|    Mar 28 Tue, 2017 12:03 am
FLASH NEWS

അക്വാപോണിക്‌സ്: സാജന്‍ മാതൃകയാവുന്നു

Published : 14th October 2016 | Posted By: SMR

തൃക്കരിപ്പൂര്‍: ഹൈടെക് രീതിയിലുള്ള അക്വാപോണിക്‌സ് കൃഷിയില്‍ വിജയം കൈവരിച്ച്  എടാട്ടുമ്മലിലെ സി കെ സാജനെന്ന യുവാവ് മാതൃകയാവുന്നു. പച്ചക്കറികൃഷിയും മല്‍സ്യകൃഷിയും ഒരുമിച്ചു കൊണ്ടുപോകാവുന്ന ഈ രീതിക്ക് ജലവും വളവും മണ്ണും കൃഷിസ്ഥലവും കുറച്ചു മാത്രമേ ആവശ്യമുള്ളു. അക്വാപോണിക്‌സ് രീതിയിലുള്ള കൃഷി വിജയകരമായി നടപ്പാക്കിയ ഉത്തര മലബാറിലെ ആദ്യ സംരംഭമാണ് സാജന്റേതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മീന്‍വളര്‍ത്തലിന്റെ അക്വാകള്‍ച്ചറും വെള്ളത്തില്‍ പച്ചക്കറി വളര്‍ത്തുന്ന ഹൈഡ്രോപോണിക്‌സും ചേര്‍ത്താണ് അക്വാപോണിക്‌സ് എന്ന പേര് ഈ രീതിക്ക് കൈവന്നത്. പറമ്പിലെ ചെറിയ സ്ഥലത്തും വീടിന്റെ ടെറസിലുമായി ഏതുതരം പച്ചക്കറിയും ഈ രീതിയില്‍ കൃഷിചെയ്യാം. വിഷരഹിത മല്‍സ്യവും പച്ചക്കറികളും നമുക്ക് ചുരുങ്ങിയ വെള്ളവും വളവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചെടുക്കാം എന്നാണ് സാജന്‍ പറയുന്നത്. മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച ടാങ്കില്‍ പോഷകമൂല്യമുള്ള തീറ്റകളായ അരി, തവിട്, കടലപ്പിണ്ണാക്ക്, ഉണക്കമീന്‍ എന്നിവ ചേര്‍ത്ത് ഉണക്കിപ്പൊടിച്ചുള്ള പെല്ലറ്റുകളാണ് നിക്ഷേപിക്കുന്നത്. തീറ്റയുടെ അവശിഷ്ടവും മല്‍സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളം ചെറിയ മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് ന്യൂട്രിയന്റ് ഫിലിം ടെക്‌നോളജി (എ ന്‍എഫ്ടി) ഉപയോഗിച്ച് പിവിസി പൈപ്പുകളില്‍ ഇടവിട്ട് നട്ടുപിടിപ്പിച്ച പച്ചക്കറി ചെടികളിലേക്ക് എത്തിക്കുന്നു. ഇങ്ങനെ ഒരു സെന്റ് സ്ഥലത്ത് (ടെറസിലായാലും) 220 കപ്പുകളില്‍ ചെടി നടാം.
ഉപയോഗിച്ചശേഷം ജലം മല്‍സ്യടാങ്കിന് ചുറ്റുമായി തയ്യാറാക്കിയ ഗ്രോബാഗുകളിലേക്ക് കണികാജലസേചന സംവിധാനം ഉപയോഗിച്ചു നനയ്ക്കുന്നു. അവശേഷിക്കുന്ന ജലത്തിലെ മൂലകങ്ങള്‍ ചെടികള്‍ വലിച്ചെടുക്കുന്നു. കപ്പുകളില്‍ മണല്‍ നിറയ്ക്കാതെ മെറ്റല്‍ അഥവാ ജില്ലിയാണ് ഇടുന്നത്. 75 ശതമാനം ശുദ്ധീകരിച്ചാണ് മല്‍സ്യടാങ്കുകളിലേക്ക് വെള്ളം തിരിച്ചെത്തിക്കുന്നത്.
ടാങ്കിനും ടെറസിനും മുകളില്‍ യുവി ഷീറ്റ് ഉപയോഗിച്ച് മഴമറ നിര്‍മിച്ചാല്‍ വര്‍ഷത്തില്‍ രണ്ടുതവണ മല്‍സ്യവും നാലുതവണ പച്ചക്കറിയും വിളവെടുക്കാമെന്ന് ഈ യുവാവ് തെളിയിക്കുന്നു. അക്വാപോണിക്‌സ് ഹൈടെക് കൃഷിരീതിക്ക് പ്രാരംഭ ചെലവുകള്‍ മാത്രമാണ് കാര്യമായുള്ളത്. ഇതിനുശേഷം മല്‍സ്യതീറ്റയ്ക്കാണ് ആകെ ചെലവുവരുന്നത്.
സാധാരണ പച്ചക്കറികൃഷിക്ക് ഉണ്ടാവുന്ന ജലനഷ്ടത്തിന്റെ പത്തിലൊന്നുപോലും ഹൈടെക് കൃഷിക്ക് വേണ്ടിവരുന്നില്ല. വിദേശരാജ്യങ്ങളിലെ കര്‍ഷകരുമായി നവമാധ്യമങ്ങളിലൂടെ സംവദിച്ചാണ് സാജന്‍ പുതിയ കൃഷിയുടെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയത്. എറണാകുളത്ത് സമുദ്രോല്‍പന്ന കയറ്റുമതി വികസന ഏജന്‍സി ദേശീയതലത്തില്‍ നല്‍കുന്ന കാര്‍ഷിക പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്. ഭാര്യ സൗമ്യയും കൃഷിക്ക് സഹായിക്കുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day