|    Apr 24 Tue, 2018 5:00 am
FLASH NEWS
Home   >  Editpage  >  Article  >  

അക്കാദമിയിലെ ചാരന്മാര്‍: പ്രഫസര്‍ 007!

Published : 3rd July 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

വാര്‍ത്തകള്‍ ടണ്‍കണക്കിനു നമ്മെ തേടി വരാന്‍ തുടങ്ങുന്നതോടൊപ്പം നാം അവയെ സംശയിക്കാനും തുടങ്ങും. സംശയിച്ചാല്‍ മാത്രമേ ശരിയായ വാര്‍ത്ത ലഭിക്കൂ എന്നുപോലും നാം കരുതും. അതോടെ ചിലരെ നാം വ്യക്തിപരമായി ആശ്രയിക്കാന്‍ തുടങ്ങും. എല്ലാവര്‍ക്കും കാണും ഇത്തരം ചിലര്‍. ഡല്‍ഹിയിലെ വാര്‍ത്തകളുടെ ഉള്ളുകള്ളികളിലേക്കു കടന്നുചെല്ലാന്‍ സഹായിക്കുന്ന ചിലര്‍ എനിക്കുമുണ്ട്. ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ അധ്യാപകനായ റാഷിദാണ് (പേരു മാറ്റിയിരിക്കുന്നു) അവരിലൊരാള്‍.
വല്ലപ്പോഴും നാട്ടിലെത്തുന്ന അയാള്‍ നാം അതുവരെ അറിയാത്ത വിശേഷങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിനു വേണ്ടി ആട്ടിയോടിക്കപ്പെട്ട ചേരിനിവാസികള്‍, ‘നിര്‍ഭയ’ക്കു ശേഷം ആക്രമിക്കപ്പെട്ട ബിഹാറികള്‍ തുടങ്ങി പലതും അയാളിലൂടെയാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ അറിഞ്ഞത്.
ബട്‌ലാഹൗസ് വ്യാജ ഏറ്റുമുട്ടല്‍ ഉപയോഗപ്പെടുത്തി പോലിസ്, ജാമിഅ പോലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനം നിയന്ത്രിക്കുന്നതെങ്ങനെ എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. അവിടെ അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഡല്‍ഹി പോലിസിന്റെ പ്രത്യേക വിഭാഗം പരിശോധിച്ചശേഷമാണ് അംഗീകരിക്കുന്നതത്രെ. ജാമിഅയിലെ അധ്യാപകരുടെ ഫോണുകള്‍പോലും ചോര്‍ത്തുന്നുണ്ടെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നു.
ബട്‌ലാഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കേസിന് പിറകെ സഞ്ചരിച്ച അസദ് അഷ്‌റഫ് എന്ന വിദ്യാര്‍ഥിയുടെ കഥ ഇങ്ങനെ: അദ്ദേഹം ജാമിഅയിലെ ബിരുദവിദ്യാര്‍ഥിയായിരുന്ന സമയത്താണ് ബട്‌ലാഹൗസ് സംഭവം നടക്കുന്നത്. മറ്റു പലരെയും പോലെ അസദും ആ ദുരന്തത്തിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ആഗ്രഹിച്ചു. രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വിവരാവകാശനിയമത്തിലെ വകുപ്പുകള്‍ കൗശലത്തോടെ ഉപയോഗിച്ചു. ഗൂഢാലോചനയുടെ നിരവധി തെളിവുകള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഉപരിപഠനത്തിനായി പിന്നീട് ജാമിഅയില്‍ അപേക്ഷിച്ച അദ്ദേഹത്തിന്റെ പ്രവേശനം പോലിസ് ഇടപെട്ട് നിര്‍ബന്ധപൂര്‍വം തടയുകയായിരുന്നുവെന്ന് റാഷിദ് പറയുന്നു.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും ജെഎന്‍യു അധ്യാപകനുമായ ഒരാളുടെ മകന് പിന്നാലെ ഡല്‍ഹി പോലിസ് നടന്ന കഥ ഇതിലും അസംബന്ധം നിറഞ്ഞതായിരുന്നു. ജനനംകൊണ്ട് ഹിന്ദുവായ അധ്യാപകന്റെ മകന്റെ പേര് കബീര്‍ എന്നാണെന്ന് പോലിസ് മനസ്സിലാക്കി. കബീറും ജാമിഅയിലെ വിദ്യാര്‍ഥിയായിരുന്നു. എന്തിനാണ് ജനനംകൊണ്ട് ഹിന്ദുവായ ഒരാള്‍ മകനു വേണ്ടി മുസ്‌ലിം പേര് തിരഞ്ഞെടുത്തതെന്നായിരുന്നു രഹസ്യപോലിസിന്റെ സംശയം. അധ്യാപകന്‍ മതം മാറി മുസ്‌ലിമായിരിക്കുകയാണെന്നായിരുന്നു പോലിസ് വിലയിരുത്തല്‍.
ഇത് ഡല്‍ഹിയിലെ കഥ. ഇത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ കേരളത്തിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍നിന്നാണ് പുതിയ വാര്‍ത്ത. ഇടതു തീവ്രവാദികളും ദലിത്-മുസ്‌ലിം സംഘടനകളും പോലുള്ള ‘ദേശവിരുദ്ധര്‍’ കാംപസില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കലക്ടര്‍ വൈസ് ചാന്‍സലറോട് ഉത്തരവിട്ടിരിക്കുന്നത്. പാഠാന്തരം, പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (പിഎസ്എ), അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ) തുടങ്ങിയവയാണ് ദേശവിരുദ്ധത ആരോപിക്കപ്പെടുന്ന വിദ്യാര്‍ഥിസംഘടനകള്‍. പാഠാന്തരം വിദ്യാര്‍ഥിഗ്രൂപ്പ് തങ്ങളുടെ രഹസ്യ പ്രസിദ്ധീകരണങ്ങള്‍ സര്‍വകലാശാലയില്‍ വിതരണം ചെയ്യുന്നുവെന്നാണ് ആരോപണം. മറ്റു സംഘടനകള്‍ക്കെതിരേയും സമാന ആരോപണങ്ങളുണ്ട്.
കേരളത്തിലെ കാംപസുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് പാഠാന്തരമെന്നും പാഠാന്തരം മാസിക ഒരു രഹസ്യ പ്രസിദ്ധീകരണമല്ലെന്നുമാണ് അതിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. രോഹിത് വെമുല, ജെഎന്‍യു വിഷയങ്ങളില്‍ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചതാണ് അധികൃതരെ പ്രകോപിപ്പിച്ചതെന്നുവേണം കരുതാന്‍. പാര്‍ലമെന്ററി രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനകളെ നിയന്ത്രിച്ച് വിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റുകളുടെ കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രമാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ജെഎന്‍യു പ്രതിഭാസം കേരളത്തിലും ആവര്‍ത്തിക്കുമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ട് കാര്യങ്ങളെ കുറച്ചുകൂടി തീവ്രമാക്കും. ചുംബനസമരസമയത്ത് അതിനോട് അനുഭാവം പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ ചോദ്യംചെയ്തത് എന്‍ഐഎ ആയിരുന്നുവെന്നത് ഇത്തരം സംഭവങ്ങളെ പോലും ദേശീയസുരക്ഷയുടെ കണ്ണുകളിലൂടെയാണ് ഭരണകൂടം കാണുന്നതെന്നതിനു തെളിവാണ്. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു ഈ ദുരവസ്ഥ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss