|    Oct 18 Wed, 2017 1:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അച്ചടക്കരഹിത ഹരിത സംഗമം

Published : 19th November 2016 | Posted By: SMR

slug-shaniകോഴിക്കോട്ട് കടപ്പുറത്ത് ഉഗ്രന്‍ ഹരിത അമിട്ടുകളോടെ സമാപിച്ച ‘യൂത്ത് ശമ്മേളനം’ ഇക്കുറി കോലാഹലങ്ങള്‍ക്കുപരി കോമഡികള്‍ ഉല്‍പാദിപ്പിച്ചതിനാല്‍ ചുക്കാന്‍ പിടിച്ച സ്വാഗതസംഘത്തിനു ശനിദശ ബാധിച്ചതായി വൈകിക്കിട്ടിയ ചില റിപോര്‍ട്ടുകള്‍. അച്ചടിച്ച പ്രോഗ്രാം നോട്ടീസില്‍, പ്രസംഗിക്കുന്നവര്‍, വിശിഷ്ടാതിഥികള്‍, വേദിയില്‍ സീറ്റുള്ളവര്‍, വെറുതേ കൈയും കെട്ടി ബാഡ്ജുമണിഞ്ഞ് പിന്നില്‍ ഫോട്ടോക്ക് പോസു ചെയ്തു നില്‍ക്കുന്നവര്‍ എന്നിങ്ങനെ നാലു തരക്കാരായിരുന്നു. പച്ചച്ചെങ്കൊടിക്കാരുടെ അച്ചടക്കമില്ലായ്മയും വാണങ്ങള്‍ കടലിലേക്കു ശറശറാ ചീറുന്നതും കണ്ടപ്പോള്‍ വനിതാ വിഭാഗം മൊഞ്ചത്തി ഇത്താത്താക്ക് മോഹം. പ്രസംഗിക്കണം. ചെറിയ തങ്ങളോട് ചോദിച്ചു. മോന്‍ ഹാജിയെന്ന ക്വാറി മുതലാളിയോട് ചോദിക്കാനായിരുന്നു ഉത്തരവ്. ഇത്താത്ത ചോദിച്ചു. ‘ആണുങ്ങടെ മുന്നില്‍ മുജാഹിദുകള്‍ പോലും സംസാരിക്കാന്‍ അനുവദിച്ചിട്ടില്ലെന്നായി സമസ്ത കാര്യങ്ങള്‍ക്കും മുമ്പില്‍ നില്‍ക്കുന്ന ഹാജി. ഇത്താത്തയ്ക്ക് കണ്ണീരു വന്നില്ലെങ്കിലും വനിതാ കമ്മീഷന്‍ കാലത്ത് ഹാജിയുമായി തെറ്റിപ്പിരിഞ്ഞ സംഭവം ഓര്‍മയിലോടിയെത്തി. പൂപ്പല്‍ ചാനല്‍ അതു വിഷയമാക്കി. പക്ഷെ; ആരും കൊത്തിയില്ല. യൂത്തന്‍മാര്‍ സമ്മേളനം നടത്തിയാല്‍ അച്ചടക്കം, സമ്മേളന നഗരിക്ക് ഏഴയലത്ത് അടുക്കാറില്ല എന്നറിയാവുന്ന മുന്‍ പാര്‍ട്ടി സെക്രട്ടറിയായ പുലി അവര്‍കള്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ ‘പടക്കം പൊട്ടിയ്ക്കണ്ട’ എന്ന് ഓര്‍ഡറിട്ടു. കേട്ടതും രണ്ട് പച്ച അമിട്ട് അധികം പൊട്ടി. ചമ്മല്‍ മായ്ക്കാന്‍ സാഹിബ് കുറച്ചൊന്നു മെനക്കെട്ടു. ‘അതു നമ്മടതല്ല’ എന്നായിരുന്നു പറഞ്ഞത്. വലിയ തങ്ങന്‍മാര്‍ക്കു പോലും കിട്ടാത്ത കൈയടിയും ആര്‍പ്പുവിളിയും സാഹിബിന് മാത്രം കിട്ടിയപ്പോള്‍ ചിലര്‍ കുശുകുശുത്തു ‘പാണ്ടിക്കാട്ടൂന്ന് ഇറക്കുമതി ചെയ്ത ആള്‍ക്കാരായിരിക്കും’. ഏതു സമ്മേളനത്തിനും ഉണ്ടാവും; പ്രസ് ഗ്യാലറി. ഇവിടുത്തെ ഗ്യാലറിയില്‍ പത്രക്കാരേക്കാള്‍ അധികം സംഘാടകരായിരുന്നു. പ്രസ് ഗ്യാലറിയില്‍ ആരും കയറരുതെന്ന് ഉച്ചഭാഷിണിയിലൂടെ അഴീക്കോട് നിയമസഭാ സാമാജികന്‍ വക അഭ്യര്‍ഥന അറബിയിലും മലയാളത്തിലും ഉണ്ടായെങ്കിലും മറുപടി ആയി വന്നത് രണ്ട് രസികന്‍ കാവി നിറമുള്ള ചരടിട്ട അമിട്ടുകളായിരുന്നു. പ്രസ്തുത എംഎല്‍എ പ്രസംഗത്തില്‍ അതിശക്തമായി ആയത്തും ഹദീസും പ്രാക്തന അറബിയില്‍ കാച്ചി. പക്ഷെ, ആള്‍ക്കൂട്ടം ശ്രദ്ധിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവന്‍ അറബിക്കടലില്‍ പതിക്കുന്ന നയനമനോഹര ഹരിത അമിട്ടുകളിലും പൂക്കുറ്റികളിലുമായിരുന്നു. പ്രവര്‍ത്തകര്‍ കരിയില പോലെ 100-50 ചെലവഴിച്ചു. വത്തക്കയുടെ പച്ച പീസുകളും കല്ലുമ്മക്കായ് റോസ്റ്റുകളും കടല്‍തീരത്തെ മാലിന്യമുഖരിതമാക്കി. കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഭാരിച്ച ജോലിയുണ്ടായി. സമയം അതിക്രമിച്ചപ്പോള്‍ പത്രലേഖകര്‍ ബ്യൂറോകളിലേക്ക് യാത്ര തിരിക്കാനെഴുന്നേറ്റു. പ്രവര്‍ത്തകര്‍ തടഞ്ഞു. ‘ആരും പോവാന്‍ പാടില്ല, ശമ്മേളനം ഇപ്പക്കഴിയും’. പോയെങ്കിലല്ലേ നാളത്തെ പത്രത്തില്‍ സമ്മേളന വിശേഷങ്ങള്‍ വരൂ… പത്രക്കാര്‍ കാര്യം വിശദീകരിച്ചപ്പോള്‍ യൂത്തന്‍മാരിലെ സര്‍വജ്ഞര്‍ ഒച്ച ഉയര്‍ത്തി ‘എല്ലാം കഴിഞ്ഞിട്ട് വിശദമായി റിപോര്‍ട്ട് ചെയ്താല്‍ മതി. നാളത്തെ പത്രത്തീ വന്നില്ലെങ്കിലും പ്രശ്‌നമില്ല…വികട സരസ്വതി വിളയാടുന്ന ചില പത്രക്കാര്‍ക്കു പോലും ഉത്തരം മുട്ടിപ്പോയി. സമ്മേളന നഗരിയില്‍ നിന്ന് പുറത്തുകടക്കാന്‍ പത്ത് പച്ച കവാടങ്ങളുണ്ടായിരുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെ പത്തു കവാടത്തിലും പത്രക്കാരെ തടയാന്‍ പ്രവര്‍ത്തകര്‍ ഉശിരും ഉയിരും പുറത്തെടുത്തു. ‘ഇത്രയും വലിയോരു സമ്മേളനം ഇങ്ങനെ അച്ചടക്കമില്ലാതെ അലങ്കോലമാക്കിയാലോ എന്നൊരു പഴയകാല പ്രവര്‍ത്തകന്‍ സങ്കടപ്പെട്ടപ്പോള്‍ പച്ച തലേക്കെട്ടും പച്ച കാലുറയും പച്ചക്കണ്ണടയും പച്ച മൊബൈലും പ്രദര്‍ശിപ്പിച്ച് ഒരു ‘യൂത്ത്’ സംശയം പ്രകടിപ്പിച്ചു. ‘അച്ചടക്കോ.. അദെന്താ.. സാധനം…
മൈക്ക് തുടച്ച സൗഹൃദ സംഗമം
അതിന്നിടെ സൂഫി ഉയിര്‍ത്തെഴുന്നേല്‍പ്പിനു മോദിജിയുടെ കൈ പിടിച്ചു മൊത്തിയ ഉസ്താദ് വക മാനവ സംഗമം അഥവാ സൗഹൃദ സമ്മേളനം പൊടിപൂരമായിരുന്നു. ഉസ്താദിന്റേതൊഴിച്ചുള്ള മുഴുവന്‍ സംഘടനകളേയും പരിഹസിക്കലും ഫസാദ് പറയലുമായിരുന്നു സൗഹൃദ സമ്മേളനത്തിലെ മുഖ്യ അജണ്ട. ഇതിനിടെ ഒരു ശനിദശ പിടിച്ച കാഴ്ചയുമുണ്ടായി. ക്രൈസ്തവ വിഭാഗത്തെ പ്രതിനിധീകരിച്ച് നല്ല ഇടയന്‍മാരിലൊരാള്‍ പ്രസംഗിച്ചു കഴിഞ്ഞാണ് ഉസ്താദ് വഅള് പറയാന്‍ എഴുന്നേറ്റത്. ഉടനെ ഒരു സൗഹൃദക്കാരന്‍ ടിഷ്യൂ പേപ്പറെടുത്ത് മൈക്ക് അടിമുടി തുടച്ചു. അത്തര്‍ പുരട്ടി ഖോജാത്തി സുറുമയെഴുതി. അതേ മൈക്കില്‍ പ്രസംഗിച്ച ഇടയന്‍ കാഴ്ച കണ്ട് നെഞ്ചത്ത് കൈ വച്ചു. ‘കര്‍ത്താവേ…. ഇതിനെന്തര്‍ത്തം….?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക