|    Jun 27 Tue, 2017 10:40 am
FLASH NEWS

അക്രമങ്ങള്‍ തുടര്‍ക്കഥ: ബോംബ് ഭീതിയില്‍ മലയോര മേഖല

Published : 26th November 2016 | Posted By: SMR

കുറ്റിയാടി: തീവെപ്പും ബോംബ് രാഷ്ട്രീയവും മലയോര മേഖലയെ ഭീതിയിലാഴ്ത്തി. രണ്ടു ദിവസങ്ങളിലായി മരുതോങ്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സിപിഎം- ബിജെപി സംഘര്‍ഷമാണ് മേഖലയെ ഭീതിയിലാഴ്ത്തിയത്. സിപിഎം കച്ചേരിത്തറ ബ്രാഞ്ച് സെക്രട്ടറി കെ ടി മനോജിന്റെ വീടിനുനേരെ അജ്ഞാതസംഘത്തിന്റെ കല്ലേറിനെ തുടര്‍ന്നാണു പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണം മനോജിന്റെ അയല്‍വാസിയും ബിജെപി മണ്ഡലം കമ്മിറ്റിയംഗമായ എലിക്കുന്നുമ്മല്‍ രാജനും ഭാര്യ ശോഭയ്ക്കും മക്കളായ നിധിനും നിധീഷിനും മര്‍ദനമേറ്റു. ഇതോടെ നാട് സമാധാനത്തിലേക്ക് നീങ്ങുമെന്ന നാട്ടുകാരുടെ പ്രതീക്ഷ അസ്തമിച്ചു. അന്നു തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കാപ്പുമ്മല്‍ നാണുവിന്റെ വീടിനുനേരെ ബോംബേറുണ്ടായി. ഇതേതുടര്‍ന്ന് മക്കളായ അര്‍ജുനയ്ക്കും അര്‍ഷിതയ്ക്കും പരിക്കുപറ്റി. ഇവരെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് യുവമോര്‍ച്ച നാദാപുരം മണ്ഡലം പ്രസിഡന്റ് ചീളുപറമ്പത്ത് വിപിന്‍ ചന്ദ്രന്‍, കാരങ്കോട്ട് രവീന്ദ്രന്‍, ചന്ദ്രദാസ് എന്നിവരുടെ വീടുകള്‍ക്കുനേരെയും ബോംബേറുണ്ടായി. ഇതോടൊപ്പം മുള്ളങ്കുന്നിലെ ബിജെപി പ്രവര്‍ത്തകനായ കാരങ്കോട്ട് രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള മയൂര ഫാന്‍സി പൂര്‍ണമായും അഗ്‌നിക്കിരയാക്കി. സിപിഎമ്മും ബിജെപിയും തുടരുന്ന അക്രമരാഷ്ട്രീയം കാരണം വീട്ടമ്മമാരുടെ നെഞ്ചില്‍ തീയെരിയുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക