|    Apr 22 Sun, 2018 4:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതി: സഭ കൈയാങ്കളിയുടെ വക്കില്‍

Published : 28th April 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ രാജ്യസഭ ഇന്നലെ ബഹളത്തില്‍ മുങ്ങി. തര്‍ക്കം കയ്യാങ്കളിയുടെ വക്കോളമെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്വാമി കന്നി പ്രസംഗത്തിലാണ് സോണിയയെ ആക്രമിച്ചത്.
സഭയില്‍ അംഗമല്ലാത്ത ആളെ പരാമര്‍ശിക്കരുതെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സ്വാമിയെ ഓര്‍മിപ്പിക്കുകയും ഇവ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. സ്വാമിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണപക്ഷത്തേക്ക് പാഞ്ഞടുക്കുകയും സ്വാമി ക്ഷമാപണം നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തു.
കള്ളം പ്രചരിപ്പിക്കുന്ന ബിജെപിയുടെ വ്യക്തിഹത്യ എന്ന നയത്തിന്റെ ഭാഗമായാണ് തനിക്കെതിരേയുള്ള ആരോപണമെന്നും സോണിയ പാര്‍ലമെന്റിന് പുറത്ത് പ്രതികരിച്ചു. രണ്ടു വര്‍ഷം പിന്നിട്ടിട്ടും പുതിയ സര്‍ക്കാര്‍ എന്തു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും വസ്തുനിഷ്ഠമായ അന്വേഷണത്തിലൂടെ സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന റിപോര്‍ട്ടാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉത്തരാഖണ്ഡ് വിഷയത്തില്‍ തങ്ങളെ അക്രമിച്ച കോണ്‍ഗ്രസ്സിനെതിരേ ഇന്നലെ ബിജെപി ആയുധമാക്കിയത്.
ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റില്‍ നിന്ന് യുപിഎ ഭരണകാലത്ത് 2013ല്‍ 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും വ്യോമസേനാ മുന്‍ മേധാവി എസ്പി ത്യാഗിയുടെ കുടുംബാംഗങ്ങളും ഇടനിലക്കാരില്‍ നിന്ന് കമ്മീഷന്‍ പറ്റിയെന്നാണ് ഇറ്റാലിയന്‍ കോടതി പറഞ്ഞത്.
സോണിയ, മന്‍മോഹന്‍ സിങ്, അഹ്മദ് പട്ടേല്‍, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എന്നിവരെക്കുറിച്ചും ഇറ്റാലിയന്‍ കോടതിവിധിയില്‍ പരാമര്‍ശമുള്ളതായാണ് റിപോര്‍ട്ട്. ആരോപണം അഹ്മദ് പട്ടേല്‍, ആനന്ദ്ശര്‍മ തുടങ്ങിയവര്‍ തള്ളി.
കരാറിനെക്കുറിച്ച് കോണ്‍ഗ്രസ്സിന് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്ന് പാര്‍ട്ടി വാക്താവ് ആനന്ദ്ശര്‍മ പറഞ്ഞു.
അതിനിടെ, വിഷയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചോദ്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയമുന്നയിച്ചത്.
സഭയില്‍ നടന്ന ഹ്രസ്വമായ ചര്‍ച്ചയ്ക്കിടെ 11 സംസ്ഥാനങ്ങള്‍ വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം നേരിടുകയാണെന്നും രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ചുകൊണ്ട് ഇതിനെ നേരിടേണ്ടതുണ്ടെന്നും മുന്‍ കൃഷിവകുപ്പ് മന്ത്രിയും മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയുമായ ശരത് പവാര്‍ പറഞ്ഞു.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുമായി ബന്ധമുള്ള ചെന്നൈ ആസ്ഥാനമായ വാസന്‍ ഹെല്‍ത്ത്‌കെയര്‍ നിയമവിരുദ്ധമായി നടത്തിയെന്നാരോപിക്കുന്ന 223 കോടിയുടെ പണമിടപാട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണെന്ന് ബിജെപി എംപി നിഷികാന്ത ദുബെയുടെ സബ്മിഷന് സര്‍ക്കാര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss