|    Oct 20 Sat, 2018 3:57 am
FLASH NEWS

അക്കൗണ്ടിങ് സോഫറ്റ്‌വെയര്‍ അമ്പേ പരാജയം, കൂടെ വന്‍ സാമ്പത്തിക ബാധ്യതയും ; കണക്കു പിഴച്ച് സഹകരണ ബാങ്കുകള്‍

Published : 27th September 2017 | Posted By: fsq

 

ഇടുക്കി: ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ കാല്‍ക്കുലേറ്ററും രജിസ്റ്റര്‍ ബുക്കുകളും എഴുത്തുകുത്തുമാണ് ഉദ്യോഗസ്ഥരുടെ ആശ്രയം. സംസ്ഥാന സഹകരണ വകുപ്പില്‍ അക്കൗണ്ടിങ്ങിനായി പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തി നടപ്പാക്കിയ പൈലറ്റ് പദ്ധതി പാളിയതോടെ സമയത്ത് ഓഡിറ്റിങ് റിപോര്‍ട്ട് പോലും സമര്‍പ്പിക്കാനാവാതെ നട്ടം തിരിയുകയാണ് ജില്ലയിലെ 30ല്‍ അധികം സഹകരണ ബാങ്കുകള്‍. പൊതുയോഗത്തില്‍ അടക്കം ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ട തൊടുപുഴ കാരിക്കോട് സഹകരണ ബാങ്കിലെ ജീവനക്കാര്‍ രാവുംപകലുമില്ലാതെ റിപോര്‍ട്ട് എഴുതിത്തയ്യാറാക്കുന്ന കാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അതേസമയം, സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി സഹകരണ ബാങ്കുകളിലൂടെ നടപ്പാക്കിയതിനുപിന്നില്‍ കോടികളുടെ അഴിമതി നടന്നതായും ആക്ഷേപം ഉയര്‍ന്നു. സോഫ്റ്റ് വെയര്‍ നല്‍കിയ വകയില്‍ പ്രാഥമിക ഫണ്ടായി ലക്ഷങ്ങള്‍ വാങ്ങിയെടുത്ത ബന്ധപ്പെട്ട ഉന്നതര്‍ മാസാമാസം 9500 രൂപ വീതം സര്‍വീസ് ചാര്‍ജ് നല്‍കണമെന്നുമാണ് തിട്ടൂരമിറക്കിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന സോഫ്റ്റ് വെയറുകള്‍ മാറ്റി പുതിയത് ഉപയോഗിച്ചുതുടങ്ങിയതോടെ പല ബാങ്കുകളിലും കണക്കുകള്‍ അപൂര്‍ണമാണ്. ഇതിനിടെ, ചില ബാങ്കുകള്‍ പുതിയ സോഫ്റ്റ്‌വെയര്‍ തുടങ്ങിയപ്പോള്‍ തന്നെ പണിപാളുമെന്നു മനസ്സിലായി തടിയെടുത്തിരുന്നു. എന്നാല്‍, ഇപ്പോഴും ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ബാങ്കുകളാണ് ഓഡിറ്റ് റിപോര്‍ട്ട് തയ്യാറാക്കാന്‍ പേനയും പേപ്പറുമെടുക്കേണ്ട ഗതികേടിലുള്ളത്. ഐസിഡിപി (ഇന്റഗ്രേറ്റഡ് കോ- ഓപറേറ്റീവ് ഡെവലപ്‌മെന്റ് പ്രൊജക്ട്) പദ്ധതി പ്രകാരം ഓരോ ബാങ്കുകള്‍ക്കും 10 ലക്ഷം രൂപവീതം വായ്പ അനുവദിച്ചാണ് ഫിന്‍ക്രാഫ്റ്റ് എന്ന സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയത്. പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തത് ഇടുക്കി ജില്ലയാണ്. 2018ല്‍ കേരളാ ബാങ്ക് നിലവില്‍ വന്നശേഷം ഇസ്റ്റാസ് സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ സെക്രട്ടറി എം വി ജയരാജന്‍ ചെയര്‍മാനായ പ്രൈമറി ബാങ്കിങ് മോഡണൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം അട്ടിമറിച്ചാണ് കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന പുതിയ സോഫ്റ്റ് വെയര്‍ അടിച്ചേല്‍പ്പിച്ചത്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, പദ്ധതി നടത്തിപ്പ് ഹൈജാക്ക് ചെയ്‌തെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. വരുംദിവസങ്ങളില്‍ ജില്ലാ ബാങ്കിന്റെ അനാവശ്യ തിടുക്കവും ഇടപെടലും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന് സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം വ്യക്തമാക്കി. സഹകരണസംഘം രജിസ്ട്രാര്‍ എസ് ലളിതാംബികയുടെ അധ്യക്ഷതയില്‍ പദ്ധതി നടത്തിപ്പിനായി 15 അംഗ കമ്മിറ്റി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്), അസി. രജിസ്ട്രാര്‍ (പ്ലാനിങ്) എന്നീ മൂന്ന് അംഗങ്ങളെ മാത്രമാണ് സഹകരണ വകുപ്പില്‍ നിന്ന് ഉള്‍പ്പെടുത്തിയത്. ബാക്കി 12 അംഗങ്ങള്‍ ജില്ലാ ബാങ്കിന്റെ നോമിനികളാണ്. പുതിയ സോഫ്റ്റ് വെയറുമായി മുമ്പോട്ട് പോയാല്‍ സഹകരണ ചട്ടപ്രകാരമുള്ള ഷെഡ്യൂളുകള്‍ ലഭിക്കില്ലെന്ന് വിവിധ സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി രജിസ്ട്രാര്‍ നിര്‍ബന്ധ ബുദ്ധിയോടെ സോഫ്റ്റ്‌വെയറുമായി മുമ്പോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നു പറയുന്നു. ഇതിനിടെ, പരാതിയുമായി ചില സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ സമീപിച്ചിരുന്നു. കേരള ബാങ്ക് രൂപീകരണത്തോടെ പുതിയ പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുമെന്നും അതിനാല്‍ ഇപ്പോള്‍ പഴ നില തുടര്‍ന്നാല്‍ മതിയെന്നുമായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ഇടുക്കിയിലെ 71 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 41 എണ്ണമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്നത്. 41 ബാങ്കുകളുടെ 200 ശാഖകളില്‍ നിന്ന് പ്രതിമാസം 9500 രൂപാ വീതം എഎംസി (ആനുവല്‍ മെയ്ന്റനന്‍സ് ചാര്‍ജ്) ആയി ഈടാക്കുകയാണ്. സോഫ്റ്റ് വെയറിന്റെ ഉപയോഗം സംബന്ധിച്ച് കൃത്യമായി ധാരണയില്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക പറയുമ്പോള്‍ തന്നെ വ്യക്തമാണ് മറ്റാരുടെയൊ ക്കെയോ കൈകള്‍ ഇതിനു പിന്നിലുണ്ടെന്ന്. വെബ് ബേസ്ഡ് അല്ലാത്ത ഒരു സോഫ്റ്റ് വെയര്‍ കോര്‍ ബാങ്കിങ്ങിനുവേണ്ടി ഉപയോഗിക്കുമ്പോ ള്‍ തന്നെ അത് പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നിട്ടും നിര്‍ബന്ധബുദ്ധ്യാ ഇത് ഉപയോഗിക്കുമ്പോള്‍ തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടാവുന്ന നേട്ടം ഊഹിക്കാവുന്നതിലും അപ്പുറമാണ്. അതുസംബന്ധിച്ച വിവരങ്ങള്‍ തേജസ് വരുംദിവസങ്ങളില്‍ പുറത്തുവിടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss