|    Nov 24 Fri, 2017 3:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അങ്കമാലി-കാലടി പാതയുടെ ഉദ്ഘാടനം ഈ സാമ്പത്തിക വര്‍ഷം: മന്ത്രി

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പ്പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയുടെ പണി ഏകദേശം പൂര്‍ത്തിയായതായി മന്ത്രി ജി സുധാകരന്‍. പാതയുടെ ഉദ്ഘാടനം ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. നിര്‍ദിഷ്ട പദ്ധതി പ്രധാനമന്ത്രിയുടെ പ്രഗതി സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലടി സ്റ്റേഷന്റെ പണിയും പെരിയാര്‍ നദിക്കു കുറുകെയുള്ള പാലംപണിയും പുരോഗതിയിലാണ്. 24.40 ഹെക്ടര്‍ സ്ഥലം ഈ റെയില്‍പ്പാതയ്ക്കായി കൈമാറിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ 13ഓളം വില്ലേജുകളിലൂടെയാണ് ശബരിപാത കടന്നുപോകുന്നത്. ഇതില്‍ മൂന്നു വില്ലേജുകളുടെ അലൈന്‍മെന്റ് സ്‌കെച്ചുകള്‍ മാത്രമേ റെയില്‍വേ സമര്‍പ്പിച്ചിട്ടുള്ളൂ. ഇതു പ്രകാരമുള്ള സ്ഥലമെടുപ്പ് തുടര്‍ന്നുവരുന്നു. ഇതിനായി റെയില്‍വേ ആവശ്യപ്പെട്ടാല്‍ പോലിസ് സംരക്ഷണം നല്‍കും. ശബരിപാതയുടെ പ്രാരംഭ ചെലവുകള്‍ക്കായി രണ്ടു കോടി രൂപ പൊന്നുംവില ഓഫിസര്‍ക്ക് അനുവദിച്ചെങ്കിലും ചെലവഴിച്ചിട്ടില്ല. റെയില്‍വേക്കായി ഭൂമി ഏറ്റെടുക്കുന്നതിന് പ്രവര്‍ത്തിച്ചിരുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) പെരുമ്പാവൂര്‍, എറണാകുളം എന്നീ കാര്യാലയങ്ങള്‍ 2015ല്‍ നിര്‍ത്തലാക്കിയതോടെ ഫയലുകളും മറ്റു വിവരങ്ങളും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) ജനറല്‍ എറണാകുളത്തിനു കൈമാറിയിരുന്നു. എന്നാല്‍, ഈ കാര്യാലയത്തില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ സ്ഥലമെടുപ്പ് മന്ദഗതിയിലാണ്. ശബരിപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി രണ്ടു പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കാര്യാലയങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഈ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതോടെ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതഗതിയിലാവും. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനും നടപടികള്‍ ഏകോപിപ്പിക്കുന്നതിനും ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക