|    Nov 14 Wed, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അക്ഷരലക്ഷം: സംസ്ഥാനത്ത് 40,440 പേര്‍ പരീക്ഷ എഴുതി; ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് പാലക്കാട് ജില്ലയില്‍

Published : 6th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് പരിപൂര്‍ണ സാക്ഷരത നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച “അക്ഷരലക്ഷം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 40440 പേര്‍ പരീക്ഷയെഴുതി. സംസ്ഥാനത്തെ വിവിധ ജയിലുകളിലായുള്ള 80 തടവുകാരും പരീക്ഷയെഴുതിയവരില്‍ ഉള്‍പ്പെടും. പാലക്കാട് ജില്ലയില്‍ 11,683 പേര്‍ പരീക്ഷയെഴുതി. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 2420 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 946 പേരുമാണ് പരീക്ഷയെഴുതിയത്.
35നു താഴെ 3604 പേരും 35നും 60നും ഇടയില്‍ 36112, 60നു മുകളില്‍ 724പേരുമാണ് പരീക്ഷയെഴുതിയത്. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് സ്വദേശിനി 96കാരി കാര്‍ത്ത്യായനി അമ്മയാണു പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ പുതിയ സാക്ഷരതാ പാഠാവലിയിലായിരുന്നു പരീക്ഷ. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 30 മാര്‍ക്കിന്റെ വായന പരിശോധനയും 30 മാര്‍ക്കിന്റെ കണക്കില്‍ നിന്നുള്ള ചോദ്യങ്ങളുമാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്.
വായനയ്ക്കു 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40ല്‍ 12, കണക്കിന് 30ല്‍ 9 എന്നിങ്ങനെയാണ് ജയിക്കാന്‍ മാര്‍ക്കുകള്‍ വേണ്ടത്. ആകെ 30 മാര്‍ക്ക്. യുനെസ്‌കോ മാനദണ്ഡം (ജനസംഖ്യയുടെ 90% പേര്‍ സാക്ഷരത നേടുക) അനുസരിച്ച് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും നിരക്ഷതയുടെ തുരുത്തുകള്‍ സംസ്ഥാനത്ത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവശേഷിക്കുന്ന മുഴുവന്‍ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുകയാണ് അക്ഷരലക്ഷം പദ്ധതി ലക്ഷ്യമിടുന്നത്.
15 വയസ്സിന് മുകളില്‍ പ്രായമായ ആര്‍ക്കും പങ്കെടുക്കാം. ഒഴിവുദിവസങ്ങളിലും പഠിതാക്കളുടെ സൗകര്യം കണക്കിലെടുത്തുമാണു ക്ലാസുകള്‍. അക്ഷരലക്ഷം പാസാവുന്നവര്‍ക്കു നാലാംതരം തുല്യതയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, സാക്ഷരതാ സമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു നിരക്ഷരതാ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം നിരക്ഷരരുണ്ടെന്നാണു കണക്ക്. അക്ഷരലക്ഷം ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന 2010 വാര്‍ഡുകളില്‍ നേരത്തെ സര്‍വേ നടത്തി മൊത്തം 47241 നിരക്ഷരരെ കണ്ടെത്തിയിരുന്നു. 46349 പേര്‍ക്ക് കഴിഞ്ഞ ജനുവരി 26ന് ക്ലാസുകള്‍ ആരംഭിച്ചു. ഇതില്‍ 40440 പേരാണ്് ഇപ്പോള്‍ പരീക്ഷ എഴുതിയത്. 15 മുതല്‍ 20 വരെ പഠിതാക്കള്‍ക്ക് ഒരു പഠനകേന്ദ്രം എന്ന തരത്തിലാണു ക്ലാസുകള്‍ ക്രമീകരിച്ചത്.
മൊത്തം 100 മണിക്കൂര്‍ ക്ലാസ് നല്‍കി. “അക്ഷരലക്ഷം’ പരിപൂര്‍ണ സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടം ഒരു ജില്ലയിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടപ്പാക്കുമെന്നു സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss