|    Jun 23 Sat, 2018 11:41 pm
FLASH NEWS

അങ്കമാലി ഡിസ്റ്റില്‍ എംസിഎ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

Published : 25th January 2017 | Posted By: fsq

 

അങ്കമാലി: അങ്കമാലി ഡിസ്റ്റില്‍ എംസിഎ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ഡിസ്റ്റില്‍ എംജി യൂനിവേഴ്‌സിറ്റിയുടെ എംസിഎ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം പുറത്തുവരാത്തതിനെ തുടര്‍ന്നാണ് 38 ഓളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നത്. എംജി യൂനിവേഴ്‌സിറ്റിയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ എംസിഎ വിദ്യാര്‍ഥികളുടെ പരീക്ഷഫലം പുറത്തിറങ്ങിയിട്ട് 22 ദിവസം കഴിഞ്ഞിട്ടും അങ്കമാലി ഡിസ്റ്റ് കോളജില്‍ പഠിക്കുന്ന കുട്ടികളുടെ പരീക്ഷഫലംമാത്രം ഇതുവരെ ലഭിച്ചിട്ടില്ല. കോളജ് അധികൃതര്‍ യൂനിവേഴ്‌സിറ്റിക്ക് അയക്കേണ്ട വിദ്യാര്‍ഥികളുടെ ഇന്റേണ്‍ മാര്‍ക്ക് ശരിയായ രീതിയില്‍ യൂനിവേഴ്‌സിറ്റിക്ക് അയക്കാതിരുന്നതാണ് പരീക്ഷാ ഫലം ലഭിക്കാതെ പോയതെന്ന് പറയപ്പെടുന്നു. എംജി യൂനിവേഴ്‌സിറ്റിയുമായി ഡിസ്റ്റ് അധികൃതര്‍ക്ക് കേസുള്ളതുകൊണ്ട് പരീക്ഷഫലം ലഭിക്കാന്‍ വൈകുന്നതിന് കാരണമായിട്ടുണ്ടന്നും പറയപ്പെടുന്നു. പരീക്ഷാഫലം ഇനിയും വൈകിയാല്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് രണ്ടാമതും പരീക്ഷയെഴുതുന്നതിനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. ശരിയായ രീതിയില്‍ അധികൃതര്‍ ഇന്റേണ്‍ മാര്‍ക്ക് അയക്കാതിരുന്നതുമൂലം ഒരോ വിദ്യാര്‍ഥികളും യൂനിവേഴ്‌സിറ്റിയ്ക്ക് ആയിരം രൂപ വീതം പിഴ അടിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡിസ്റ്റ് അധികൃതര്‍ പിഴവുകള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഡിസ്റ്റില്‍ നടത്തുന്ന ഒരോ കോഴ്‌സിനും യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ലക്ഷങ്ങള്‍ വാങ്ങിയാണ് നടത്തുന്നത്. മികച്ച അധ്യാപകരെ നിയമിക്കുന്നതിനുപോലും ഡിസ്റ്റ് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ലക്ഷങ്ങള്‍ ഫീസായി വാങ്ങുന്ന കോളജ് അധികൃതര്‍ മികച്ച അധ്യാപകര്‍ക്ക് മികച്ച വേതനം നല്‍കാത്തതുമൂലം കോളജില്‍നിന്നും വിട്ടുപോയതാണ് പ്രശ്‌നമായത്. മികച്ച ജീവനക്കാര്‍ ഇല്ലാത്തതുമൂലം കോളജിന്റെ നിലവാരം ഒരോ ദിവസവും കുറഞ്ഞുവരികയാണന്ന ആക്ഷേപവും ശക്തമാണ്. വിദ്യാര്‍ഥികളുടെ ഭാവി നശിക്കാന്‍ സാധ്യതയുള്ള ഡിസ്റ്റ് അധികൃതരുടെ ഇത്തരം പ്രവണതകള്‍ക്കെതിരേ ഡിസ്റ്റ് വിദ്യാര്‍ഥി സംരക്ഷണ സമിതി രൂപീകരിച്ച് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. എംജി യൂനിവേഴ്‌സിറ്റി ഉള്‍പടെ നിരവധി യൂനിവേഴ്‌സിറ്റികളുടെ വിവിധ കോഴ്‌സുകള്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് നടത്തുന്നതെന്നും നിസാര കാര്യങ്ങള്‍ക്കുപോലും ഫൈന്‍ അടിപ്പിച്ച് വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന നയമാണ് ഇവിടെ നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഇത്തരം ആക്ഷേപം ഉന്നയിക്കുന്ന വിദ്യാര്‍ഥികളെ ക്ലാസിന് പുറത്ത് നിര്‍ത്തി ഹാജര്‍ നില കുറച്ചുകാണിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്ന നയങ്ങളും ഉള്‍പടെ ക്രൂരമായ നടപടികളാണ് മാനേജ്‌മെന്റ് നടത്തിവരുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss