|    Jun 20 Wed, 2018 1:17 pm
FLASH NEWS
Home   >  Kerala   >  

അങ്ങിനെയെങ്കില്‍ പ്രതിപക്ഷത്തിരിക്കുന്നതാണുത്തമം

Published : 24th December 2016 | Posted By: G.A.G

imthihan-SMALL
സ്വതവേ നീതി പ്രിയനായിരുന്നു അയാള്‍. ഒരു വിഷയത്തിലും ആരോടും പക്ഷഭേദം കാണിക്കാന്‍ അശേഷം താല്‍പര്യമില്ലത്തയാള്‍. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അയാളുടെ വീട്ടില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടത്. സ്വഭാവികമായും ഒരുഭാഗത്ത് അയാളുടെ അമ്മയും മറുഭാഗത്ത് അയാളുടെ ഭാര്യയുമായിരുന്നു പ്രതികള്‍. കലഹം നിയന്ത്രണാതീതമായി ക്രമസമാധാന നില വഷളാകുന്ന ഘട്ടത്തിലായപ്പോള്‍ അയാള്‍ ഇടപെട്ടു. അപ്പോഴും തന്റെ നീതിബോധം അദ്ദേഹം കൈവിട്ടില്ല. ഇരു കക്ഷികളെയും തുല്യരീതിയില്‍ പ്രഹരിച്ചു.

സ്വന്തം അമ്മയെ തല്ലിയവനെന്ന് ആളുകള്‍ ആക്ഷേപിച്ചപ്പോഴും എല്ലാവരോടും തുല്യനീതി കാട്ടിയെന്ന നിലപാടിലായിരുന്നു ടിയാന്‍. വര്‍ഗീയതയോടുളള മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി പി എം)പ്രഖ്യാപിത നിലപാട് മുകളിലെ കഥാപാത്രത്തിന്റെ നിലപാടിനോട് സദൃശ്യപ്പെടുത്താമെന്ന് തോന്നുന്നു. ഇന്ത്യാരാജ്യം സവര്‍ണ ഹിന്ദുത്വവാദികള്‍ക്ക് പൈതൃകസ്വത്തായി അനന്തരം ലഭിച്ചതാണെന്നും ആര്‍ഷസംസ്‌കൃതിയില്‍ വിശ്വസിക്കാത്തവര്‍ ഈ രാജ്യം വിട്ടുപൊയ്‌ക്കൊളളമെന്നും ആക്രോശിക്കുന്ന ഹിന്ദുത്വ വര്‍ഗീയതയെ സി പി എം എതിര്‍ക്കുന്നു. അതോടൊപ്പം ഹിന്ദുത്വവാദികളുടെ വിധ്വസംകപ്രവര്‍ത്തനങ്ങളുടെ പ്രതിപ്രവര്‍ത്തനമെന്ന രീതിയിലോ അല്ലാതെയോ മുസലിംകളാദി ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നതിനെയും പാര്‍ട്ടി എതിര്‍ക്കുന്നു.

പൊതുതിരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ അതാത് സമയത്തെ കാറ്റിന്റെ ഗതിനോക്കി   യശശരീരനായ ഇഎം എസ് നമ്പൂതിരിപ്പാടിനെപ്പോലുളള പാര്‍ട്ടി സൈദ്ധാന്തികന്‍മാര്‍ ന്യൂനപക്ഷ/ഭൂരിപക്ഷ വര്‍ഗിയതകളെ മാറി മാറി തലോടുകയും തഴുകുകയും ചെയ്യാറുണ്ട്.
ഇന്ത്യാ രാജ്യത്തെ കഴുത്തറ്റം പിടിമുറുക്കിയ ഹിന്ദുത്വ ഫാഷിസത്തിന് ഭരണസ്വാധീനം ഇനിയും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ മതേതര പച്ചതുരുത്തുകളിലൊന്നായ കേരളത്തെ ഫാഷിസത്തിന്റെ പിടിയിലകപ്പെടുന്നതില്‍ നിന്നു രക്ഷിക്കുക എന്നതായിരുന്നുവല്ലോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഏറെ മുഴങ്ങിക്കേട്ട മുദ്രാവാക്യം. ഇരു മുന്നണികള്‍ മാറി മാറി ഈ മുദ്രാവാക്യത്തെ ഉപയോഗിച്ചെങ്കിലും അതിന്റെ മുഖ്യഗുണഭോക്താവ് ഇടതുമുന്നണിയായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും അരങ്ങേറിയ പശുകടത്ത്-ബീഫ് വിവാദങ്ങളിലും അനുബന്ധകൊലപാതകങ്ങളിലും മുസ്‌ലിം ന്യൂനപക്ഷം പകച്ചു നിന്നപ്പോള്‍ സര്‍വ്വകലാശാലകളിലും പുറത്തും ബീഫ്‌ഫെസ്റ്റുകള്‍ നടത്തിയതും വിവിധ വിഷയങ്ങളില്‍ മുസലിം സമുദായത്തിന്റെ വൈകാരിക തരംഗദൈര്‍ഘ്യത്തിനനുസരിച്ച് നിലപാടുകള്‍ ട്യൂണ്‍ചെയ്തതും ഇടതുമുന്നണിക്ക് തുണയായി.

മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ പോലും  എല്‍ ഡിഎഫ്  സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ചു. അങ്ങനെ യു ഡി എഫിനെ നാമാവശേഷമാക്കികൊണ്ട് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമന്ത്രിസഭ അധികാരത്തിലേറി. മോദി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലുടനീളം പുതുമഴക്ക് ശേഷം തഴച്ചുവളരുന്ന തകര പോലെ   അസഹിഷ്ണുതയും മുസ്‌ലിം അപരവല്‍ക്കരണവും ശക്തി പ്രാപിച്ച വേളയില്‍   ആര്‍ എസ് എസിനോട് ഇഞ്ചോടിഞ്ച് പൊരുതിയ പാരമ്പര്യമുളള പിണറായി വിജയനെപ്പോലൊരാള്‍ മുഖ്യമന്ത്രിയാവുന്നതോടെ സഹ്യനിപ്പുറമെങ്കിലും ഫാഷിസ്റ്റ് ശക്തികളുടെ പിത്തലാട്ടം അടിച്ചമര്‍ത്തപ്പെടുമെന്നും ന്യൂനപക്ഷങ്ങളുടെ അന്യതാബോധത്തിന് അറുതി വരുമെന്നും മതേതര മനസുകള്‍ കണക്കു കൂട്ടി.

എന്നാല്‍ മോദി പ്രഭാവം ഭൂരിപക്ഷ സമുദായ മനസുകളെ തങ്ങളില്‍ നിന്നും അകറ്റുന്നതു തടയുന്നതിനോ കേന്ദ്രസര്‍ക്കാരിന്റെ തിട്ടൂരങ്ങളെ ഭയന്നിട്ടോ പിണറായി സര്‍ക്കാറിന്റെ പല നടപടികളും ന്യൂനപക്ഷ വിരുദ്ധം മാത്രമല്ല ജനാധിപത്യ വിരുദ്ധം പോലുമായിത്തീരുന്നു.  ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ വ്യാപകമല്ലെങ്കിലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇടതു ഭരണത്തിന്‍ കീഴില്‍ നടക്കുന്നു. സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത യു എ പി എ കേസുകളില്‍ നല്ലൊരു പങ്കും കേവലം ആറു മാസം മുമ്പ് അധികാരമേറ്റെടുത്ത ഇടതുസര്‍ക്കാരിന്റെ കാലത്താണ് എന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊളളുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എത്രമാത്രം അപമാനകരമാണ്. യു എ പി എ കേരളത്തില്‍ ഉദ്ഘാടനം ചെയ്തതും അവര്‍തന്നെ ! കരിനിയമങ്ങളുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും തിക്തഫലങ്ങള്‍ വ്യക്തിപരമായി തന്നെ അനുഭവിച്ചിട്ടുളള വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി.

പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഫാഷിസ്റ്റ് ശക്തികളുടെ തിട്ടൂരമനുസരിച്ചാണ് സംസ്ഥാന പോലീസ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെളിവുകള്‍ സഹിതം മുന്നോട്ടുവയ്ക്കുന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇസലാമിക മത പ്രഭാഷകര്‍ക്കു നേരെ യു എ പി എ ചുമത്തുമ്പോള്‍ പരമതവിദ്വേഷത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കാവുന്ന ഒരു ടീച്ചര്‍ സര്‍വതന്ത്രസ്വതന്ത്രയായി വിഷം ചീറ്റല്‍ തുടരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളെയും സംഘടനകളെയും അരക്ഷിത ബോധം അലട്ടുന്നു. ഇനി സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി കേന്ദ്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത് എന്നാണെങ്കില്‍ രാജി വെച്ച് പോലീസ് രാജിനെതിരായി സമരം ചെയ്യുകയായിരിക്കും സി പി എം പോലുള്ള ഒരു പ്രസ്ഥാനത്തിനുചിതം എന്നു മാത്രം സൂചിപ്പിക്കട്ടെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss