|    May 24 Wed, 2017 4:11 am
FLASH NEWS

അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും: മന്ത്രി

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങുന്നതിന് പ്രത്യേക അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 284.41 കോടി രൂപ ഇതിനകം ചെലവാക്കിയെന്നും സുനില്‍കുമാര്‍ പറഞ്ഞു.
റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ രണ്ടാംഘട്ടം ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ ആരംഭിച്ചു. ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. നാളികേര സംഭരണത്തില്‍ 69 കോടിയുടെ അഴിമതി നടന്നെന്ന പരാതി വിജിലന്‍സ് അന്വേഷിച്ചുവരുകയാണ്. നെല്ലുസംഭരണ കരാറിലെ അപാകതകള്‍ ബന്ധപ്പെട്ട മില്ലുടമകളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്ന 3,56,000 പേരില്‍ ഒരു ലക്ഷത്തോളം പേര്‍ അനര്‍ഹരാണെന്ന് ധനവകുപ്പ് കണ്ടെത്തി. ഇത് പരിഹരിച്ച് അര്‍ഹരായവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
റബറിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായി റോഡ് നിര്‍മാണത്തില്‍ റബര്‍ ഉപയോഗിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി സുധാകരനും അറിയിച്ചു. മന്ത്രിമാരുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭ വിടുകയുമായിരുന്നു. വിലസ്ഥിരതാഫണ്ട് പദ്ധതിയുടെ നടത്തിപ്പിലെ പോരായ്മയാണ് റബര്‍ വിലയിടിവിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. റബര്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെ എം മാണി അടിയന്തരപ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരെ അവഗണിക്കുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day