അന്തിമദിനത്തില്‍ ഫലം പ്രഖ്യാപിച്ചതോടൊപ്പം പ്രശ്‌നങ്ങള്‍ ഉണ്ടായിത്തുടങ്ങി. അവിടെ വച്ച് പ്രശ്‌നങ്ങളൊന്നും കാര്യമായി ഉണ്ടായില്ലെങ്കിലും പിന്നീട് ഹോസ്റ്റലില്‍ വച്ച് സംഘര്‍ഷമുണ്ടായി. ഫേസ്ബുക്കിലെ ഒരു പോസ്റ്റിനെ തുടര്‍ന്ന് 2012 ബാച്ചിലെ വിദ്യാര്‍ഥികള്‍ മുറിയില്‍ കയറി 2014 ബാച്ചിലെ വിദ്യാര്‍ഥികളെ മര്‍ദിച്ചു.
ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിയെ അടിക്കാന്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കോളജിലെത്തി. ക്ലാസിലിരിക്കുന്നവരെ ഇറക്കി അടിക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് കോളജിലെത്തിയ പോലിസ് അവരെ അറസ്റ്റ് ചെയ്തു.
ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ച് പോലിസ് സ്‌റ്റേഷനിലെത്തി. ഉടന്‍ തന്നെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സ്റ്റാഫ് അഡൈ്വസറും മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡനും പോലിസ് സ്‌റ്റേഷനിലെത്തി ചര്‍ച്ച നടത്തി. ക്രിമിനല്‍ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചെങ്കിലും ചര്‍ച്ചകളെ തുടര്‍ന്ന് ഇനി പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന ധാരണയില്‍ കേസ് ഒത്തുതീര്‍പ്പായി. എന്നാല്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് പോലിസ് സ്‌റ്റേഷനില്‍ വച്ചു പറഞ്ഞ് പിരിഞ്ഞ വിദ്യാര്‍ഥികള്‍ വീണ്ടും മദ്യപിച്ച് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി അധികൃതര്‍ പറയുന്നു. വിദ്യാര്‍ഥിനികളും ഈ വഴക്കില്‍ പങ്കാളികളായി.
ഹോസ്റ്റല്‍ ഹാളില്‍ വച്ച് 2014 ബാച്ചിലെ വിദ്യാര്‍ഥിനികള്‍ ഒത്തുകൂടുകയും ബഹളം വയ്ക്കുകയും ചെയ്തു. ബഹളം ശക്തമായതോടെ പോലിസിനെ വിവരം അറിയിച്ചിരുന്നു. സിഐ നേരിട്ട് ഹോസ്റ്റലിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും വിദ്യാര്‍ഥിനികള്‍ ബഹളം തുടര്‍ന്നു. അവസാനം വളരെ ശ്രമപ്പെട്ടാണ് അവരെ ശാന്തരാക്കിയത്. തുടര്‍ന്ന് അടിയന്തരമായി വിളിച്ചുകൂട്ടിയ കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനായി അന്വേഷണ കമ്മീഷനെ നിയമിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക