|    Apr 30 Sun, 2017 8:21 pm
FLASH NEWS

അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ പേരില്‍ തിരിമറിയെന്ന്

Published : 27th October 2016 | Posted By: SMR

ആലപ്പുഴ: ജില്ലാകലക്ടര്‍ ചെയര്‍മാനായി ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ വ്യാപക തിരിമറി നടക്കുന്നതായി ആക്ഷേപം. 1990 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ സൊസൈറ്റിയുടെ വരവു ചെലവു പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച കര്‍ഷക സംഘടനാ പ്രതിനിധികള്‍ വിവരാവകാശ രേഖകളിലൂടെ ആവശ്യപ്പെട്ടിരുന്നു. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്ടര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയതിനാല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട യാതൊരുവിധ ഫയലുകളും വരവു ചെലവു കണക്കുകളും എവിടെയും സൂക്ഷിച്ചിട്ടില്ലെന്നാണ് ഇന്‍ഫ ര്‍മേഷന്‍ സൂപ്രണ്ട് നല്‍കിയ മറുപടി. കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നതിനും കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവസരം ഒരുക്കുന്നതിനുമാണ് സൊസൈറ്റി രൂപീകരിച്ചത്. എന്നാ ല്‍ വര്‍ഷം തോറും മുല്ലക്കല്‍ ചിറപ്പ് മഹോല്‍സവത്തോടനുബന്ധിച്ച് ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ മൈതാനത്ത് കാര്‍ഷികമേള നടത്തുക എന്ന പതിവു പ്രവര്‍ത്തനം മാത്രമാണ് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്നത്. ഇരുപതിനായിരം മുതല്‍ പതിനയ്യായിരം രൂപ വരെ വാങ്ങിയാണ് സൊസൈറ്റി മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നത്. എന്നാല്‍ മേള നടത്താന്‍ നബാര്‍ഡിന്റെയും കൃഷിവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും സാമ്പത്തിക സഹായവും സൊസൈറ്റി കൈപ്പറ്റുന്നുണ്ട്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സൊസൈറ്റി ആയതിനാല്‍ കര്‍ഷകരും പൊതുജനങ്ങളും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യാതൊന്നും തിരക്കാറില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. സൊസൈറ്റി ആരംഭിച്ചപ്പോള്‍ മുതല്‍ മാറാതെ തുടരുന്ന ഭരണസമിതിയും ഇതു സംബന്ധിച്ചു വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് പരാതി. സൊസൈറ്റി ഭരണസമിതിയുടെ പൂര്‍ണവിവരങ്ങള്‍ തിരഞ്ഞെടുപ്പു രീതി, എത്രതവണ, എവിടെ വച്ചു യോഗം കൂടി, ആരൊക്കെയാണ് ഭരണസമിതി അംഗങ്ങള്‍, അഗ്രിഹോള്‍ട്ടി കര്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കലക്ടറുടെ കാര്യാലയത്തില്‍ നിലവില്‍ ഫയലുകളൊ കണക്കൊ ഉണ്ടൊ, ഇതുവരെയുള്ള വരവു ചെലവു കണക്കുകള്‍, കര്‍ഷകര്‍ക്ക് വേണ്ടി രൂപീകരിച്ച സൊസൈറ്റി അവര്‍ക്ക് ഏതെല്ലാം തരത്തില്‍ സഹായങ്ങള്‍ നല്‍കി തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് കര്‍ഷക സംഘടനയ്ക്ക് വ്യക്തമായ മറുപടി ലഭിക്കാതിരുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day