|    Nov 21 Tue, 2017 11:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അക്കൗണ്ട് തുറക്കാതെ ഇന്ത്യ; ബാഡ്മിന്റണില്‍ സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

Published : 17th August 2016 | Posted By: SMR

റിയോയിലെ മോശം പ്രകടനത്തിനിടയിലും ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കി ബാഡ്മിന്റണ്‍ താരങ്ങള്‍. വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ ശ്രീകാന്തും ക്വാര്‍ട്ടറിലെത്തിയതാണ് 11ാം ദിവസത്തെ തിരിച്ചടികള്‍ക്കിടയിലും ഇന്ത്യക്ക് ആശ്വാസമായി നില്‍ക്കുന്നത്. ഇരുവരുടെയും ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഇന്ന് അരങ്ങേറും.
സിന്ധുവിന്റെ ക്വാര്‍ട്ടര്‍ മല്‍സരം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.25നാണ് അരങ്ങേറുന്നത്. ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക രണ്ടാം നമ്പര്‍ താരം വാങ് യിഹാനാണ് സിന്ധുവിന്റെ എതിരാളി. നേരത്തെ പ്രീക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനെയാണ് ലോക 10ാം റാങ്കുകാരിയായ സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-15.
അതേസമയം, പ്രീക്വാര്‍ട്ടറില്‍ ലോക അഞ്ചാം റാങ്കുകാരനായ ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ഗന്‍സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-19, 21-19. ക്വാര്‍ട്ടറില്‍ ചൈനയുടെ ലിന്‍ ഡാനാണ് ശ്രീകാന്തിന്റെ എതിരാളി. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 5.50നാണ് മല്‍സരം.
ഗുസ്തിയില്‍ ഇന്ത്യക്ക് നിരാശ
റിയോയില്‍ ഇന്ത്യ മെഡല്‍ നേടുമെന്ന കരുതിയ ഇനമായിരുന്നു ഗുസ്തി. എന്നാല്‍, ഗുസ്തിയിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ റിയോ ഒളിംപിക്‌സ് ഇന്ത്യക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത് ഏറ്റവും വലിയ ആഘാതങ്ങളാണ്. പുരുഷന്‍മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണന്‍, ഗ്രീക്കോ റോമന്‍ 98 കിലോഗ്രാം വിഭാഗത്തില്‍ ഹര്‍ദീപ് സിങ്, ഗ്രീക്കോ റോമന്‍ 85 കിലോഗ്രാം വിഭാഗത്തില്‍ രവീന്ദന്‍ ഖത്രി എന്നിവരാണ് പുറത്തായത്.
ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താന്റെ ബെക്തര്‍ മെലിക്കുസിയേവയാണ് വികാസിനെ പരാജയപ്പെടുത്തിയത്. പ്രീക്വാര്‍ട്ടറില്‍ ഹര്‍ദീപ് തുര്‍ക്കിയുടെ സെങ്ക് ഇഡ്‌ലമിനോടും ഖത്രി ഹംഗറിയുടെ വിക്ടര്‍ ലോറിന്‍സിനോടുമാണ് പരാജയപ്പെട്ടത്.

രഞ്ജിത്തും സീമയും പുറത്ത്
ഒളിംപിക്‌സിലെ ദയനീയ പ്രകടനം ഇന്ത്യയുടെ മലയാളി ട്രിപ്പിള്‍ ജംപിങ് താരം രഞ്ജിത്ത് മഹേശ്വരി ഇത്തവണ റിയോയിലും തുടര്‍ന്നു. യോഗ്യതാ റൗണ്ടില്‍ 16.13 മീറ്റര്‍ മാത്രമാണ് താരത്തിന് ചാടാനായത്.
എന്നാല്‍, വനിതാ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിച്ചില്ല. യോഗ്യതാ റൗണ്ടില്‍ 20ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ നേരത്തെ വികാസ് ഗൗഡയും പുറത്തായിരുന്നു.
മെഡലില്ലെങ്കിലും അഭിമാനമായി ദീപയും ലളിതയും
ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി ചരിത്രം കുറിച്ച ദീപ കര്‍മാക്കറും ലളിത ബാബറും മെഡലില്ലെങ്കിലും റിയോയില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി.
ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനത്തെത്തിയാണ് ദീപ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ ലളിത 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക