|    Dec 19 Tue, 2017 3:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അംജദിന്റെ സ്മരണകളില്‍ മാതാവ്, മൊയ്തീന്റെ ഓര്‍മകളില്‍ മുക്കവും

Published : 15th July 2016 | Posted By: sdq

moideen and teamമുക്കം: വീണ്ടുമൊരു ജൂലൈ 15. കാലവര്‍ഷം കൊടുമ്പിരികൊണ്ടിരുന്ന ഇതുപോലൊരു ജൂലൈ 15നാണ് ചേന്ദമംഗല്ലൂര്‍ സ്വദേശിനി ആയിഷയുടെ പ്രിയപുത്രന്‍ അംജദിനെ ഇരുവഴിഞ്ഞിപ്പുഴ തട്ടിയെടുത്തത്. ഒപ്പം മുക്കം നിവാസികളുടെ കണ്ണിലുണ്ണിയായ ബി പി മൊയ്തീന്‍ എന്ന ധീരനായ യുവാവിനെയും.
തെയ്യത്തുംകടവ് തോണി അപകടത്തിന് 34 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പുഴയെടു—ത്ത തന്റെ രണ്ടാമത്തെ മകന്റെ ഓര്‍മകളില്‍ ഈറനണിയുകയാണ് ആയിഷ. നിരവധി പേരെ രക്ഷിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ ബി പി മൊയ്തീനെ ജീവനറ്റ ശരീരമായി കരക്കത്തെിച്ചപ്പോഴും രണ്ടു വയസ്സുകാരന്‍ അംജദ് മോനെ പുഴ കവര്‍ന്നെടുക്കുകയായിരുന്നു. അനശ്വര പ്രണയത്തിന്റെ മായാത്ത ഓര്‍മകള്‍ സമ്മാനിച്ച് എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലൂടെ ബി പി മൊയ്തീന്‍ ഇന്ന് മുഴുവന്‍ മലയാളികളുടെ മനസ്സിലും ജീവിക്കുകയാണ്. അന്ന് തന്റെ മകനോടൊപ്പം ആഴക്കയത്തില്‍ മുങ്ങിപ്പോവുമായിരുന്ന ജീവിതം ആയിഷയ്ക്ക് തിരിച്ചുനല്‍കിയത് ബി പി മൊയ്തീനായിരുന്നു.
1982 ജൂലൈ 15ന്, കൊടിയത്തൂര്‍ തെയ്യത്തുംകടവില്‍ നടന്ന ആ ദുരന്തത്തില്‍ ആയിഷയ്ക്കും ഭര്‍ത്താവ് നമ്പുത്തൊടിക കോയസ്സന്‍ മാസ്റ്റര്‍ക്കും നഷ്ടപ്പെട്ടത് മകന്‍ അംജദ്‌മോനെയായിരുന്നു. നാട്ടുകാര്‍ക്കാവട്ടെ തങ്ങളുടെ വീരപുത്രന്‍ ബി പി മൊയ്തീനെയും. കൊടിയത്തൂര്‍ സ്വദേശിയും മൊയ്തീന്റെ ബന്ധുവുമായ എം എം ഉസ്സന്‍കുട്ടിയെയും. ഒഴുക്കില്‍പ്പെട്ട പലരെയും രക്ഷപ്പെടുത്തിയ ശേഷമാണ് മൊയ്തീന്‍ ചുഴിയില്‍പ്പെടുന്നത്. പിറ്റേന്ന് രാവിലെയും വൈകുന്നേരവുമായി ഇരുവരുടെയും മൃതശരീരം കിട്ടിയപ്പോള്‍ അംജദ്‌മോനെ ഇരുവഴിഞ്ഞി തിരിച്ചുതന്നില്ല. ഇരുവഴിഞ്ഞിയില്‍ സ്വജീവന്‍ ഒഴുകിപ്പോവുന്നത് വകവയ്ക്കാതെ സഹജീവിക്കായി കൈനീട്ടിയ മൊയ്തീനെ എന്ന് നിന്റെ മൊയ്തീന്‍’സിനിമയിലൂടെ കേരളം നെഞ്ചേറ്റിയത് കണ്ണീരോര്‍മക്കിടയിലും നാട്ടുകാര്‍ക്ക് ആഹ്ലാദം പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss