|    Aug 24 Thu, 2017 2:18 pm
Home   >  Arts & Literature  >  Art  >  

അങ്ങിനെ ഐസ് കട്ടയ്ക്കും പെയിന്റടിച്ചു

Published : 30th December 2016 | Posted By: Navas Ali kn

ekm_gl_aavishkaaram_prethirotham_ekm_161230182440328

ഐസ് കട്ടക്കയ്ക്ക് പെയിന്റടിക്കുന്നത് ഭ്രാന്തന്‍ പണിയാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ രാജ്യത്ത് ഫാസിസ്റ്റു ശക്തികളുടെ ഭ്രാന്തന്‍ ചിന്തകള്‍ ആവിഷ്‌കാരങ്ങള്‍ക്ക് വിലങ്ങണിയിക്കുന്ന കാലത്ത് ഇതും പ്രതിരോധമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പറ്റം കലാകാരന്മാര്‍. ഇവര്‍ ഐസ്‌കട്ടയില്‍ പെയിന്റടിച്ചും ചായത്തില്‍ കാല്‍മുക്കി നൃത്തച്ചുവടുവെച്ച് പടംവരച്ചും  നഗരത്തില്‍ സുഗന്ധം പരത്തിയും ചുവന്ന നിറത്തില്‍ പ്രതിരോധ രേഖ വരച്ചും എറണാകുളത്ത് നടത്തിയ പ്രതിഷേധം ജനങ്ങള്‍ക്ക് കൗതുകമായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഉയരുന്ന വെല്ലുവിളികള്‍ ശക്തമായതോടെയാണ് ചിത്ര,ശില്‍പ,സംഗീത,നാടക,സിനിമാ,സാഹിത്യ സാംസ്്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാര കൂട്ടായ്മയുടെ നേതൃത്വത്തില്‍ കലാകാരന്മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി നഗരവീഥിയില്‍ നിറഞ്ഞു നിന്നത്.  ഇന്നലെ ഉച്ചയക്ക് ഒന്നരയോടെ ഹൈക്കോടതിയില്‍ നിന്നും അഞ്ച് കലാകാരന്മാര്‍ സുഗന്ധ ട്രോളിയില്‍ കുന്തിരിക്കം കത്തിച്ച് നഗരത്തിലൂടെ കാല്‍ നടയായി ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗ്യാലറിയില്‍ എത്തി.
എഴുത്ത്, നാടകം, ചിത്രം, ശില്‍പ്പം എന്നീ കലകളോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും ഭീഷണികള്‍ നേരിടുന്ന സാഹചര്യം തുറന്നുകാട്ടാനാണ് അഞ്ച് കലാകാരന്മാര്‍ പ്രതിനിധികളായി സുഗന്ധ ട്രോളി നഗരത്തില്‍ യാത്ര നടത്തിയത്. സുഗന്ധട്രോളിയില്‍ നിന്ന് വീഴുന്ന ചുവന്ന പെയിന്റ് നഗരത്തില്‍ പ്രതിരോധ രേഖ വരച്ചു. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗ്യാലറിയുടെ മുറ്റത്ത് നടന്ന ഐസ്‌കട്ടയിലെ പെയിന്റിങില്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുളളകാഴ്ചക്കാരും പങ്കാളികളായി. റോഡരുകില്‍ മീറ്ററുകളോളം നീളത്തില്‍ പേപ്പര്‍ വിരിച്ച് അതില്‍ ചിത്രം വരച്ചും പ്രതിഷേധം അരങ്ങേറി.തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് എത്തിയ ഇന്‍സ്റ്റലേഷനുകള്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അണിനിരന്നു. കാലുകള്‍ പെയിന്റില്‍ മുക്കി ക്യാന്‍വാസിനു മുകളില്‍ നൃത്ത ചുവടുകളിലൂടെ ചിത്രം വരച്ചും കലാകാരന്മാര്‍ ഫാസിസത്തിനെതിരേ പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക