|    Feb 28 Tue, 2017 8:47 pm
FLASH NEWS

അങ്കത്തട്ടൊരുക്കി തേഞ്ഞിപ്പലം; സ്‌കൂള്‍ കായികോല്‍സവത്തിന് നാളെ തുടക്കം; ആദ്യ ദിനം 18 ഫൈനലുകള്‍

Published : 2nd December 2016 | Posted By: SMR

മലപ്പുറം: മലബാറിന്റെ പാഠശാല ആതിഥ്യമരുളുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആവേശപ്പോരാട്ടത്തിലേക്ക് ഇനി ഈ രാവിന്റെ ഇടവേളമാത്രം.  നാളെ മുതല്‍ നാല് ദിനങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക് സ്്‌റ്റേഡിയം കുരുന്നു പ്രതിഭകളുടെ കായിക മാമാങ്കത്തിന്റെ  തലസ്ഥാനം.
സംസ്ഥാന സ്‌കൂള്‍ കായികമേള എന്നതിന് പകരമായി സംസ്ഥാന സ്‌കൂള്‍കായികോല്‍സവം എന്ന പേരിലേക്കു മാറിയതിന് ശേഷമുള്ള ആദ്യ മാമാങ്കത്തിനാണ് സര്‍വ്വകലാശാല സ്‌റ്റേഡിയം വേദിയാവുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയം സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് വേദിയാകുന്നത്. ദേശീയ യൂത്ത് ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ക്ക് ആതിഥ്യമരുളിയ പരിചയമുണ്ട് സിന്തറ്റിക് ട്രാക്കിന്. മൂന്നിന് രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും.3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഒളിംപ്യന്‍ പി ടി ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി എ ശ്രീജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. കായികമേള ലോഗോ രൂപകല്‍പന ചെയ്ത ബാപ്പുട്ടി കോട്ടക്കലിന് ഒളിംപ്യന്‍ കെ ടി ഇര്‍ഫാന്‍ ഉപഹാരം നല്‍കും.
മീറ്റിന്റെ ആദ്യദിനം 18 ഫൈനലുകളാണ് നടക്കുക. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മീറ്റിന് തുടക്കമാവുക. തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോ (1.75 കി.ഗ്രാം), ഷോട്ട്പുട്ട് (നാല് കി.ഗ്രാം ജൂനിയര്‍ ഗേള്‍സ്), 3000 മീറ്റര്‍ (ജൂനിയര്‍ ഗേള്‍സ്), ലോങ്ജംപ് (ജൂനിയര്‍ ബോയ്‌സ്), ഹൈജംപ് (സബ് ജൂനിയര്‍ ബോയ്‌സ്) എന്നീ ഫൈനലുകള്‍ പതാകയുയര്‍ത്തുന്നതിന് മുമ്പായി പൂര്‍ത്തീകരിക്കും. സബ് ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളിലെ 400 മീറ്ററിന്റെ ഹീറ്റ്‌സും ഇതോടൊപ്പം നടക്കും.
പതാക ഉയര്‍ത്തിയതിനുശേഷം ലോങ്ജംപ് (സീനിയര്‍ ആണ്‍), ജാവലിങ് ത്രോ ( ജൂനിയര്‍ ആണ്‍), ഡിസ്‌ക്കസ് ത്രോ
(സീനിയര്‍ പെണ്‍) എന്നീ ഫൈനലുകളോടൊപ്പം ജൂനിയര്‍ ആണ്‍, സീനിയര്‍ പെണ്‍ വിഭാഗങ്ങളിലെ 400 മീറ്റര്‍, സീനിയര്‍ ആണ്‍ 400 മീറ്റര്‍, എല്ലാ വിഭാഗങ്ങളിലും 4 ഃ100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളുടെ ഹീറ്റ്‌സും ഉച്ചക്ക് മുമ്പായി പൂര്‍ത്തീകരിക്കും.
ഉച്ചക്ക് ശേഷം സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപ്, എല്ലാ വിഭാഗങ്ങളിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ ഫൈനല്‍ മത്സരങ്ങളും നടക്കും. പകല്‍ മൂന്നോടെ കായികോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും.
രണ്ടാംദിനത്തില്‍ 21 ഇനങ്ങളുടെ ഫൈനലുകള്‍ക്ക് സ്‌റ്റേഡിയം സാക്ഷ്യംവഹിക്കും. തിങ്കളാഴ്ച 33 ഫൈനലുകളുണ്ട്. ആറ് വിഭാഗങ്ങളിലെയും അതിവേഗ ഓട്ടക്കാരെ കണ്ടെത്താനുള്ള 100 മീറ്റര്‍ മല്‍സരങ്ങള്‍ ഞായറാഴ്ച നടക്കും.
സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് ആറ് വിഭാഗങ്ങളിലെയും 200 മീറ്റര്‍ ഓട്ടം.
സമാപനസമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനദാനം നിര്‍വഹിക്കും.  വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതിയംഗങ്ങളായ പി അബ്ദുല്‍ ഹമീദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍കലാം, ഡി ഡി സഫറുള്ള, സലാം, ചാക്കോ, ജയപ്രകാശ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day