|    Jan 16 Tue, 2018 7:18 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അംബേദ്കറെ പുനര്‍വായിക്കണം

Published : 25th April 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

എല്ലാവരും അംബേദ്കറെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. സംഘികളും ഇടതുപക്ഷവും സര്‍ക്കാരുകളും എല്ലാം. നല്ലതു തന്നെ. എന്നാല്‍, ഈ അംഗീകാരം അംബേദ്കര്‍ ഉന്നയിച്ചിട്ടുള്ള രാഷ്ട്രീയത്തോടുള്ള ഒരു ക്രിയാത്മക ഇടപാടിലൂടെ ആര്‍ജിച്ച ഒന്നാണോ എന്നതാണു ചോദ്യം. ഇവരൊക്കെ തന്നെ ഇവരുടെ രാഷ്ട്രീയത്തെ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാക്കിയിട്ടുണ്ടോ. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം എന്നും ജാതിയെ ഗൗരവത്തോടെ അഭിസംബോധന ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മുന്‍ നിലപാടുകള്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളെ അവര്‍ അഭിമുഖീകരിക്കാന്‍ തയ്യാറാണോ? അല്ലെന്നതാണ് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനം വ്യക്തമാക്കുന്നത്. എല്ലാകാലത്തും അംബേദ്കറെ എതിര്‍ത്തിരുന്ന സംഘപരിവാരവും ഇപ്പോള്‍ അംബേദ്കറെ ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ പൊതുയിടത്തെ ഈദൃശ്യതയുടെ അവസരത്തില്‍ അംബേദ്കര്‍ ചിന്തയെ ആത്മാര്‍ഥമായി പിന്തുടരുന്നവരുടെ മുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട് എന്ന് ഞാന്‍ കരുതുന്നു. അതില്‍ പ്രധാനമെന്നു എനിക്കു തോന്നുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടുള്ള സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് അംബേദ്കര്‍ ചിന്തകളെ, രാഷ്ട്രീയസിദ്ധാന്തങ്ങളെ എങ്ങനെ പുനര്‍വായിക്കും? അംബേദ്കര്‍ ചിന്തകളെ എങ്ങനെ സമീപിക്കും? അത് എല്ലാകാലത്തേക്കുമുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ പരിഹാരമായാണോ കാണേണ്ടത്? മറിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാമൂഹിക അവസ്ഥയെയും അധികാരത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന, അവയില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ചരിത്രപരമായ ഒരു ചിന്താധാരയായാണോ മനസ്സിലാക്കേണ്ടത്? ദലിത് ബഹുജനങ്ങളുടെ സാമൂഹികാധികാരത്തിനുവേണ്ടിയുള്ള പ്രായോഗികമായ സാധ്യതകള്‍ എന്താണ് അംബേദ്കറുടെ ചിന്തകളും പ്രവൃത്തികളും തരുന്നത് എന്ന് ആലോചിക്കുകയല്ലേ വേണ്ടത്? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു ചില കാരണങ്ങളുണ്ട്. അംബേദ്കര്‍ ചിന്തകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക പരിണാമങ്ങളുടെ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തി പുതിയ സാഹചര്യങ്ങളെ വിലയിരുത്താനും സാമൂഹിക ഇടപെടലുകള്‍ നടത്താനും കഴിയണമെന്നാണ് എനിക്കു തോന്നുന്നത്. നമുക്കു വേണ്ടി എല്ലാം അംബേദ്കര്‍ പറഞ്ഞുകഴിഞ്ഞെന്നും പുതിയ സാഹചര്യങ്ങളോട് ഇടപെടുന്നതിന് അവയെ അനായാസം ഉപയോഗിച്ചാല്‍ മതിയെന്നും കരുതുന്നതിനു പകരം അംബേദ്കര്‍ ചെയ്തിരുന്നതുപോലെ തന്നെ നിരന്തരമായി രാഷ്ട്രീയ ഇടപെടലുകളാണോ നടത്തേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. അതായത് രാഷ്ട്രീയ ഇടപെടല്‍’നമ്മുടെയും’കൂടി ജോലിയാണ്. ജാതിയുടെ സാമൂഹിക രൂപങ്ങളില്‍ വന്ന മാറ്റങ്ങളെ വിലയിരുത്തുകയും വേണം.
അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ 125ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്വേഷണങ്ങളെക്കുറിച്ചും എഴുത്തുകളെ കുറിച്ചും മലയാളത്തില്‍ ഗൗരവത്തോടെയുള്ള പഠനങ്ങള്‍ കുറവാണെന്നാണ്. ഒരുപക്ഷേ, എന്റെ ദൃഷ്ടിയില്‍പ്പെട്ടവയെക്കുറിച്ചായിരിക്കും ഇതു പറയുന്നത്. ജീവചരിത്ര കുറിപ്പുകളാണ് കൂടുതലുമുള്ളത്. ബുദ്ധിസ്റ്റ് അന്വേഷണങ്ങളും ഉണ്ട്. എന്നാല്‍, രാഷ്ട്രീയത്തെ സമഗ്രമായി അപഗ്രഥിക്കുന്നവ കുറവാണ്.
അംബേദ്കറുടെ ആശയങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും സാമൂഹികനീതിയെക്കുറിച്ചുള്ള ആശയങ്ങളെക്കുറിച്ച് എഴുതാന്‍ ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പ്രഫസര്‍ ഗോപാല്‍ഗുരു പറയുന്നുണ്ട്. അംബേദ്കര്‍ എഴുത്തിലും പ്രസംഗങ്ങളിലും സാമൂഹികനീതിയെക്കുറിച്ച് ചിട്ടയായ ഒരു വീക്ഷണം വികസിപ്പിച്ചിട്ടില്ലെന്നും എന്നാല്‍, അദ്ദേഹത്തിന്റെ രചനകളില്‍ സാമൂഹികനീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹിക-സാമ്പത്തിക ജനാധിപത്യം എന്നിവ വ്യാപിച്ചുകിടക്കുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സമാനമായ ഒരു വീക്ഷണം ആനന്ദ് തെല്‍തുംബ്‌ദെയും മുന്നോട്ടുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അംബേദ്കര്‍ കൃതികള്‍ സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. അതിലൂടെ അംബേദ്കര്‍ നടത്തിയിട്ടുള്ള അന്വേഷണങ്ങളെ പൂര്‍ണവിരാമം ഇടുന്നതിനു പകരം എങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ പരിസരത്തില്‍ അപഗ്രഥിക്കുക എന്നത് പ്രധാനമാണെന്ന് എനിക്കു തോന്നുന്നു. അംബേദകര്‍ ചിന്തകളെ ചരിത്രപരമായി സ്ഥാപിച്ചുകൊണ്ടുതന്നെ എങ്ങനെ സമകാലികമായ ഒന്നായി മനസ്സിലാക്കും?
ഭരണഘടനാ ശില്‍പി എന്ന നിലയില്‍ കണ്ടുകൊണ്ട് പലപ്പോഴും രാജ്യത്തിന്റെ, ദേശരാഷ്ട്രത്തിന്റെ, ദേശീയത, ജനാധിപത്യ ഭരണകൂടം എന്നിവയുടെയൊക്കെ പര്യായമായി അംബേദ്കര്‍ വ്യാഖ്യാനിക്കപ്പെടുന്നതിലൂടെ അദ്ദേഹം ദേശീയത, ദേശീയവാദം, രാഷ്ട്രം എന്നിവയോട് പുലര്‍ത്തിയിട്ടുള്ള സംഘര്‍ഷഭരിതമായ, വിമര്‍ശനപരമായ ഒരു ബന്ധത്തെ മനസ്സിലാക്കപ്പെടാതെ പോവുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദേശരാഷ്ട്രം കൈവരിച്ചിരിക്കുന്ന അമിതമായ അധികാരം ചിലപ്പോള്‍ അംബേദ്കര്‍ തന്നെ സ്വപ്‌നംകണ്ടിട്ടുണ്ടാവില്ല. കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്കു നേരെ നടത്തുന്ന ദേശരാഷ്ട്രത്തിന്റെ ഹിംസകളുടെ ചരിത്രം അംബേദ്കര്‍ സ്വപ്‌നംകണ്ട ഒരു ജനാധിപത്യസമൂഹത്തിന്റെ വിപരീതമായ ഫലത്തില്‍ എത്തിയതിന്റെ സൂചനകളായിരിക്കാം നല്‍കുന്നത്. ഈയവസരത്തില്‍ ദേശരാഷ്ട്ര സങ്കല്‍പ്പത്തോടുള്ള അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ ഒരു ധാരയെയായിരിക്കാം മനസ്സിലാക്കേണ്ടത്. പുതുതായി രൂപപ്പെട്ടുവരുന്ന രാഷ്ട്രത്തെക്കുറിച്ച് അംബേദ്കര്‍ പേടിച്ച കാര്യങ്ങളാണു നിലവില്‍വന്നത്. സാമൂഹികനീതി ഉറപ്പാക്കുന്ന ഒരു ഭരണഘടനയ്ക്കുവേണ്ടി നിരന്തരം പോരാടുമ്പോള്‍ പലപ്പോഴും നിലവില്‍ വരുന്ന രാജ്യത്ത് ഉണ്ടാവാന്‍ പോവുന്ന അവസ്ഥകളെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു.
1946 നവംബര്‍ 25നു ഭരണഘടനാ നിര്‍മാണ സഭയില്‍ ചെയ്ത പ്രസംഗത്തില്‍, 1950 ജനുവരി 26 വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിലേക്കു കടക്കുകയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. രാഷ്ട്രീയത്തില്‍ തുല്യത ഉണ്ടാവുമെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ തുല്യതയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ഒരു വ്യക്തിക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്നത് അംഗീകരിക്കപ്പെടുമെങ്കിലും നമ്മുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ കാരണത്താല്‍ ഒരു വ്യക്തിക്ക് ഒരു മൂല്യം എന്നത് അംഗീകരിക്കപ്പെടില്ലെന്നും വ്യക്തമാക്കി. ഭരണഘടന അംഗീകരിക്കപ്പെടുമ്പോഴും രാഷ്ട്രീയവ്യവസ്ഥയും സാമൂഹികവ്യവസ്ഥയും തമ്മില്‍ പൊരുത്തക്കേട് നിലനില്‍ക്കുമെന്ന് അദ്ദേഹം സംശയിച്ചത് ന്യായമാണെന്ന് തെളിയിക്കപ്പെട്ടു. ദലിത് ബഹുജനങ്ങളെ സംബന്ധിച്ച് അധികാരവും സാമൂഹികനീതിയും അകന്നുപോവുന്ന കാഴ്ചയാണു കണ്ടത്. ലിബറല്‍ ജനാധിപത്യത്തിന്റെ പരിമിതി അദ്ദേഹം പലതവണ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1955ല്‍ അദ്ദേഹം എഴുതിയ ഭാഷാസംസ്ഥാനങ്ങളെ കുറിച്ചുള്ള ചിന്തകളില്‍ പുതിയ ഭരണഘടനയില്‍ കൈയൊഴിഞ്ഞ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ദുഃഖം രേഖപ്പെടുത്തുന്നുമുണ്ട്. രാജ്യസഭയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഭരണഘടനയെ തന്നെ അദ്ദേഹം കൈയൊഴിയുകയും ഉപയോഗശൂന്യമായ ഡോക്യുമെന്റ് എന്ന് പറയുകയും ചെയ്‌തെന്ന് ആനന്ദ് തെല്‍തുംബ്‌ദേയുടെ ലേഖനത്തില്‍ പറയുന്നുണ്ട്.
ജീവിതത്തിലുടനീളം ജാതിക്കെതിരേയുള്ള അയിത്തജാതിക്കാരുടെ സമരങ്ങളില്‍ അംബേദ്കര്‍ സ്വീകരിച്ച തന്ത്രങ്ങളെക്കുറിച്ച് ക്രിസ്‌റ്റൊഫ് ജഫര്‍ലോട്ട് വളരെ വിശദമായി എഴുതിയിട്ടുണ്ട്. അംബേദ്കറുടെ സാമൂഹിക ഇടപെടലുകള്‍ നോക്കിയാല്‍ അയിത്തജാതികളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നതു കാണാം. പരമ്പരാഗതമായ ജാതിവ്യവസ്ഥകള്‍ക്കെതിരേ ബ്രിട്ടിഷ് കൊളോണിയല്‍ അധികാരത്തിന്റെ/ആധുനികതയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നീടു നെഹ്‌റു മന്ത്രിസഭയില്‍ പങ്കാളിയായത് അയിത്തജാതിക്കാര്‍ക്കു വേണ്ടി ഭരണവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. ശക്തമായ ഒരു കേന്ദ്രഭരണത്തിനു വേണ്ടി അംബേദ്കര്‍ വാദിച്ചത് പ്രാദേശികമായ/പരമ്പരാഗതമായ ജാതിയുടെ വ്യവസ്ഥയെ തകര്‍ക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍, ആധുനിക ദേശരാഷ്ട്രം കൈവരിച്ചിരിക്കുന്ന ഭീകരമായ അധികാരത്തെ ചോദ്യംചെയ്യാന്‍ അംബേദ്കര്‍ പിന്തുടര്‍ന്നിരുന്ന ചോദ്യംചെയ്യലിന്റെ ഒരു ധാരയെ മുന്നോട്ടു കൊണ്ടുപോവേണ്ടിയിരിക്കുന്നു. സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ അവസാനവാക്കുകളേക്കാള്‍ നിരന്തരം പരിഷ്‌കരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളും തന്ത്രങ്ങളുമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അംബേദ്കര്‍ ചിന്തയോടൊപ്പം അധികാരത്തെയും സാമൂഹിക വിവേചനത്തെയും ചെറുക്കാന്‍ കഴിയുന്ന ലഭ്യമായ/സാധ്യമായ പരമാവധി രാഷ്ട്രീയവ്യവഹാരങ്ങള്‍ കണ്ടെത്തുന്നതിലാണ് ദലിത് ബഹുജന്‍ രാഷ്ട്രീയത്തിന്റെ ഭാവി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day