|    Sep 23 Sun, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അക്കിത്തത്തിന്റെ ദേവായനത്തില്‍ പത്മശ്രീയുടെ ആഹഌദം

Published : 26th January 2017 | Posted By: fsq

 

ആനക്കര: പത്മശ്രീ പുരസ്‌കാരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ തികഞ്ഞ ആഹഌദത്തിലാണ് മഹാകവി അക്കിത്തത്തിന്റെ ദേവായനം. ഫോണ്‍ വിളികളിലൂടെ പ്രമുഖരടക്കമുള്ളവരുടെ ആശംസകളുടെ ഒഴുക്ക്. പത്മശ്രീ പുരസ്‌കാരം ലഭിച്ചു എന്നുകേട്ടപ്പോള്‍ വിശ്വാസത്തിലെടുക്കാന്‍ പ്രയാസപ്പെട്ടങ്കിലും എല്ലാം സര്‍വേശ്വരന്റെ അനുഗ്രഹമായി കരുതുന്നുവെന്ന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ദേവായനത്തിന്റെ പൂമുഖത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുരസ്‌കാരത്തില്‍ സന്തോഷം തോന്നുന്നു. പ്രതീക്ഷിക്കാതെ വന്നുചേര്‍ന്ന പദമായിതന്നെ കരുതാം. പുരസ്‌കാരങ്ങള്‍ തനിക്ക് ആനന്ദവും സന്തോഷവും നല്‍കുന്നുണ്ട്. അതില്‍ ചെറുത് വലുത് എന്ന വ്യത്യാസമില്ല. ജ്ഞാനപീഠം ലഭിക്കാത്തതില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.വി ടി ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണത്തില്‍ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കവിതയ്ക്കു പുറമെ നിരവധി ചെറുകഥകളും ലേഖനങ്ങളും വിവര്‍ത്തനങ്ങളും തൂലികാചിത്രങ്ങളുടെയും സ്രഷ്ടാവാണ് അദ്ദേഹം. നാടകനടനായും സാമൂഹിക പരിഷ്‌കര്‍ത്താവായും വേഷമിട്ടു. കുമരനെല്ലൂരില്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടെയും മകനായി 1926ല്‍ ജനനം. വേദത്തിനു പുറമെ ഇംഗ്ലീഷും കണക്കും തമിഴും പഠിച്ചു. കുമരനെല്ലൂര്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. പഠിപ്പുതുടരാനായില്ല. ചിത്രകല, സംഗീതം, ജ്യോതിഷം എന്നിവയിലായിരുന്നു താല്‍പര്യം. എട്ടാം വയസ്സുമുതല്‍ കവിത എഴുതിത്തുടങ്ങി. പൊന്നാനി കളരിയില്‍ അംഗമായതോടെ ഇടശ്ശേരി, വിടി, ഉറൂബ്, നാലപ്പാടന്‍ എന്നിവരുടെ കൂട്ടായ്മയാണ് അക്കിത്തത്തിലെ കവിത്വത്തെ ഉണര്‍ത്തിയത്.  1946 മുതല്‍ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനും യോഗക്ഷേമം, മംഗളോദയം മാസികകളുടെ പത്രാധിപസമിതി അംഗവുമായിരുന്നു. 56 മുതല്‍ 85വരെ കോഴിക്കോട് ആകാശവാണിയില്‍ ജോലി. എഡിറ്ററായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1949ല്‍ വിവാഹിതനായി. ഭാര്യ: പട്ടാമ്പി ആലമ്പിള്ളി മന ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss