|    Jan 17 Tue, 2017 12:46 pm
FLASH NEWS

അങ്കത്തട്ടില്‍ ആധിപത്യം നേടി വയനാട്ടിലെ ഗോത്രവര്‍ഗക്കാര്‍

Published : 25th October 2015 | Posted By: SMR

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ അങ്കത്തട്ടില്‍ ഗോത്രവര്‍ഗക്കാ ര്‍ക്ക് ആധിപത്യം. സംവരണവാര്‍ഡുകളില്‍ മാത്രമല്ല, ജനറല്‍ വാര്‍ഡുകളിലും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ഥിയായിട്ടുണ്ട്. അമ്പെയ്ത്തുകാരി മുതല്‍ ഉന്നത വിദ്യാഭ്യാസം നേടിയ പണിയ യുവാവ് വരെ മല്‍സരരംഗത്ത് സജീവമാണ്. സാധാരണയില്‍ അവഗണിക്കപ്പെടാറുള്ള ഏറ്റവും പിന്നാക്ക വിഭാഗങ്ങളായ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍നിന്നും സ്ഥാനാര്‍ഥികളുണ്ട്.
കോട്ടത്തറ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കുന്നത്തായിക്കുന്നില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കോട്ടത്തറ വൈപ്പടി വീട്ടില്‍ വി ബി ലിനിത മന്ത്രി പി കെ ജയലക്ഷ്മിക്ക് പിന്‍ഗാമിയാവാനൊരുങ്ങുകയാണ്. 21കാരിയായ ലിനിത ദേശീയ അമ്പെയ്ത്ത് താരം കൂടിയാണ്. നാലുതവണ ദേശീയതലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ലിനിത ഇന്റര്‍ യൂനിവേഴ്‌സിറ്റിയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. മാനന്തവാടി ഗവ. കോളജ് മുന്‍ വിദ്യാര്‍ഥിനിയാണ്. കോട്ടത്തറ മുന്‍ പഞ്ചായത്ത് മെംബറായ വി ആര്‍ ബാലന്റെയും ലക്ഷ്മിയുടെയും മകളായ ലിനിത കോളജില്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ ആദ്യാക്ഷരം കുറിച്ചത്. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് പുല്‍പള്ളി ഡിവിഷനില്‍നിന്നു സിപിഐ ടിക്കറ്റില്‍ ജനവിധി തേടുന്നത് ഉന്നത വിദ്യാഭ്യാസം നേടിയ പണിയ സമുദായാംഗമാണ്. ഇ ബി അനീഷാണ് ഇവിടെ മല്‍സരിക്കുന്നത്. ചീയമ്പം 73 കോളനിയിലെ ഭാസ്‌കരന്‍ കറുപ്പന്‍-സരോജിനി ദമ്പതികളുടെ നാലു മക്കളില്‍ മൂത്തയാളാണ് 30കാരനായ അനീഷ്.
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍നിന്നു 2010ല്‍ ഒന്നാം ക്ലാസോടെ എംഎസ്ഡബ്ല്യൂ നേടിയ അനീഷ് നെന്മേനി പഞ്ചായത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി സേവനം അനുഷ്ഠിച്ചുവരുകയാണ്. ജില്ലയില്‍ പണിയ വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ബിരുദാനന്തര ബിരുദധാരിയും സംസ്ഥാനത്ത് ആദ്യമായി എംഎസ്ഡബ്ല്യു കരസ്ഥമാക്കുന്ന പണിയ സമുദായാംഗവുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് മുട്ടില്‍ ഡിവിഷനില്‍നിന്ന് പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ വനിതാ പോരാളികളാണ് മല്‍സരരംഗത്ത്. യുഡിഎഫിനും എല്‍ഡിഎഫിനും മല്‍സരാര്‍ഥികള്‍ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ നിന്ന്.
ഇവിടെ യുഡിഎഫിനായി പണിയ സമുദായത്തില്‍നിന്നുള്ള മിനി വാഴവറ്റയാണ് മല്‍സര രംഗത്തുള്ളത്. എല്‍ഡിഎഫിനായി കാട്ടുനായ്ക്ക വിഭാഗത്തില്‍നിന്നുള്ള ശ്രീജ രാജേന്ദ്രനും. 2000ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനായി മല്‍സരിച്ച് വാഴവറ്റയില്‍നിന്ന് പഞ്ചായത്തംഗമായിട്ടുണ്ട് മിനി.
അതിനു ശേഷം എസ്‌സി പ്രമോട്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി എടപ്പെട്ടി കോല്‍പ്പാറ േകാളനിയിലെ ശ്രീജ കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക