|    Jul 21 Fri, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അക്രമികള്‍ക്കു കോടിയേരിയുടെയും കുമ്മനത്തിന്റെയും പ്രസ്താവനകള്‍ പ്രേരണയായി: ചെന്നിത്തല

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: പാടത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പലിശസഹിതം കടം വീട്ടും എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണ് അണികള്‍ക്ക് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നതിന് പ്രേരണയും പ്രോല്‍സാഹനവും നല്‍കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇരുമുന്നണികളും സംസ്ഥാനത്തെ ചോരക്കളമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ തില്ലങ്കരിയില്‍ നടന്ന ബോംബ് സ്‌ഫോടനവും കൊലപാതകവും കേരളത്തിന്റെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി കണ്ണുതുറന്നു കാണണം. അക്രമങ്ങള്‍ നടത്താന്‍ അണികളെ കയറൂരി വിട്ടശേഷം ക്രമസമാധാനം ഭദ്രമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ഇപ്പോഴത്തെ കൊലപാതകത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദിനംപ്രതി രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു.
സര്‍ക്കാര്‍ 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 62 കൊലപാതകങ്ങളാണ് അരങ്ങേറിയത്. ഇവയില്‍ ഏറെയും രാഷ്ട്രീയ കൊലപാതകങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും ജനങ്ങളോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വന്തം അണികളെ നിലയ്ക്കുനിര്‍ത്തുകയാണു വേണ്ടത്. മുഖ്യമന്ത്രി ഇനിയെങ്കിലും യാഥാര്‍ഥ്യം മനസ്സിലാക്കി കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാക്കാന്‍ സ്വന്തം അണികളെ നിയന്ത്രിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക