|    Aug 22 Wed, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അക്ഷരലക്ഷം പരീക്ഷ ഇന്ന്്; സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത് 40,363 പേര്‍

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തു പരിപൂര്‍ണ സാക്ഷരത നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച അക്ഷരലക്ഷം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷ ഇന്നു രാവിലെ 10നു നടക്കും. സംസ്ഥാനത്ത് മൊത്തം 40,363 പേര്‍ പരീക്ഷ എഴുതും. ഇതില്‍ 29,500 പേര്‍ സ്ത്രീകളാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 9074 പേര്‍. കുറവ് കോട്ടയം ജില്ലയില്‍, 711.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചേപ്പാട് സ്വദേശി 96കാരി കാര്‍ത്ത്യായനി അമ്മയാണു പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയത്. ചേപ്പാട് കണിച്ചനെല്ലൂര്‍ ഗവ. എല്‍പിഎസിലാണ് കാര്‍ത്ത്യായനി അമ്മ പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തു സാക്ഷരതാ മിഷന്റെ 2010 തുടര്‍ വിദ്യാ കേന്ദ്രങ്ങളിലായാണു പരീക്ഷ. വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനാണ് പരീക്ഷ. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണു പാസ് മാര്‍ക്ക്. അക്ഷരലക്ഷം ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന 2010 വാര്‍ഡുകളില്‍ നേരത്തെ സര്‍വേ നടത്തി മൊത്തം 47,241 നിരക്ഷരരെ കണ്ടെത്തിയിരുന്നു.
46,349 പേര്‍ക്ക് കഴിഞ്ഞ ജനുവരി 26ന് ക്ലാസുകള്‍ ആരംഭിച്ചു. ഇതില്‍ 40,363 പേര്‍ക്കാണ് ഇപ്പോള്‍ പരീക്ഷ. ഈ വാര്‍ഡുകളിലെ വീടുകള്‍ കയറിയിറങ്ങി നടത്തിയ സര്‍വേയില്‍ മൊത്തം 14,23,667 പേരില്‍ നിന്നാണു വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിരക്ഷരരെ കണ്ടെത്തിയതു പാലക്കാട് ജില്ലയിലാണ്; 10,348 പേര്‍. ഏറ്റവും കുറവു പത്തനംതിട്ടയില്‍, 434. 16 മുതല്‍ 75 വരെ പ്രായമുള്ള നിരക്ഷരരെ സാക്ഷരരാക്കുന്നതാണ് അക്ഷരലക്ഷം പദ്ധതി. ആറു മുതല്‍ 75 വയസ്സു വരെ പ്രായം ഉള്ളവരെ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. ആറിനും 15നും ഇടയ്ക്ക് പ്രായമുള്ളവരിലെ നിരക്ഷരരുടെ എണ്ണം 892. 16 മുതല്‍ 30 വരെ, 1340. 31 മുതല്‍ 50 വരെ, 9326. 51 മുതല്‍ 75 വയസ്സു വരെ, 35,683 എന്നിങ്ങനെയായിരുന്നു പ്രായം തിരിച്ചുള്ള നിരക്ഷരരുടെ എണ്ണം.
15 മുതല്‍ 20 വരെ പഠിതാക്കള്‍ക്ക് ഒരു പഠനകേന്ദ്രം എന്ന തരത്തിലാണു ക്ലാസുകള്‍ ക്രമീകരിച്ചത്. മൊത്തം 100 മണിക്കൂര്‍ ക്ലാസ് നല്‍കി. അക്ഷര ലക്ഷം’പരിപൂര്‍ണ സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടം ഒരു ജില്ലയിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടപ്പാക്കും.
യുനെസ്‌കോ മാനദണ്ഡം (ജനസംഖ്യയുടെ 90 ശതമാനം പേര്‍ സാക്ഷരത നേടുക) അനുസരിച്ചു കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും നിരക്ഷതയുടെ തുരുത്തുകള്‍ സംസ്ഥാനത്ത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവശേഷിക്കുന്ന മുഴുവന്‍ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുകയാണു അക്ഷര ലക്ഷം പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, സാക്ഷരതാ സമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു നിരക്ഷരതാ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തു 18 ലക്ഷം നിരക്ഷരരുണ്ടെന്നാണു കണക്ക്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss