|    Feb 23 Thu, 2017 8:01 am
FLASH NEWS

അഗ്നി വിഴുങ്ങിയത് 28 വര്‍ഷത്തെ ജീവിതാധ്വാനം; അവശേഷിക്കുന്നത് ഉടുതുണി മാത്രം

Published : 30th November 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: കത്തിത്തീര്‍ന്നത് 28 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം. ഇട്ടിരുന്ന വസ്ത്രങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിനശിച്ച മുള്ളരിങ്ങാട് മാമ്പാറ മുത്തനാനിക്കല്‍ യേശുദാസ് (രാജു-51)ന്റെ ദയനീയാവസ്ഥയാണിത്. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ അശ്വാസത്തിലാണ് ഈ നിര്‍ധന കുടുംബം. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച വൈകീട്ട് സമീപത്തു റബര്‍ ഷീറ്റടിക്കാനായാണ് രാജുവും ഭാര്യ റോസമ്മയും പോയത്. 4.30ന് വന്‍ സ്‌ഫോടന ശബ്ദംകേട്ട് എത്തിയപ്പോഴാണ് വീടിരിക്കുന്ന സ്ഥലം അഗ്നിഗോളമായി മാറിയത്.തീപ്പിടിച്ചത് എങ്ങനെയാണെന്നു പോലും രാജുവിനറിയില്ല. രാജുവിന്റെ മൂത്ത മകന്‍ അരുണ്‍ദാസും സ്ഥലത്തില്ലായിരുന്നു. തൊമ്മന്‍കുത്തിലെ ഒരു വീട്ടില്‍ വയറിങിനായി പോയതാണ്. വിവിധ റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് നടത്തിയും ചെറിയ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തുമാണ് രാജു ഉപജീവനം നടത്തിയിരുന്നത്. വീടിനുള്ളില്‍ സൂക്ഷിച്ച ഒന്നര ടണ്‍ റബര്‍ഷീറ്റ്, 100 കിലോ ഒട്ടുപാല്‍, ഫ്രിഡ്ജ്, ടിവി, കംപ്യൂട്ടര്‍, വസ്തുവിന്റെ ആധാരം എന്നിവയാണ് കത്തിത്തീര്‍ന്നത്. വീട് കത്തുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് ഈ ഗൃഹനാഥനു കഴിഞ്ഞത്. വെള്ളമൊഴിച്ചു കെടുത്താന്‍ പോലും സാധിക്കാത്ത തരത്തിലാണ് വീടിരിക്കുന്ന സ്ഥലം തീഗോളമായത്. വീടിനുള്ളില്‍ സൂക്ഷിച്ച ഒമ്പത് പവന്‍ സ്വര്‍ണവും 12000 രൂപയും കത്തിതീര്‍ന്നു. 30 സെന്റ് സ്ഥലമാണ് രാജുവിനുള്ളത്. പലരുടെ കൈയില്‍ നിന്നു പണം കടം വാങ്ങിയാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏഴു ലക്ഷം രൂപ മുടക്കി പണിത വീടാണ് കത്തിയമര്‍ന്നത്. കൃത്യമായ നഷ്ടം കണക്കാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 35 ലക്ഷത്തിലധികം രുപയുടെ നാശ നഷ്ടമെന്നാണ് പോലിസിന്റെ കണക്കുകൂട്ടല്‍. വീടിന്റെ ഓടു പൊട്ടിത്തെറിച്ചതിനാല്‍ ഓടിക്കൂടിയ സമീപവാസികള്‍ക്ക് ഒന്നും ചെയ്യാനുമായില്ല. സമീപവാസികളെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും 100മീറ്റര്‍ ചുറ്റളവില്‍ തീ വ്യാപിച്ചു. തൊടുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വാഹനമെത്തിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല. റോഡില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെയാണ് തീപ്പിടിത്തമുണ്ടായ വീട്. തുടര്‍ന്ന് അഗ്നിശമനസേനയുടെ വാഹനത്തിലെ മോട്ടര്‍ അഴിച്ചുമാറ്റി ഓട്ടോറിക്ഷയില്‍ കയറ്റി സ്ഥലത്തെത്തിച്ച ശേഷം സമീപത്തെ തോട്ടില്‍ നിന്ന് വെള്ളമെത്തിച്ചാണു തീയണച്ചത്. കത്തിയമര്‍ന്ന വീടിനടുത്തുള്ള മേക്കലയ്ക്കല്‍ ബേബിയുടെ വീട്ടിലാണ് രാജുവും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക