|    Oct 18 Wed, 2017 6:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട്; സോണിയയ്ക്കും മന്‍മോഹനുമെതിരേ എഫ്‌ഐആര്‍ വേണമെന്ന ആവശ്യം തള്ളി

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ സിബിഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ ആര്‍ക്കെതിരേയെല്ലാം എഫ്‌ഐആര്‍ തയ്യാറാക്കണമെന്ന് തീരുമാനിക്കേണ്ടത് കേസ് അന്വേഷിച്ച സിബിഐ ആണെന്ന് കോടതി വ്യക്തമാക്കി.
ഉന്നതര്‍ക്കെതിരേ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ സിബിഐ മടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എം എല്‍ ശര്‍മയെന്ന അഭിഭാഷകനാണ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പിച്ചത്. കേസില്‍ ഇറ്റാലിയന്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇവരുടെ പേരുകളുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകള്‍ കണ്ടെത്തേണ്ടതും എഫ്‌ഐആര്‍ തയ്യാറാക്കേണ്ടതും സിബിഐ ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇറ്റാലിയന്‍ കോടതി ഇവരുടെ പേരു പരാമര്‍ശിച്ചു എന്നതു കൊണ്ടു മാത്രം കേസെടുക്കാന്‍ നിര്‍ദേശിക്കാനാവില്ല. തെളിവുണ്ടായിട്ടും സിബിഐ ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ മടിക്കുകയാണെങ്കില്‍ ഹരജിക്കാരനു വീണ്ടും സുപ്രിംകോടതിയെ സമീപിക്കാമെന്നും ദീപക് മിശ്ര, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസില്‍ 2013ല്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും പ്രത്യേകസംഘം അന്വേഷണം നടത്തിവരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വര്‍ഷം തന്നെ കുറ്റപത്രം സമര്‍പിക്കും. ആരും നിയമത്തിന് അതീതരല്ലെന്നും കേസ് ആഴത്തില്‍ അന്വേഷിക്കുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ പറഞ്ഞു.
ശര്‍മയുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യക്ക് 12 ഹെലികോപ്റ്ററുകള്‍ വില്‍ക്കുന്നതിന് ഇറ്റാലിയന്‍ കമ്പനി ഇന്ത്യക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്നതാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസ്. 3,600 കോടി രൂപയുടേതാണ് ഇടപാട്. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിഐപികള്‍ക്ക് യാത്ര ചെയ്യാനാണ് ഹെലികോപ്റ്റര്‍ വാങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക