|    Sep 23 Sun, 2018 6:01 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അംബര്‍: അത്ര ഇരുണ്ടതല്ല

Published : 23rd January 2017 | Posted By: fsq

ഓഫ് ബീറ്റ്‌

കെ എ സലിം

ആഫ്രിക്കനൂറ്റിയമ്പതു സൈനികരുമായി വന്ന് ദക്ഷിണ-മധ്യേന്ത്യയുടെ മണ്ണും മനസ്സും കീഴടക്കിയ മാലിക് അംബര്‍ എത്യോപ്യന്‍ അടിമയായിരുന്നു. വെള്ളക്കാരും അറബികളും അടിമവ്യവസായം നടത്തിയിരുന്ന കാലത്ത് എത്യോപ്യയില്‍ നിന്ന് അടിമയായി പിടിക്കപ്പെട്ട് ചെങ്കടല്‍ കടത്തപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളിലും കുട്ടികളിലും പെട്ടവരിലൊരാള്‍. ആഫ്രിക്കക്കാരന് അടിമയാക്കപ്പെടാന്‍ മാത്രമാണ് യോഗ്യതയെന്നു കരുതപ്പെട്ടിരുന്ന കാലത്ത് കറുത്തവനായ ഭരണാധികാരിയെന്ന സങ്കല്‍പം 15ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മനസ്സ് അംഗീകരിച്ചിരിക്കില്ല. എന്നാല്‍, അംബര്‍ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് എത്തിനോക്കാന്‍ പോലും ഉത്തരേന്ത്യയിലെ ശക്തരായ മുഗള്‍ ചക്രവര്‍ത്തിമാര്‍ക്കു കഴിഞ്ഞിരുന്നില്ല. എത്യോപ്യയിലെ ചെങ്കടല്‍ അതിരിടുന്ന മരുഭൂപ്രദേശമായ ഹരാറില്‍ 1548ലാണ് അംബറിന്റെ ജനനം. ചില ചരിത്രരേഖകള്‍ പ്രകാരം അത് അല്‍ഹുറ നഗരത്തിലാണ്. ഹബാഷി ഗോത്രത്തില്‍ അംബര്‍ ജനിക്കുമ്പോള്‍ ആദല്‍ സുല്‍ത്താന്‍മാരുടെ കീഴിലായിരുന്നു എത്യോപ്യ. സുലൈമാനി രാജവംശവുമായി ആദല്‍ സുല്‍ത്താന്‍മാരുടെ നിരന്തര യുദ്ധം ഇരുവിഭാഗത്തിന്റെയും നാശത്തിലാണ് കലാശിച്ചത്. അംബറിനെ മാതാപിതാക്കള്‍ യമനി അടിമക്കച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നു പറയുന്നവരുണ്ട്. ബഗ്ദാദിലെ അടിമച്ചന്തയില്‍ അംബര്‍ പല തവണ വില്‍പനയ്‌ക്കെത്തി. അവിടെ നിന്ന് അംബറിനെ വാങ്ങിയ മീര്‍ ഖാസിം ബഗ്ദാദിയാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. ചെങ്കിസ് ഖാന്റെ കീഴിലുള്ള അഹ്മദ് നഗര്‍ സുല്‍ത്താന്‍ നിസാം സായിയുടെ കീഴിലായിരുന്നു അംബര്‍. പിന്നീട് ഇസ്‌ലാം സ്വീകരിച്ച അംബര്‍ 20 വര്‍ഷം സുല്‍ത്താനു കീഴില്‍ കഴിഞ്ഞു. സുല്‍ത്താന്റെ കൊട്ടാരത്തില്‍ നിന്നു യുദ്ധതന്ത്രവും നയതന്ത്രവും പഠിച്ച അംബറിനു കൂടുതല്‍ ചുമതലകള്‍ കിട്ടി. നിസാമിന്റെ മരണത്തിനു ശേഷം സ്വതന്ത്രനായ അംബര്‍ ഡെക്കാന്‍ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളിലൊരാളിലേക്കുള്ള വളര്‍ച്ച തുടങ്ങി. ക്രി.ശേ. 1595ല്‍ 150 പേരായിരുന്നു അംബറിന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നത്. വളരെ പെട്ടെന്നുതന്നെ അത് ആയിരത്തിലേക്കു വളര്‍ന്നു. ക്രി.ശേ. 1600 ആയപ്പോഴേക്കും ഉത്തരേന്ത്യയില്‍ നിന്നുള്ള ചക്രവര്‍ത്തിമാരുടെ ഭീഷണിയെ ചെറുക്കാന്‍ ശേഷിയുള്ള സൈനിക മേധാവിയായി അംബര്‍ മാറിയിരുന്നു. അക്ബര്‍, ജഹാന്‍ഗീര്‍ എന്നീ ശക്തരായ മുഗള്‍ രാജാക്കന്‍മാരെയാണ് അംബറിനു നേരിടേണ്ടിവന്നത്. 25 വര്‍ഷം അംബര്‍ മുഗള്‍ അധിനിവേശം ദക്ഷിണ-മധ്യേന്ത്യയിലേക്കു പടരാതെ തടഞ്ഞുനിര്‍ത്തി. 1620 ആയതോടെ അംബറിന്റെ സൈന്യം 50,000 ആയി വളര്‍ന്നു. 40,000 മറാത്ത ഹിന്ദുക്കളും 10,000 ആഫ്രിക്കക്കാരുമാണ് സൈന്യത്തില്‍ ഉണ്ടായിരുന്നത്. നിസാമിന്റെ പിന്‍ഗാമികളായി അംബര്‍ രണ്ടു രാജകുമാരന്‍മാരെ അധികാരത്തിലേറ്റിയിരുന്നു. അധികാരത്തിലിരിക്കാന്‍ ഒരിക്കലും തയ്യാറാവാതിരുന്ന അംബര്‍ മന്ത്രിയെന്ന നിലയില്‍ രാജസിംഹാസനത്തിനപ്പുറം വളര്‍ന്നിരുന്നു. അസാധാരണമായ ഒളിയുദ്ധതന്ത്രങ്ങളായിരുന്നു അംബറിന്റെ ശക്തി. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ സൈനിക സഖ്യങ്ങള്‍ രൂപപ്പെടുത്തിയ അംബര്‍ ബ്രിട്ടനില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു മുഗളന്‍മാര്‍ക്കെതിരേ യുദ്ധം ചെയ്തു. വൈകാതെ ജാന്‍ജിറ ദ്വീപും അംബറിന്റെ നിയന്ത്രണത്തിലായി. ദക്ഷിണേന്ത്യയിലേക്ക് മുഗളന്‍മാരെ പ്രവേശിപ്പിക്കാതെ പ്രതിരോധം തീര്‍ത്ത അംബറിനെ ‘കറുത്ത റെബല്‍’ എന്നാണ് മുഗളന്‍മാര്‍ വിളിച്ചിരുന്നത്. അംബര്‍ പണിത കദ്കി നഗരം അക്കാലത്തെ ഏറ്റവും മികച്ചവയില്‍ ഒന്നായിരുന്നു. സുന്ദരമായ നിരവധി നഗരങ്ങള്‍ പണിത അംബര്‍ ജലവിതരണ സംവിധാനവും ഹിന്ദു-മുസ്‌ലിം കലകളും കൊണ്ട് അതിനെ സമ്പന്നമാക്കി. 1626ല്‍ അംബര്‍ മരിക്കുമ്പോള്‍ ഡെക്കാന്‍ മേഖലയിലെ ഏറ്റവും മികച്ച ഭരണാധികാരിയായി അറിയപ്പെട്ടിരുന്നു. അക്കാലത്ത് അംബറിന്റെ സഹായം തേടിയവരിലൊരാള്‍ മറാത്ത ഭരണാധികാരി ശിവജിയുടെ പിതാവ് ശഹാജിയായിരുന്നു. ശിവജിയും അംബറിനു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്കുജി ജാദവ് റാവു, മലോജി ബോസ്‌ലെ, ശഹാജി ബോസ്‌ലെ തുടങ്ങിയ മറാത്ത ജനറല്‍മാര്‍ അക്കാലത്ത് മുഗള്‍ ആക്രമണം കൊണ്ട് വശംകെട്ടവരായിരുന്നു. എന്നാല്‍, അഹ്മദ് നഗര്‍ ആക്രമിച്ച മുഗളന്‍മാരെ തോല്‍പിച്ച അംബറിന്റെ സഹായം ഇവര്‍ തേടി. ഇവരോടൊപ്പം ചേര്‍ന്ന അംബര്‍ മുഗളന്‍മാര്‍ പിടിച്ചെടുത്ത അഹ്മദ്‌നഗര്‍ കോട്ടയും നഗരങ്ങളും തിരിച്ചുപിടിച്ചു. എന്നാല്‍, പിന്നീട് മറാത്ത ജനറല്‍മാര്‍ പലരും മുഗളന്‍മാര്‍ക്കൊപ്പമായി. അംബര്‍ മുഗളന്‍മാരോട് തോറ്റു. എന്നാല്‍, ശക്തമായ ഗറില്ലാ ആക്രമണത്തിലൂടെ അംബര്‍ പോരാട്ടം തുടര്‍ന്നു. 80ാമത്തെ വയസ്സിലാണ് അംബര്‍ മരിക്കുന്നത്. ***************മധ്യകാലഘട്ടത്തിലെ മുസ്‌ലിം വില്ലന്‍മാരെക്കുറിച്ചുള്ള സങ്കല്‍പമാണ് ആധുനിക കാലത്തെ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും കാരണമാവുന്നതെന്നു പറയാറുണ്ട്. ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ രാജ്യത്തെ സംസ്‌കാരത്തെയും സമൂഹത്തെയും നശിപ്പിച്ചുവെന്നാണ് 21ാം നൂറ്റാണ്ടിലും സങ്കല്‍പം.  ആറാമത്തെ മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബാണ് പ്രധാന വില്ലന്‍. ഔറംഗസീബ് നിരവധി അമ്പലങ്ങള്‍ തകര്‍ത്തുവെന്നു പ്രചരിപ്പിക്കുന്നവരാണ് ഹിന്ദുത്വര്‍. എന്നാല്‍, അമ്പലങ്ങള്‍ തകര്‍ക്കുന്ന പതിവ് ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികള്‍ക്കു മുമ്പുതന്നെ ഹിന്ദു ഭരണാധികാരികള്‍ തുടങ്ങിവച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. പള്ളികളും അമ്പലങ്ങളും തകര്‍ക്കുകയെന്നത് അക്കാലത്തെ യുദ്ധങ്ങളിലെ പതിവുരീതിയായിരുന്നു. 49 വര്‍ഷം ഇന്ത്യ ഭരിച്ച ഔറംഗസീബും ചില ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാല്‍, അതു വിശ്വാസത്തെ തകര്‍ക്കുക എന്ന അര്‍ഥത്തിലായിരുന്നില്ല. രാഷ്ട്രീയ വിപ്ലവങ്ങള്‍ അടിച്ചമര്‍ത്തിയതിനു പിന്നാലെ അതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു പതിവ്. ചിലത് ഭാവിയില്‍ അത്തരം വിപ്ലവങ്ങള്‍ ഉണ്ടാകാതിരിക്കാനും തകര്‍ത്തിട്ടുണ്ട്. രാജ്യസുരക്ഷയായിരുന്നു ഇതിലെ പ്രശ്‌നം. അതോടൊപ്പം തന്നെ നിരവധി അമ്പലങ്ങള്‍ സംരക്ഷിക്കാനും നിര്‍മിക്കാനും ഔറംഗസീബ് ഉത്തരവിട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തടസ്സമുണ്ടാക്കരുതെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഔറംഗസീബ് രാജ്യം ഭരിച്ചിരുന്ന കാലത്ത് നിരവധി മുസ്‌ലിം പള്ളികള്‍ തകര്‍ത്തിട്ടുണ്ട്. അക്കാലത്തെ ഹിന്ദു രാജാക്കന്‍മാര്‍ ഒരുപോലെ പള്ളികളും അമ്പലങ്ങളും തകര്‍ത്തു. ഔറംഗസീബ് തന്നെ ചക്രവര്‍ത്തിയായിരുന്ന കാലത്തായിരുന്നു ഇത്. ഓണ്‍ ബീറ്റ്: അമേരിക്ക കണ്ടുപിടിച്ചത് ക്രിസ്റ്റഫര്‍ കൊളംബസാണോ? അല്ലെന്നാണ് ‘ഹൂ വാസ് ഫസ്റ്റ്? ഡിസ്‌കവറിങ് ദി അമേരിക്കാസ്’ എന്ന പുസ്തകത്തില്‍ റസ്സല്‍ ഫ്രീഡം പറയുന്നത്. അമേരിക്കയില്‍ എത്തിയ ആദ്യ യൂറോപ്യന്‍മാരില്‍ ഒരാള്‍ മാത്രമാണ് കൊളംബസ് എന്നു പുസ്തകം പറയുന്നു. ഐറിസ് സന്യാസിമാര്‍, ചൈനക്കാര്‍ തുടങ്ങിയവരെല്ലാം അതിന് ഏറെക്കാലം മുമ്പുതന്നെ അമേരിക്കയില്‍ എത്തിയിരുന്നു. അമരിന്ത്യക്കാര്‍ ക്രൂരന്മാരും നരബലി നടത്തുന്നവരുമാണെന്ന പ്രചാരണവും തെറ്റാണ്. സംസ്‌കാരം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ അക്കാലത്തെ യൂറോപ്യന്‍മാരേക്കാള്‍ മികച്ചവരായിരുന്നു അമരിന്ത്യക്കാര്‍. ഗോത്രങ്ങള്‍ക്കിടയിലെ യുദ്ധങ്ങളും പിടിച്ചെടുക്കലുകളും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ യൂറോപ്യന്മാരുടെ അത്ര ക്രൂരതയുള്ളവരായിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss