|    Sep 20 Wed, 2017 9:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അഗ്രഹാരവീഥിയിലെ രഥോല്‍സവത്തിന് സമാപനം

Published : 16th November 2016 | Posted By: SMR

പാലക്കാട്: പൈതൃകഗ്രാമത്തിലെ അഗ്രഹാരവീഥികളി ല്‍ അണപൊട്ടിയൊഴുകിയ ജനസാഗരത്തെ സാക്ഷിയാക്കി കാശിയില്‍ പാതി എന്ന ഖ്യാതിയുള്ള കല്‍പ്പാത്തിയില്‍ ദേവരഥങ്ങള്‍ സംഗമിച്ചു. ഇതോടെ ദിവസങ്ങള്‍ നീണ്ട കല്‍പ്പാത്തിയിലെ ഈ വര്‍ഷത്തെ രഥോല്‍സവമാമാങ്കത്തിന് തിരശ്ശീല വീണു.
അഗ്രഹാരവാസികളുടെയും ജില്ലയുടെയും ഒരാണ്ടിന്റെ കാത്തിരിപ്പിനും വ്രതശുദ്ധിക്കുമൊടുവില്‍ വന്നെത്തിയ ദേവാദിദേവഗണങ്ങളെ ഹൃദയപൂര്‍വം കല്‍പ്പാത്തിയിലെയും പരിസരഗ്രാമങ്ങളിലെയും ഭക്തജനങ്ങള്‍ വരവേറ്റു. ശിവാചാര്യര്‍ രാജലിംഗഗുരുക്കള്‍, രത്‌നസഭാപതി, പ്രഭുദേവസേനാപതി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം മുതലുള്ള ചടങ്ങുകള്‍ അഗ്രഹാരവീഥികളില്‍ നടന്നുവന്നത്. വ്രതാനുഷ്ഠാനങ്ങളുമായി പതിനായിരക്കണക്കിന് ഭക്തര്‍ തേരാളികളായി നയിച്ച വഴികളിലൂടെയായിരുന്നു രഥത്തിലേറി ദേവരഥന്മാരുടെ മൂന്നുദിനങ്ങളിലെ പ്രയാണം. വിശാലാക്ഷിസമേത വിശ്വനാഥനും കുടുംബവും രഥത്തിലേറിയതോടെയാണ് കല്‍പ്പാത്തി രഥോല്‍സവത്തിന് തുടക്കമായത്. പതിനായിരക്കണക്കിന് ഭക്തര്‍ക്കൊപ്പം പ്രദക്ഷിണവഴികളിലെ വിഘ്‌നങ്ങള്‍ അകറ്റാന്‍ വിഘ്‌നേശ്വരനായ ഗണപതിയുടെ തേരും തുടര്‍ന്ന് സുബ്രഹ്മണ്യസ്വാമിയുടെ തേരും വലിച്ച് പതിനായിരങ്ങള്‍ ഭക്തിയുടെ സായൂജ്യമടഞ്ഞു. ഇന്നലെ വൈകീട്ടോടെ മന്തക്കര മഹാഗണപതിയുടെ തേരും പ്രദക്ഷിണവഴിയിലേക്കിറങ്ങി. ഒടുവില്‍ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയും പ്രദക്ഷിണവഴിയിലേക്കിറങ്ങിയതോടെ കല്‍പ്പാത്തി രഥപ്രയാണത്തിന് സമാപനമായി.
മന്തക്കര മഹാഗണപതിയും വിശ്വനാഥസ്വാമിയും സുബ്രഹ്മണ്യസ്വാമിയും ക്ഷേത്രത്തിനു മുന്നിലെത്തി കൈലാസപതിയുടെ തേരും ഗണപതിയുടെ തേരും മധ്യത്തിലും വള്ളി-ദൈവയാന സമേതനായ സുബ്രഹ്മണ്യസ്വാമിയുടെ തേര് പിന്നിലുമായി രഥപ്രയാണം നടത്തി. കുണ്ടമ്പലത്തിനു സമീപമുള്ള തേര് മുട്ടിയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ദേവരഥങ്ങളെല്ലാം സംഗമിച്ചതോടെയാണ് രഥോല്‍സവത്തിന് കൊടിയിറങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക