|    Oct 22 Sun, 2017 3:02 am

അങ്കണവാടി ജീവനക്കാരുടെ നിയമനം;സാമൂഹികനീതി ഓഫിസ് ഉപരോധിച്ചു

Published : 14th July 2017 | Posted By: fsq

 

മാനന്തവാടി: വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് ഇന്നുമുതല്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതിനെതിരേ ജനപ്രതിനിധികളുള്‍പ്പെടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സാമൂഹികനീതി ഓഫിസ് എട്ടു മണിക്കൂറോളം ഉപരോധിച്ചു. സ്ഥലം എംഎല്‍എ ഒ ആര്‍ കേളു ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു ഇന്നു നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചുകൊണ്ട് ബുധനാഴ്ച വൈകീട്ട് സാമൂഹികനീതി ഓഫിസര്‍ ഉത്തരവിറക്കിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഏകപക്ഷീയമായി പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയതിനാല്‍ കൂടിക്കാഴ്ച റദ്ദാക്കാന്‍ നടപടിയെടുക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. രണ്ടു പഞ്ചായത്തുകളിലായി ഒഴിവുള്ള ഇരുപതോളം തസ്തികളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ച് ഇന്നും അടുത്ത ദിവസങ്ങളിലുമായി ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിലേക്കായി തൊള്ളായിരത്തേളം പേര്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഈ മാസം അഞ്ചിനാണ് മാനന്തവാടി എംഎല്‍എ പരാതി നല്‍കിയത്. സാമൂഹികനീതി ഓഫിസറുടെ നടപടി പിന്‍വലിക്കുകയോ ജില്ലയിലെ മുഴുവന്‍ കൂടിക്കാഴ്ചകളും മാറ്റിവയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, വെള്ളമുണ്ട, എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, വാര്‍ഡംഗങ്ങള്‍, യുഡിഎഫ് പ്രവര്‍ത്തകര്‍ തുടങ്ങയവര്‍ ഇന്നലെ രാവിലെ 10 മുതല്‍ പീച്ചംകോട്ടെ സാമൂഹികനീതി ഓഫിസ് ഉപരോധിച്ചത്. രണ്ടു സ്ത്രീ ജീവനക്കാരുള്‍പ്പെടെ നാലുപേരായിരുന്നു ഇവിടെയുണ്ടായിരുന്നത്. വൈകീട്ട് വരെ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയോ ചര്‍ച്ചയ്ക്കായി ആരെങ്കിലും എത്തുകയോ ഉണ്ടായില്ല. ഇതിനിടയില്‍ ജീവനക്കാരെയും പോലിസിനെയും സമരക്കാര്‍ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടത് നേരിയ സംഘര്‍ഷത്തിനുമിടയാക്കി. ആറോടെ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തു വെള്ളമുണ്ട പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നാലാംമൈലില്‍ റോഡുപരോധിച്ചു. ഇതിനിടയില്‍ യുഡിഎഫ് നേതാക്കളും എംഎല്‍യുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍, മണ്ഡലത്തിലെ മുഴുവന്‍ കൂടിക്കാഴ്ചകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കുകയും ഇതുസംബന്ധിച്ച് ഐസിഡിഎസ് ഓഫിസര്‍ക്ക് കത്ത് നല്‍കുകയും ചെയ്തതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ജനപ്രതിനിധികളെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക