|    Jun 24 Sun, 2018 9:28 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

അകത്തേക്കും വേണ്ടേ ഒരു നയപ്രഖ്യാപനം?

Published : 26th November 2016 | Posted By: SMR

slug-greennotesഅങ്ങനെ 60 വയസ്സായി കേരളത്തിന്. ആഘോഷങ്ങളില്‍ പ്രധാനം വെളിയിട വിസര്‍ജനമുക്ത പദവി സ്വന്തമാക്കിയതായുള്ള പ്രഖ്യാപനമാണ്- തുറന്ന സ്ഥലങ്ങളില്‍ കാര്യസാധ്യം നടത്താത്തവരുടെ സംസ്ഥാനമായി എന്നര്‍ഥം. പ്രഖ്യാപനത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്: കാര്യസാധ്യത്തിനായി ഇനിയാരും വെളിക്കിറങ്ങരുത്. നാണക്കേടാണ്. പുറത്തേക്കു കളയുന്നത് നാലാള്‍ കാണുന്നതും നാടാകെ നാറ്റിക്കുന്നതും കുറച്ചിലാണെന്നാണ് പ്രഖ്യാപനത്തിന്റെ സാരം. അല്‍പസ്വല്‍പം വെടിപ്പും വൃത്തിയും മലയാളികള്‍ക്കുണ്ടെന്ന് കാണുന്നവര്‍ക്കു തോന്നണം. നമ്മുടെ പറമ്പുകളും തെരുവുകളും പൊതുസ്ഥലങ്ങളുമൊക്കെ ഇത്തരത്തില്‍ തീര്‍ത്തും വൃത്തിയായി എന്നാണ് പ്രഖ്യാപനം.
200 മില്ലി മൂത്രമൊഴിച്ച ശേഷം അത് ഫഌഷ് ചെയ്തുകളയാന്‍ 20 ലിറ്റര്‍ വെള്ളം ചെലവാക്കുന്ന ശുചിമുറിസംവിധാനം തുലാമഴപോലും കിട്ടാത്ത സാഹചര്യത്തില്‍ എത്രത്തോളം പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ വികസനസങ്കല്‍പമാണെന്ന് ചര്‍ച്ചചെയ്യുന്നില്ല. എന്നാല്‍, ചര്‍ച്ചചെയ്യേണ്ട മറ്റു ചിലതുണ്ട്. വെളിയിട വിസര്‍ജനമാണോ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പരിസരപ്രശ്‌നം? ‘വെളിയിട’മല്ലാതായ നമ്മുടെ പൊതുഇടങ്ങളും പറമ്പുകളുമൊക്കെ അങ്ങനെ സ്വച്ഛസുന്ദരമായി പരിലസിക്കുകയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
പുറത്തേക്കിറങ്ങിയാല്‍ മുന്നില്‍പ്പെടുന്ന മാലിന്യങ്ങളില്‍ കണ്ണോടിച്ചാല്‍ ഒരു കാര്യം പിടികിട്ടും. പല നിറത്തിലും ആകൃതിയിലും വലുപ്പത്തിലുമുള്ള കവറുകള്‍, പായ്ക്കറ്റുകള്‍, കുപ്പികള്‍… 90 ശതമാനവും നാം അകത്തേക്കു തള്ളിവിട്ടതിന്റെ, തിന്നതിന്റെയും കുടിച്ചതിന്റെയും ശേഷിപ്പുകളാണ്. ബീഡിക്കുറ്റികളും സിഗരറ്റ് ബാക്കിയും സിമന്റ് ചാക്കും തോരണങ്ങളും പോലുള്ള സാധനങ്ങളുമൊക്കെ കണ്ടേക്കാമെങ്കിലും ഭക്ഷ്യവസ്തുക്കളുടെ പൊതിയലുകള്‍ തന്നെ നാം പുറന്തള്ളുന്ന മാലിന്യങ്ങളില്‍ പ്രധാനം.
തോടുകളിലും ജലാശയങ്ങളിലും പുഴകളിലും ഓടകളിലും കാനകളിലും എന്നു വേണ്ട പഞ്ചായത്ത് കിണര്‍ വൃത്തിയാക്കിയാലും സ്‌കൂള്‍ മുറ്റം അടിച്ചുവാരിയാലുമൊക്കെ കിട്ടും ഇത്തരത്തിലുള്ള ഒരു ചാക്ക് കവറുകള്‍. പൊതുഇടങ്ങളിലെ ഈ മാലിന്യസാംപിളുകള്‍ നമ്മുടെ വയറിന്റെയും ആരോഗ്യത്തിന്റെ തന്നെയും ത്രിമാന ചിത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ കവറുകളില്‍നിന്ന് മലയാളികള്‍ വയറ്റിനകത്തേക്കു തള്ളിവിടുന്ന സംഗതികള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എന്നാല്‍, പരിസരം ശുചിയായി വയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ പുറത്തേക്കുള്ളവയുടെ കാര്യത്തിലെന്നപോലെ അകത്തേക്കു പോവുന്നതിന്റെ കാര്യത്തിലും ഒരു നയമൊക്കെ വേണ്ടേ സാര്‍ എന്നാണു ചോദ്യം.
മാലിന്യങ്ങള്‍ പട്ടിയായും കൊതുകായും എലിയായുമൊക്കെ നമ്മളെ തന്നെ തിരിച്ചു കടിച്ചു തുടങ്ങിയ സാഹചര്യത്തില്‍, എങ്ങനെയാണ് ഇത്രയധികം പ്ലാസ്റ്റിക് ഭക്ഷണപ്പൊതികള്‍ നമ്മുടെ പരിസരങ്ങളിലെത്തുന്നത് എന്ന് അന്വേഷിക്കേണ്ട വിഷയമാണ്. പ്രശ്‌നം വിരല്‍ചൂണ്ടുന്നതാവട്ടെ മലയാളിയുടെ ഭക്ഷണശീലങ്ങളിലേക്കു മാത്രമല്ല, ജീവിതശൈലിയിലേക്കും ചിന്താരീതികളിലേക്കും കൂടിയാണ്. ഇക്കാര്യത്തിലും ഒരു നയപ്രഖ്യാപനം പ്രാധാന്യമര്‍ഹിക്കുന്നുവെന്നര്‍ഥം.
പലതരം മിഠായികളുടെയും പലഹാരങ്ങളുടെയും കവറുകള്‍ക്കു പുറമേ ചവറ്റുകൂനകളിലെ പ്രധാന ഐറ്റം പാഴ്‌സല്‍ ഭക്ഷണ കവറുകളാണ്. എവിടെ നിന്ന് ഇത്രയേറെ പാഴ്‌സല്‍ ഭക്ഷണക്കവറുകള്‍? അന്വേഷിക്കേണ്ട വിഷയമാണ്.
പുസ്തകങ്ങള്‍ക്കൊപ്പം ടിഫിന്‍ ബോക്‌സുമായി കോളജിലേക്കു പോവുന്ന യുവതീയുവാക്കള്‍ പഴയകാല സിനിമകളിലും മറ്റും കാണാനാവും. ഇന്നു പക്ഷേ, ടിഫിന്‍ ബോക്‌സ് കൊണ്ടുനടക്കുന്നത് കോളജ് കുമാരീകുമാരന്‍മാര്‍ക്കെന്നല്ല അധ്യാപകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമൊക്കെപ്പോലും നാണക്കേടാണ്.
ഈ നാണക്കേടിന്റെ പേരില്‍ മാത്രം ഉച്ചയൂണ് ഹോട്ടലില്‍ നിന്ന് കഴിക്കുകയോ പാഴ്‌സലായി വാങ്ങുകയോ ചെയ്യുന്നവര്‍ നമ്മുടെ ഉദ്യോഗസ്ഥപ്രഭുക്കള്‍ക്കിടയില്‍പ്പോലുമുണ്ട്. മറ്റു ചിലരാവട്ടെ ഹോട്ടലില്‍ പോയി കഴിക്കുന്നത് നാണക്കേടായി കണ്ട് പാഴ്‌സല്‍ വാങ്ങി കഴിക്കുന്നു. ഭാര്യയും ഭര്‍ത്താവും ജോലിക്കാരാണെങ്കില്‍ പലപ്പോഴും ഇവര്‍ വൈകീട്ട് വീട്ടില്‍ വരുന്നതു തന്നെ കൈ നിറയെ ഭക്ഷണപ്പൊതികളുമായാണ്. പാതി തിന്ന്, ബാക്കിയുള്ളവ കവറില്‍ ഭദ്രമാക്കി കെട്ടി അതേപടി ചവറ്റുകൂനയിലേക്ക്. പൊതിഞ്ഞുകെട്ടി വലിച്ചെറിയുന്ന ഈ ഭക്ഷണാവശിഷ്ടങ്ങളാണ് കൊച്ചിയടക്കമുള്ള നഗരങ്ങളിലെ തെരുവുനായകളുടെ പ്രധാന ഭക്ഷണം തന്നെ.
പാഴ്‌സല്‍ ഊണിന് ഡിമാന്റ് ഏറിയതോടെ ഹോട്ടലുകാരും ഇക്കാര്യത്തില്‍ പ്രഫഷനലായി. വിഭവങ്ങള്‍ തയ്യാറായിക്കഴിഞ്ഞാലുടന്‍ അവ ചെറു പായ്ക്കറ്റുകളിലാക്കാന്‍ ആളെ നിയോഗിക്കുന്ന ഹോട്ടലുകളുണ്ട്. അങ്ങനെ ഉപ്പേരി മുതല്‍ പപ്പടം വരെ വിഭവങ്ങള്‍ ഓരോ പായ്ക്കറ്റില്‍. ചോറിനൊരു പായ്ക്കറ്റ്. അല്ലെങ്കില്‍ പ്ലാസ്റ്റിക് പാത്രം. എല്ലാം കൂടി ഭദ്രമാക്കി കെട്ടിപ്പൊതിയാന്‍ മറ്റൊരു കവര്‍. ഇത് കൈയില്‍ തൂക്കാന്‍ വേറെയൊരു സഞ്ചി- ഒരു ശരാശരി പാഴ്‌സല്‍ ഊണിന്റെ ചിത്രമിതാണ്.
നാലുപേരുള്ള വീട്ടിലേക്ക് ഭക്ഷണം വാങ്ങിയാല്‍പ്പോലും ഓരോരുത്തര്‍ക്കും എട്ടും പത്തും പായ്ക്കറ്റുകള്‍ ലഭിക്കുന്നത് ഇങ്ങനെയാണ്. പൊതിഞ്ഞുകിട്ടിയ ഭക്ഷണത്തിന്റെ ബാക്കി പൊതിഞ്ഞുകെട്ടിത്തന്നെ പുറത്തേക്കു കളയുന്ന പതിവ് നഗര മാലിന്യ സംസ്‌കരണ രംഗത്തെ ഏറ്റവും വലിയ കീറാമുട്ടിയായി മാറുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ വിദ്യാലയങ്ങളാണ് മറ്റൊരു കവര്‍ ഉല്‍പാദനകേന്ദ്രം. സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ക്ക് ദിവസവും ഒരു പായ്ക്കറ്റ് പലഹാരം പതിവ് രീതിയായിട്ടുണ്ട്. സിപ്പപ്പ് കവറുകള്‍ക്കും മിഠായിക്കവറുകള്‍ക്കും പുറമേ സ്‌കൂള്‍ വളപ്പിലെ മാലിന്യങ്ങളിലെ പ്രധാന ഐറ്റവും വീട്ടില്‍നിന്നു കൊടുത്തയക്കുന്ന ഈ പലഹാരക്കവറുകളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss