|    Jan 21 Sat, 2017 8:49 pm
FLASH NEWS

അക്ഷയ കേന്ദ്രവും ഇന്റര്‍നെറ്റ് കഫേയും ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി

Published : 15th October 2016 | Posted By: Abbasali tf

കൊടുവള്ളി: സര്‍ക്കാര്‍ സേവനങ്ങളുടെ മറവില്‍ അക്ഷയ സേവന കേന്ദ്രങ്ങളും ഇന്റര്‍നെറ്റ് കഫേകളും ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളും വിവിധ ഓഫിസ് കാര്യങ്ങളും ഓണ്‍ലൈന്‍ വഴിയാക്കി. ഇതിന്റെ ചുമതലകള്‍ അക്ഷയ കേന്ദ്രങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഉപഭോക്തൃ ചൂഷണം വര്‍ധിക്കാനിടയായതെന്നാണ് പരാതി ഉയര്‍ന്നത്. 25 ഓളം തലങ്ങളില്‍പ്പെട്ട വിവിധ സേവനങ്ങളാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിനുള്ള ഫീസ് നിരക്കുകളും സര്‍ക്കാര്‍ ഉത്തരവുകള്‍ മുഖേന നിശ്ചയിച്ചിട്ടുണ്ട്. ഇത് സംബന്ധമായ ചാര്‍ട്ടുകള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ ലഭ്യവുമാണ്. ഈ ഫീസ് നിരക്കുകള്‍ ഉള്‍പ്പെടുന്ന ബോര്‍ഡുകള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പൊതുജന അറിവിലേക്കായി പ്രദര്‍ശിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. എന്നാല്‍, മിക്ക അക്ഷയ കേന്ദ്രങ്ങളിലും ഈ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു കാണുന്നില്ല. ഇതാവട്ടെ സത്യാവസ്ഥ മറച്ചുവയ്ക്കാനും ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മേല്‍ ചാര്‍ട്ടിലെ ആറാം ഭാഗത്തില്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് അപ്ലിക്കേഷന്  ചാര്‍ജ് വാങ്ങാന്‍ പാടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി അയക്കാന്‍ അക്ഷയ സെന്ററുകള്‍ വന്‍തുക ഫീ ഈടാക്കിയതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഒരു അപ്ലിക്കേഷന് നൂറും നൂറ്റമ്പതും അതില്‍ കൂടുതലും രൂപ ഈടാക്കിയതായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കോളര്‍ഷിപ്പ് അപേക്ഷക്ക് സര്‍ക്കാര്‍ തരാമെന്നേറ്റ പണം നാലു വര്‍ഷത്തോളമായി നല്‍കാത്തതിനാലാണ് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ക്ക് പണം വാങ്ങാന്‍ കാരണമെന്നാണ് അക്ഷയ കേന്ദ്രം ഉടമകള്‍ നല്‍കിയ വിശദീകരണം. വരുമാനം, ജാതി, നാറ്റിവിറ്റി, റസിഡന്‍ഷ്യല്‍ തുടങ്ങിയ 23 ഓളം ഇനം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് അപ്രൂവ് ചെയ്ത് പ്രിന്റ്ഔട്ട് ഉള്‍പ്പെടെ നല്‍കുന്നതിന് സര്‍വീസ്ചാര്‍ജായി 27 രൂപ വരെ വാങ്ങാമെന്നാണ് അഡീഷണല്‍ ചാര്‍ട്ട് വ്യക്തമാക്കുന്നത്. നിയമം ഇതായിരിക്കെ അധികചാര്‍ജ് വാങ്ങുകയും സ്‌കോളര്‍ഷിപ്പിനും മറ്റുമായെത്തുന്ന വിദ്യാര്‍ഥികളെ കൊണ്ട് ആവശ്യമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ പോലും എടുപ്പിക്കുകയും ചെയ്യുന്ന അക്ഷയ കേന്ദ്രങ്ങളുള്ളതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡ് സംബന്ധമായ വിവിധ കാര്യങ്ങള്‍ക്ക് 25 രൂപ നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശമുണ്ടെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് നടന്ന റേഷന്‍ കാര്‍ഡ് പരിശോധനക്ക് 40 രൂപ വരെ വാങ്ങിയവരുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷയുടെയും റെയില്‍വെ, ബസ് ടിക്കറ്റുകളുടെയും പേരിലും അക്ഷയ കേന്ദ്രങ്ങള്‍ ജനത്തെ പിഴിയുന്നതായും പരാതിയുണ്ട്. അക്ഷയ കേന്ദ്രങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണ് സ്വകാര്യ ഇന്റര്‍നെറ്റ് കഫേക്കാരും ഫോട്ടോസ്റ്റാറ്റ് കടയുടമകളും വാങ്ങുന്നത്്. സര്‍ക്കാര്‍ പുതിയ സേവന മേഖലകള്‍ ഓണ്‍ലൈന്‍ വഴിയാക്കി മേല്‍ കേന്ദ്രങ്ങളെ ഏല്‍പ്പിക്കുന്നുണ്ടെങ്കിലും അവക്ക് ജനങ്ങള്‍ എത്ര പണം സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന കാര്യം മാധ്യമങ്ങള്‍ വഴി അറിയിക്കാത്തതാണ് ചൂഷണം വര്‍ധിക്കാന്‍ ഇടയാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക