|    Sep 26 Wed, 2018 2:13 am
FLASH NEWS

അക്ഷരത്തിരിനാളം തെളിഞ്ഞിട്ട് മികവിന്റെ നൂറുവര്‍ഷം : പരിമിതികള്‍ക്കിടയിലും വിജ്ഞാനം വിതറി തൊടുപുഴ മുനിസിപ്പല്‍ ലൈബ്രറി

Published : 9th January 2017 | Posted By: fsq

തൊടുപുഴ: നൂറ് വര്‍ഷമെന്നുള്ളത് ചെറിയ കാലയളവല്ല. നൂറ് വര്‍ഷം ഒരു സമൂഹത്തിന് അറിവ് പകര്‍ന്നു നല്‍കുക എന്നത് ചെറിയ കാര്യവുമല്ല. തൊടുപുഴയിലെ നാലോളം തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ മുനിസിപ്പല്‍ ലൈബ്രറി നൂറും കടന്ന് മുന്നോട്ടു പോകുകയാണ്.പുസ്തകത്താളുകളുടെ ഗന്ധം അക്ഷരപ്രേമികളെ ഇപ്പോഴും കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു.1916ലാണ് ശ്രീമൂലം തിരുനാള്‍ രജതജൂബിലി സ്മാരകം എന്ന പേരില്‍ ലൈബ്രറി തുടങ്ങുന്നത.്കാലക്രമേണ പഞ്ചായത്ത് ലൈബ്രറി ഏറ്റെടുത്തു.അമ്പലം ബൈപാസ് റോഡിലാണ് അന്ന് മുതല്‍ ദീര്‍ഘകാലം ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. 1978ല്‍ തൊടുപുഴ പഞ്ചായത്ത് സ്‌പെഷ്യല്‍ ഓഫീസര്‍ ഭരണത്തില്‍ മുനിസിപ്പാലിറ്റിയായി മാറിയപ്പോള്‍ മുനിസിപ്പല്‍ ലൈബ്രറിയായി ഏറ്റെടുത്തു. അമ്പലം ബൈപാസിലെ കെട്ടിടത്തില്‍ തന്നെയാണ് തുടര്‍ന്നും പ്രവര്‍ത്തനം നടത്തിപ്പോന്നത്. എന്നാല്‍ പുസ്തകങ്ങള്‍ കൂടിയപ്പോള്‍ ഇവിടെ ആവശ്യത്തിന് സ്ഥല സൗകര്യങ്ങള്‍ ഇല്ലാതെയായി.ലൈബ്രറിക്കായി സ്ഥലമേറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് നടപ്പിലായില്ലതുടര്‍ന്ന് 2014ല്‍ ടൗണ്‍ ഹാളിന് സമീപമുള്ള മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റുകയായിരുന്നു.ഇപ്പോള്‍ റീഡിങ് റൂമും സ്‌റ്റോക്ക് റൂമുമായി രണ്ട് ഹാളുകളിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.12 ദിനപത്രങ്ങളും 16 മാഗസിനുകളും ലൈബ്രറിയില്‍ സജ്ജമാക്കിയിട്ടുണ്ട്.ദിനംപ്രതി നിരവധി ആളുകളാണ് പത്രങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കാനായി ലൈബ്രറിയില്‍ എത്തുന്നത്.ലൈബ്രറി കൗണ്‍സിന്റെ ഗ്രാന്റും നഗരസഭയുടെ ഫണ്ടും ചെറിയ രീതിയിലുള്ള അംഗത്വഫീസുമാണ് ലൈബ്രറിയുെട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.മൂന്ന് തരത്തിലുള്ള മെമ്പര്‍ഷിപ്പുകളാണ് ലൈബ്രറിയില്‍ ഇപ്പോഴുള്ളത്. എന്നാല്‍ പകുതിയോളം പേര്‍ മാത്രമേ സ്ഥിരമായി എത്താറുള്ളു.തിങ്കളാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ലൈബ്രറി അവധി ആണെങ്കിലും റീഡിങ് റൂം പ്രവര്‍ത്തിക്കും. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറ് വരെയും പ്രവര്‍ത്തിക്കും. ശാന്തമായ ഒരന്തരീക്ഷത്തില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലെന്നുള്ളതാണ് ലൈബ്രറി അനുഭവിക്കുന്ന പ്രധാന പോരായ്മ.ഇപ്പോഴുള്ള സ്ഥലത്ത് ലൈബ്രറി ഉള്ള കാര്യം തന്നെ കണ്ടെത്താന്‍ പ്രയാസമാണ്. മുനിസിപ്പല്‍ ലൈബ്രറി എന്ന രീതിയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്. വിവിധ വിഭാഗങ്ങളില്‍ 21000ല്‍ അധികം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉള്ളത്.ഇവയുടെ കാറ്റലോഗുകള്‍ എല്ലാം എഴുതിയാണ് സൂക്ഷിച്ചിരിക്കുന്നത്.ഗ്രാമീണ ലൈബ്രറികള്‍ പോലും പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ച ഈ കാലത്ത് മുനിസിപ്പല്‍ ലൈബ്രറിയില്‍ ഒരു കംപ്യൂട്ടര്‍ പോലുമില്ല.ഇതിനാ ല്‍ ബുക്കുകള്‍ തിരയുന്നതിനും മറ്റും വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് വായനക്കാര്‍ പറയുന്നു.ജീവനക്ക ാരുടെ അഭാവവും ലൈബ്രറിയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss