|    Nov 21 Wed, 2018 12:45 am
FLASH NEWS

അങ്കണവാടിക്കു മുന്നില്‍ കിടക്കുന്ന കരിങ്കല്‍ക്കൂന മാറ്റാന്‍ പ്രദേശവാസി തടസ്സം നില്‍ക്കുന്നതായി ആക്ഷേപം

Published : 15th August 2018 | Posted By: kasim kzm

തൃശൂര്‍: കോലഴി പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ പുതിയതായി നിര്‍മിച്ച അങ്കണവാടിക്കുമുമ്പില്‍ കിടക്കുന്ന കരിങ്കല്‍ക്കൂന മാറ്റാന്‍ പ്രദേശവാസി തടസ്സം നില്‍ക്കുന്നതായി ആക്ഷേപം. പുറമ്പോക്ക് ഭൂമി വളച്ചുകെട്ടി കൈവശം വെച്ചിരുന്ന പ്രദേശവാസിയാണ് അങ്കണവാടിയോട് ചേര്‍ന്നുകിടക്കുന്ന പുറമ്പോക്കിലെ കരിങ്കല്‍ക്കൂനകള്‍ മാറ്റാന്‍ തടസ്സം നില്‍ക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇരുപത്തഞ്ചോളം കുരുന്നുകള്‍ ഓടിക്കളിക്കേണ്ട അങ്കണവാടിക്ക് സമീപം കിടക്കുന്ന കല്ലുകള്‍ കുട്ടികള്‍ക്ക് ഭീഷണിയാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പഞ്ചായത്ത് പ്രശ്‌നത്തില്‍ ഇടപെട്ടുവെങ്കിലും അങ്കണവാടിയുടെ ഉദ്ഘാടന ചടങ്ങിന് മുന്‍പ് ഇവിടുത്തെ തടസ്സം നീക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പ്രശ്‌നത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ കല്ലും മണ്ണും നീക്കാന്‍ പോലിസ് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നറിയിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ അടിയന്തരയോഗം ചേര്‍ന്നതല്ലാതെ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടില്ല.
സ്ഥലം എംഎല്‍എ ഇടപെട്ടിരുന്നുവെങ്കില്‍ പ്രശ്‌നം നേരത്തെ പരിഹരിക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം അങ്കണവാടി വെല്‍ഫെയര്‍ കമ്മറ്റി പുറമ്പോക്കിലെ തടസ്സം നീക്കാന്‍ എത്തിച്ച ജെസിബിയും ടിപ്പറും പുറമ്പോക്ക് ഭൂമി കൈവശം വച്ചിരിക്കുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും ഇവര്‍ ആരോപിക്കുന്നു.
വിവാദമുണ്ടായ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് എംഎല്‍എ വിട്ടുനില്‍ക്കുകയും ചെയ്തു. പികെ ബിജു എംപി അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോലഴി പഞ്ചായത്ത് പ്രിസിഡന്റ് എജെ ഷാജു അധ്യക്ഷനായിരുന്നു. വാര്‍ഡ് അംഗം ആലീസ്, ഡേവീസ് കണ്ണനായ്ക്കല്‍, സുജാത മുരളീധരന്‍, ടിആര്‍ ശോഭന, പഞ്ചായത്തംഗങ്ങള്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss