|    Jul 22 Sat, 2017 8:13 am
FLASH NEWS

അംബിക വധക്കേസ്: പ്രതി നടത്തിയത് സമാനതകളില്ലാത്ത കൊടുംക്രൂരത

Published : 8th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: പുല്‍പ്പള്ളി പാക്കത്തെ പ്രമാദമായ അംബിക വധക്കേസ് പ്രതി പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു (27) നടത്തിയത് സമാനതകളില്ലാത്ത കൊടുംക്രൂരത. കൊല്ലപ്പെടുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഗര്‍ഭസ്ഥശിശുവിന്റെ ഡിഎന്‍എ പരിശോധനയില്‍, കുഞ്ഞ് പ്രതിയുടേതാണെന്നു തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും കോടതിയുടെ ചോദ്യത്തിന് പ്രതിക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കാത്തതും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അംബികയുടെ മാതാവിന് അയച്ച കത്തും തെളിവായി സ്വീകരിച്ച കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം നരിവയല്‍മുക്ക് കോളനിയിലെ അംബിക(20)യുടെ മൃതദേഹം 2014 ആഗസ്ത് 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അംബിക അയല്‍വാസിയായ പ്രതിയുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്നു യുവതി അമ്മയോട് പറഞ്ഞിരുന്നു. അംബികയെ കാണാതായതിനെ തുടര്‍ന്ന് അമ്മ ബിന്ദു ആഗസ്ത് എട്ടിന് പുല്‍പ്പള്ളി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീജുവിനെ അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ വിവരം പുറത്തതറിഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവ് ഉപേക്ഷിച്ച അംബികയും മൂന്നു വയസ്സുള്ള മകനും അംബികയുടെ അമ്മ ബിന്ദുവിനൊപ്പം നരിവയല്‍ കോളനിയിലായിരുന്നു താമസം. ഇതിനിടയില്‍ അംബിക ശ്രീജുവുമായി അടുപ്പത്തിലാവുകയും ഇയാളില്‍നിന്ന് ഗര്‍ഭംധരിക്കുകയും ചെയ്തു. എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഏഴുമാസം തികയാറായപ്പോഴാണ് അംബിക ശ്രീജുവിനെ അറിയിച്ചത്. ഇക്കാര്യം എല്ലാവരും അറിഞ്ഞതോടെ, താരതമ്യേന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തില്‍പ്പെട്ട ബിരുദധാരിയായ ശ്രീജു അംബികയെ കൊല്ലാന്‍ തീരുമാനിച്ചു. ഗര്‍ഭം അലസിപ്പിക്കാതിരിക്കാന്‍ വേണ്ടി അംബിക വിവരം മനപ്പൂര്‍വം  മറച്ചുവച്ചതാണെന്ന് ഇയാള്‍ കരുതി. അംബികയുടെ കോളനിക്കടുത്ത് ഇരുവരും ഒത്തുചേരാറുള്ള ആള്‍ത്താമസമില്ലാത്ത കാവല്‍പ്പുരയില്‍ വച്ച് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊല്ലാനാണ് ശ്രീജു ആദ്യം പദ്ധതിയിട്ടത്. അതിനുള്ള ഒരുക്കങ്ങളും നടത്തി. ഇതിനായി കാവല്‍പ്പുരയ്ക്ക് സമീപം അലൂമിനിയം കമ്പിയും കേബിളുകളും മുളകൊണ്ടുള്ള തോട്ടിയും എത്തിച്ചു. എന്നാല്‍, അവസരം ഒത്തുകിട്ടിയില്ല. ആഗസ്ത് നാലിന് ശ്രീജു അംബികയുമൊത്ത് പറശ്ശിനിക്കടവിലേക്ക് പോയി. അവിടെ വച്ച് കൊല നടത്താനും ഇയാള്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ലോഡ്ജില്‍ മുറിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മുറിയെടുക്കാതെ ഇരുവരും അമ്പലത്തില്‍ തങ്ങി. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങി. ആഗസ്ത് ആറിന് മാനന്തവാടിയിലെത്തിയ ഇരുവരും ഇവിടെനിന്നു സിനിമ കണ്ടശേഷം മടങ്ങി. രാത്രിയായതിനാല്‍ കാവല്‍പ്പുരയിലാണ് തങ്ങിയത്. ഇതിനിടയില്‍ പ്രതി അംബികയുമായി ശാരീരികബന്ധത്തിലും ഏര്‍പ്പെട്ടു. നേരത്തേ കരുതിവച്ചിരുന്ന അലൂമിനിയം കമ്പി ഉറങ്ങിക്കിടന്ന അംബികയുടെ കാലില്‍ ചുറ്റി അതിലേക്ക് സമീപത്തുള്ള ത്രീഫേസ് ലൈനില്‍നിന്ന് ഷോക്കേല്‍പ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി കാവല്‍പ്പുരയില്‍ നിന്ന് തൂമ്പയെടുത്ത് വനത്തില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി. ആഗസ്ത് ഏഴിന് പുലര്‍ച്ചെ മൂന്നരയോടെയാണ് കൃത്യം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക