|    Oct 18 Thu, 2018 12:28 pm
FLASH NEWS

അഗ്നിബാധമതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ ഭരണ സിരാകേന്ദ്രം

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: സിവില്‍സ്റ്റേഷനിലെ ജില്ലാ ഭരണ സിരാകേന്ദ്രത്തിലെ ഭൂരിഭാഗം ഓഫിസുകളും പ്രവര്‍ത്തിക്കുന്നത് അഗ്‌നിശമന ഉപകരണങ്ങള്‍ അടക്കമുള്ള അവശ്യമായ സുരക്ഷാ സംവിധാനമില്ലാതെ. കലക്ടറേറ്റിലും സിവില്‍സ്റ്റേഷനിലും തീപ്പിടിത്ത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥര്‍ പോലുമില്ല. ഭൂരിഭാഗം ജീവനക്കാര്‍ക്കും ഇത്തരം സുരക്ഷാ സംവിധാനത്തെക്കുറിച്ച് ഒരു അറിവുമില്ല. കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിയമം. എന്നാല്‍, ഇത്തരത്തില്‍ ഒരു സംവിധാനവും കലക്ടറേറ്റിലെ ഭൂരിഭാഗം ഓഫിസുകളിലും ഏര്‍പ്പെടുത്തിയിട്ടില്ല. കൂടാതെ ഇന്‍ഡക്ഷന്‍ കുക്കറും വാട്ടര്‍ ഹീറ്ററുമെല്ലാം ജീവനക്കാര്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് ഉപയോഗിക്കുന്നതെന്നും  ഇത് കൃത്യസമയത്ത് ഓഫ് ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും വേണ്ടത്ര ശ്രദ്ധയില്ലെന്നും  പരാതിയുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം എല്ലാ ഓഫിസുകളിലേക്കുമുള്ള മുന്നറിയിപ്പാണെന്ന് ഒരു പറ്റം ഉദ്യോഗസ്ഥര്‍ പറയുന്നു. ഒന്നാം നിലയിലേക്ക് കടക്കാന്‍ കഴിയാത്തതുകാരണം കെട്ടിടത്തിന് പിന്നില്‍ കോണിവച്ച് ജനല്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒന്നാം നിലയില്‍ ഇതാണ് അവസ്ഥയെങ്കില്‍ മുകളിലെ നിലയിലെ അവസ്ഥ എന്താവുമെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. നഗരത്തില്‍ പലയിടത്തും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താറുണ്ടെങ്കിലും കലക്ടറേറ്റിലേക്കും സിവില്‍സ്‌റ്റേഷനിലേക്കും ഇത് വരെതിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസത്തെ അപകടം മുന്‍നിര്‍ത്തി ഭാവിയിലെങ്കിലും കാര്യമായ സുരക്ഷ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കലക്ടറേറ്റിലെ ഡി ബ്ലോക്കിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡൈനിങ് റൂമിലാണ് വെള്ളിയാഴ്ച തീപ്പിടിത്തമുണ്ടായത്. ഇരുമ്പ് അലമാര, രണ്ട് കസേരകള്‍, വാട്ടര്‍ പ്യൂരിഫയര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്നിവ തീപ്പിടത്തത്തില്‍ കത്തി നശിച്ചിരുന്നു. അലമാരയിലും ഇരുമ്പ് ബോക്‌സിലുമായി സൂക്ഷിച്ചിരുന്ന രേഖകളും കത്തിയവയില്‍ പെടും. വിവിധ സെക്ഷനുകളിലെ പഴയ ഫയലുകളുടെ പകര്‍പ്പുകളും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ രേഖകളുമാണ് ഈ അലമാരകളിലുണ്ടായിരുന്നത്. ഡൈനിങ് റൂമിനോട് ചേര്‍ന്ന് തപാല്‍ സെക്ഷന്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇവിടേക്ക് തീ പടരാതിരുന്നത് വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കി. കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ലെങ്കിലും കലക്ടറേറ്റിനെ നടുക്കിയ തീപ്പിടിത്തം സംബന്ധിച്ച് വ്യക്തായ വിശദീകരണം നല്‍കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss